കഴിഞ്ഞ ഒരാഴ്ചയായി ഗബ്രിയല്ലെ ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയം രൂക്ഷമായ ന്യൂസിലന്റിലും ഒരാഴ്ചയായി തോരാമഴയെ തുടർന്ന് പ്രളയത്തിൽ പ്രയാസപ്പെടുന്ന ദക്ഷിണാഫ്രിക്കയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗബ്രിയല്ലെ ചുഴലിക്കാറ്റിനെ തുടർന്നാണ് ന്യൂസിലന്റിൽ പ്രളയമുണ്ടായത്.
ന്യൂസിലന്റിൽ 51 ലക്ഷം പേരെ പ്രളയം ബാധിച്ചു. ന്യൂസിലന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ലന്റിൽ കഴിഞ്ഞ ദിവസങ്ങളിൽ 20 സെ.മി വരെ മഴ ലഭിച്ചു. 140 കി.മി വേഗത്തിലാണ് ഗബ്രിയല്ലെ വീശിയടിച്ചത്. ഒരു ലക്ഷത്തിലധികം പേർക്കാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. ന്യൂസിലന്റിലെ മൂന്നിൽ രണ്ടു ജനസംഖ്യയുമുള്ള നോർത്ത് അയലന്റിലാണ് ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ചത്.
എമർജൻസി മാനേജ്‌മെന്റ് മന്ത്രി കിരാൻ മക് ആനുൾടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആറു മേഖലകളിൽ നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതാണ് രാജ്യവ്യാപകമായി വ്യാപിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയിലും ഒരാഴ്ചയായി മഴ തുടരുകയാണ്. 12 പേർ മരിച്ചു. ക്രുഗെർ ദേശീയ പാർക്കിനെയും പ്രളയം ബാധിച്ചു. 20 സെ.മി മഴയാണ് പലയിടത്തും റിപ്പോർട്ട് ചെയ്തത്.
ദിവസങ്ങളായി പലയിടത്തും വൈദ്യുതിയും മുടങ്ങിയതോടെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. സഹകരണ ഭരണ, പരമ്പരാഗത കാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
പുമലാംഗ, കിഴക്കൻ കേപ് പ്രവിശ്യ എന്നിവിടങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. ഇവിടങ്ങളിൽ ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ 9 ൽ ഏഴു പ്രവിശ്യകളിലും തോരാമഴയാണ്.