kerala weather 23/04/24: അറബിക്കടലില്‍ നിറയെ മഴ മേഘങ്ങള്‍, പക്ഷേ മഴ സാധ്യത കുറവ്, എന്തുകൊണ്ട്?
അറബി കടലില്‍ കേരളത്തിന് സമീപം നിറയെ മഴ മേഘങ്ങള്‍, ലക്ഷദ്വീപിനു സമീപം മഴ ലഭിക്കുകയും ചെയ്യുന്നു. ഇന്നും നാളെയും കേരളത്തില്‍ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന മുന്‍ കാലാവസ്ഥാ പ്രവചനത്തില്‍ മാറ്റം. ഇന്നു കൂടി മഴയെ കാത്തിരിക്കാം. പിന്നെ വരണ്ട കാലാവസ്ഥയാണ്. എന്താണ് കാരണം.
ഈ മേഘങ്ങള്‍ മഴ നല്‍കുമോ
ഇന്ന് ഉച്ചയ്ക്കുള്ള ഉപഗ്രഹ ചിത്രത്തില്‍ കാണുന്ന ലക്ഷദ്വീപിന് സമീപത്തെ വലിയ മേഘക്കൂട്ടം ഉച്ചയ്ക്ക് ശേഷം കരയറി മഴ നല്‍കിയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ അതിനുള്ള സാധ്യത വിരളമാണ്. ദുര്‍ബലമായ പടിഞ്ഞാറന്‍ കാറ്റാണ് അതിനു കാരണം. കാലവര്‍ഷ സീസണ്‍ ആണെങ്കില്‍ ഈ മേഘങ്ങള്‍ കനത്ത മഴ തന്നെ സമ്മാനിക്കുമായിരുന്നു.
കാലവര്‍ഷ സീസണിലെ തെക്കുപടിഞ്ഞാറന്‍ കാറ്റാണ് മഴ നല്‍കാന്‍ കാരണം. ഈ കാറ്റ് അറബിക്കടലിലെ മേഘങ്ങളെ കരയിലേക്ക് കൊണ്ടുവന്ന് മഴ നല്‍കുകയാണ് ചെയ്യുക. ഇപ്പോള്‍ കടലില്‍ കാണുന്ന മേഘങ്ങള്‍ ലക്ഷദ്വീപില്‍ മിനിക്കോയിയില്‍ മഴ നല്‍കും. ഇപ്പോള്‍ പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമാണ്. അതിനാല്‍ ഈ മേഘങ്ങള്‍ കടലില്‍ പെയ്തു പോകുകയാണ് ചെയ്യുക.
മഴ കടലിലേക്ക് മാറി
ഇന്നും നാളെയും കേരളത്തില്‍ കനത്തു പെയ്യുമെന്ന് നേരത്തെ കണക്കുകൂട്ടിയ മഴ കടലിലേക്ക് മാറിയിട്ടുണ്ടെന്ന് ഇന്ന് പുലര്‍ച്ചെ ഞങ്ങളുടെ വെതര്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ കോഴിക്കോട് മുതല്‍ മലപ്പുറം വരെ തീരദേശമേഖലയില്‍ മഴ സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ഭാഗത്തെ മഴ ഏതാനും കിലോമീറ്റര്‍ കരയില്‍ നിന്ന് മാറി കടലിലാണ് വീണത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു ഇത്.
എന്നാല്‍ ഇന്നലെ പുലര്‍ച്ചെ തൃശൂരിലെ ചാവക്കാട്, പീച്ചി, കാസര്‍കോട്ടെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. ഉച്ചയ്്ക്കു ശേഷം കോട്ടയം ജില്ലയിലെ ഏതാണ്ട് എല്ലായിടത്തും മഴ ലഭിച്ചു. പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഴ ലഭിച്ചു.
കേരള തീരത്തെ കാലാവസ്ഥ
കേരള തീരത്ത് ഒരു ന്യൂനമര്‍ദപാത്തിയും (Trough) കാറ്റിന്റെ ഗതിമുറിവും (Line of wind discountinuity – LWD) ഉണ്ട്. നേരത്തെ ഇത് വടക്കന്‍ തമിഴ്‌നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെയായിരുന്നു. ഇന്ന് ഇത് വടക്കന്‍ കേരളം മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭയിലേക്ക് മാറിയിട്ടുണ്ട്. അതിനാല്‍ വടക്കന്‍ കേരളത്തില്‍ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയും ഇടിയോടെ മഴ സാധ്യത പൂര്‍ണമായി തള്ളിക്കളയാനായിട്ടില്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശത്താണ് മഴ സാധ്യത.
തെക്കന്‍ കേരളത്തിലും മഴ
തെക്കന്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ജില്ലകളിലും ഇന്ന് ഇടത്തരം മഴ സാധ്യത. എന്നാല്‍ പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഒറ്റപ്പെട്ട ചാറ്റല്‍ മഴ സാധ്യത.