മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 ൽ നിലനിർത്തി തമിഴ്‌നാട്. ഇന്നലെ രാവിലെയാണ് ഡാമിൽ 142 അടിയിൽ ജലനിരപ്പ് എത്തിയത്. ന്യൂനമർദത്തെ തുടർന്ന് വൃഷ്ടിപ്രദേശത്തെ വനത്തിൽ കനത്ത മഴ പെയ്തതും വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നത് കുറച്ചതുമാണ് ജലനിരപ്പ് കൂടാൻ ഇടയാക്കിയത്. തമിഴ്‌നാട് ലോവർ ക്യാംപിലെ വൈദ്യുതി ഉൽപാദനം നിർത്തിവച്ചതും ജലനിരപ്പ് 142 അടിയിലെത്താൻ ഇടയാക്കി.
ഡാം തുറക്കാൻ സാധ്യതയില്ല
വെള്ളം 142 അടിയിലെത്തിയതോടെ ഡാമിന്റെ സ്പിൽവേകൾ തുറക്കാൻ സാധ്യതയില്ല. വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിയിട്ടുണ്ട്. നീരൊഴുക്കിനേക്കാൾ കൂടുതൽ വെള്ളം തമിഴ്‌നാട് ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷട്ടർ തുറക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഇനിയും ശക്തമായ മഴ പെയ്താലേ ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടാകൂവെന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥർ നൽകുന്ന സൂചനയെന്ന് മെറ്റ്ബീറ്റ് ന്യൂസ് പ്രതിനിധി പറഞ്ഞു. സെക്കൻഡിൽ 1752 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1867 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. റൂൾ കർവ് പ്രകാരം ജൂൺ വരെ 142 അടി വെള്ളം മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാടിന് നിലനിർത്താം.
മഴക്ക് സാധ്യതയില്ല
ന്യൂനമർദം അകലുകയും തമിഴ്‌നാടിനു മുകളിൽ അതിമർദം രൂപപ്പെടുകയും ചെയ്യുന്നതിനാൽ പ്രദേശത്ത് ജൂൺ 6 വരെ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നു. അടുത്ത ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ചെറിയ മഴ പ്രദേശത്ത് ഇന്നും നാളെയും സാധ്യതയുണ്ടെങ്കിലും നീരൊഴുക്കിനെ ബാധിക്കില്ല.