ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മഴ നൽകിയ അന്തരീക്ഷസ്ഥിതിയിൽ മാറ്റം വന്നതോടെ വേനൽ മഴ കിഴക്കൻ ഇന്ത്യയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴയെ തുടർന്ന് 10 പേരാണ് മരിച്ചത്. രാജസ്ഥാന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയും പശ്ചിമവാതത്തിന്റെ സ്വാധീനവുമാണ് മധ്യ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സംസ്ഥാനത്തും മഴ ശക്തിപ്പെടുത്തിയത്. അറബിക്കടലിൽ നിന്നുള്ള ന്യൂനമർദപാത്തി വഴി ഈർപ്പ പ്രവാഹം കൂടുകയും ശക്തമായി മഴ ലഭിക്കുകയും ചെയ്തു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നല്ല മഴ ലഭിച്ച നാലു ദിവസമാണ് കടന്നു പോയത്. ഉത്തരേന്ത്യയിൽ വിളനാശവും റവന്യൂ നഷ്ടവും ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലെ മറാത്ത വാഡയിൽ 4,950 ഹെക്ടർ കൃഷി നശിച്ചു. അഞ്ചു പേരാണ് ഇവിടെ മരിച്ചത്. പർബാനി ജില്ലയിൽ നിന്നുള്ളവരാണ് മരിച്ചവർ. 23 പേർക്ക് പരുക്കേറ്റു. ഗുജറാത്തിലും 5 പേർ മരിച്ചു. മാർച്ച് നാലു മുതൽ ഗുജറാത്തിൽ മഴക്കെടുതിയിൽ 12 മരണമാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ മിന്നലേറ്റാണ് പലരും മരിച്ചത്. വെള്ളിയാഴ്ച രണ്ടു പേർ രാജസ്ഥാനിൽ മിന്നലേറ്റ് മരിക്കുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മഴ ഇനി കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്
പടിഞ്ഞാറൻ തീരത്തിന് മഴ കുറയുകയും കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മഴ നീങ്ങുകയും ചെയ്യുന്ന സാഹചര്യമാണ് ഇനിയുള്ളത്. വടക്കുകിഴക്കൻ രാജസ്ഥാൻ മുതൽ പശ്ചിമ ബംഗാൾ വരെ നീളുന്ന ന്യൂനമർദ പാത്തി ഉത്തർപ്രദേശിനും തെക്കൻ ബിഹാറിനും മുകളിലൂടെയാണ് കടന്നു പോകുന്നത്. മറ്റൊരു ന്യൂനമർദ പാത്തി തെക്കൻ ഉൾനാടൻ കർണാടക മുതൽ ബംഗാൾ വരെ ആന്ധ്രപ്രദേശ്, ഒഡിഷ വഴി കടന്നു പോകുന്നു. അടുത്ത 73 മണിക്കൂർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും ഈ അന്തരീക്ഷസ്ഥിതി കാരണമാകുമെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു. ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നവർ കാലാവസ്ഥാ അപ്‌ഡേഷനകളും മുന്നറിയിപ്പുകളും ഉറപ്പുവരുത്തണം. അസമിന്റെ ഭാഗത്ത് ചക്രവാതച്ചുഴിയും രൂപപ്പെട്ടതിനാൽ ഈ സംസ്ഥാനങ്ങളിൽ മഴ അതിശക്തമായേക്കും. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ മേഖലയിലും ഈ മാസം 23 വരെ മഴയുണ്ടാകും.