മഴ: മലയോരമേഖലയിൽ ജാഗ്രത; മത്സ്യബന്ധനത്തിന് വിലക്ക്

കേരളത്തിൽ ഇന്നും മഴ തുടരും. വടക്കൻ കേരളത്തിൽ ശക്തമായ മഴക്കാണ് സാധ്യത. അതിനാൽ മലയോര മേഖലകളിൽ ജാഗ്രത തുടരാൻ നിർദ്ദേശമുണ്ട്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

അതേസമയം മധ്യകേരളത്തിൽ ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്പെടും. തെക്കൻ കേരളത്തിൽ വൈകിട്ട് മുതൽ മഴ സജീവമാകും. തെക്കൻ കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതിനാൽ ആണ് വടക്കൻ കേരളത്തിൽ മഴ ശക്തിപ്പെടുന്നത്. പുഴകളിലെ ജലനിരപ്പ് സമീപവാസികൾ നിരീക്ഷിക്കുകയും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം. മലയോര മേഖലകളിൽ നിന്നും മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയുള്ളതിനാൽ പുഴകളിലോ തോട്ടിലോ ഇറങ്ങി കുളിക്കുകയോ മീൻ പിടിക്കുകയോ ചെയ്യരുത്.

Leave a Comment