ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു; നോയിഡയിലെ ഇക്കോടെക് 3 പ്രദേശം വെളളത്തിനടിയിൽ

ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നോയിഡയിലെ ഇക്കോടെക് 3 എന്ന പ്രദേശം വെളളത്തിനടിയിലായി.നദിയോട് ചേര്‍ന്നുള്ള വീടുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങി കിടന്നിരുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുളള നടപടികള്‍ തുടരുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മൂന്ന് മണിയോടെ ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നു. ഇൻഷുറൻസ് പ്രീമിയം അടക്കാത്തതിനെ തുടർന്ന് പിടിച്ചെടുത്ത കാറുകൾ പാർക്ക് ചെയ്തിരുന്ന ഏരിയയിലും വെള്ളം കയറി. വെള്ളത്തിനടിയിൽ ഏകദേശം 300 കാറുകളാണ് കുടുങ്ങി കിടക്കുന്നത്. കാറുകളുടെ മുകളറ്റം വരെ ജലനിരപ്പ് ഉയര്‍ന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

എന്നാൽ കാർ പാർക്കിങ് ഏരിയ ഒരു സ്വകാര്യ കമ്പനി അനധികൃതമായി നിർമിച്ചതാണെന്നും പല തവണ കാറുകൾ അവിടെ നിന്ന് മാറ്റണമെന്ന് ഉത്തരവ് നൽകിയതാണെന്നും ഗൗതം ബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് എൻഐഎ നൽകിയ വാർത്തയ്ക്ക് മറുപടിയായി പറഞ്ഞു. ഇക്കാരണം കൊണ്ടാണ് കാറുകൾ മുങ്ങിയതെന്നും ആളപായമില്ലെന്നും അദ്ദേഹം പറഞ്ഞു.


നോയിഡയിലും ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും പുലര്‍ച്ചെ ചെറിയ രീതിയില്‍ മഴ ലഭിച്ചിരുന്നു. യമുനാ നദിയിലെ ജലനിരപ്പ് 205.3 മീറ്ററില്‍ നിന്ന് ഉച്ചയോടെ 205.4 മീറ്ററിലേക്ക് ഉയര്‍ന്നിരുന്നു. യമുനയുടെ കൈവഴിയാണ് ഹിന്‍ഡന്‍ നദി. ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ ബഹ് ലോല്‍പൂര്‍, ലഖ്‌നാവലി, ചോത്പൂര്‍, കോളനി, ഛജാര്‍സി എന്നിവടങ്ങളിലെ 200 വീടുകളെങ്കിലും വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. നദിയില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഡല്‍ഹിൽ നിലവിൽ മഴയുടെ മുന്നറിയിപ്പൊന്നും ഇല്ല. എന്നാല്‍ ഇന്ന് രാത്രി മുതല്‍ നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Comment