ഭൂചലനം: മരണസംഖ്യ 820 ആയി: പൈതൃക ഗ്രാമം പ്രേതഭൂമിയായി..

ഭൂചലനം: മരണസംഖ്യ 820 ആയി: പൈതൃക ഗ്രാമം പ്രേതഭൂമിയായി..

മൊറോക്കോയില്‍ 60 വര്‍ഷത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനം. 820 പേര്‍ ഭൂചലനത്തില്‍ മരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇക്കാര്യം ദേശീയ ടെലിവിഷനാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 672 പേര്‍ക്ക് പരുക്കേറ്റതായും ഔദ്യോഗിക സ്ഥിരീകരണമുണ്ട്. സഞ്ചാരികളുടെ പറുദീസയായ മറാക്കേഷ് നഗരത്തിലാണ് ഭൂചലനം ദുരന്തം വിതച്ചത്. ഏറ്റവും കൂടുതല്‍ മരണവും ഇവിടെയാണ്.

ഭൂചലനം: മരണസംഖ്യ 820 ആയി

വലിയ കെട്ടിടങ്ങള്‍ നിമിഷങ്ങള്‍ക്കകം നിലം പൊത്തുകയായിരുന്നുവെന്നും ഉറങ്ങിക്കിടക്കുന്നവര്‍ അപകടത്തില്‍പ്പെട്ടുവെന്നും പ്രദേശവാസികള്‍ പറയുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ മൊറോക്കോയിലെ അറ്റ്‌ലസ് പര്‍വത മേഖലയില്‍ 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായി. പര്‍വത മേഖലയിലുള്ളവരാണ് മരിച്ചവരില്‍ കൂടുതലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പൈതൃക നഗരി പ്രേതഭൂമിയായി

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മറാക്കേഷില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സമീപ രാജ്യങ്ങള്‍ ആദ്യ സംഘം രക്ഷാപ്രവര്‍ത്തകരെ അയച്ചു. ഭൂചലന പ്രഭവ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള മേഖലയാണ് മറാക്കേഷ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ നിരവധി പൈതൃക കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. മനോഹരമായ പുരാതന നഗരങ്ങളും പള്ളികളും ഈ നഗരത്തിന്റെ മോടി കൂട്ടുന്നു.

സഞ്ചാരികളുടെ പറുദീസയായ ഇവിടെ ഇപ്പോള്‍ പ്രേതനഗരി പോലെയായെന്ന് നാട്ടുകാര്‍ പറയുന്നു. സഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നായ ജമാ അല്‍ ഫനാ ചത്വരത്തിലെ പള്ളിയുടെ മിനാരവും തകര്‍ന്നു. പുരാതന മറാക്കേഷ് നഗരത്തിന്റെ ആകര്‍ഷണങ്ങളിലൊന്നാണ് ഈ പള്ളി. ഇവിടെയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തുറന്ന ഇടങ്ങളില്‍ ആശുപത്രി

എല്ലാം ദൈവീകമായ തീരുമാനമാണെന്നും ഞങ്ങള്‍ വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് നാട്ടുകാരനായ മിലൗദ് സ്‌കറൗത്ത് പറഞ്ഞു. ഇവിടെ 150 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയുടെ പുറത്ത് ചികിത്സ നല്‍കുകയാണ്. വീണ്ടും ഭൂചലനമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തുറന്ന ഇടങ്ങളിലാണ് ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്.

തന്റെ മുറി തൊട്ടിലില്‍ ആടുന്നതുപോലെ അനുഭവപ്പെട്ടുവെന്ന് ഓസ്‌ട്രേലിയന്‍ സഞ്ചാരി പറഞ്ഞു. ബാഗും വസ്ത്രങ്ങളും മറ്റുമെടുത്ത് ഓടി പുറത്തിറങ്ങി രക്ഷപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു.

എട്ടു പ്രവിശ്യകളെ ബാധിച്ചു

ജനങ്ങള്‍ ശാന്തരായി സമാധാനത്തോടെ കഴിയാന്‍ മൊറോക്കോ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. അല്‍ ഹാവോസ്, ഒര്‍സാസ്‌തേ, മറാക്കേഷ്, അസിലാല്‍, ഷിഷാഓഹ, തറൗഡന്റ് തുടങ്ങിയ പ്രവിശ്യകളെയാണ് ഭൂചലനം സാരമായി ബാധിച്ചത്. പടിഞ്ഞാറന്‍ മേഖലയില്‍ തറോടന്റിലും ഭൂചലനമുണ്ടായി.

മൊറോക്കന്‍ ജിയോഫിസിക്കല്‍ സെന്ററിന്റെ വിവരം അനുസരിച്ച് രാത്രി 11 നാണ് ഭൂചലനമുണ്ടാകുന്നത്. ഹൈ അറ്റ്‌ലസിലെ ഇഗ്ഹിലില്ലാണ് ഭൂചലന പ്രഭവ കേന്ദ്രം. മറാക്കേഷിന് തെക്കുപടിഞ്ഞാറായി 70 കി.മി അകലെയാണ് കാര്‍ഷിക ഗ്രാമമായ ഇഗ്ഹില്‍.

ഭൂചലനം: മരണസംഖ്യ 820 ആയി: പൈതൃക ഗ്രാമം പ്രേതഭൂമിയായി..
ഭൂചലനത്തിൽ തകർന്ന കാർ

 

1960 ല്‍ കൊല്ലപ്പെട്ടത് 12,000 പേര്‍

1960 ന് ശേഷം മൊറോക്കോയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണിത്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് അനുസരിച്ച് അന്ന് 12,000 പേരാണ് ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്.

സ്‌പെയിനിലും പ്രകമ്പനം

ഇന്നലെയുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം സ്‌പെയിനിലും ഉണ്ടായി. തെക്കന്‍ സ്‌പെയിനിലെ ആന്‍ഡോള്‍ഷ്യ, ജായീന്‍, ഹുയേല്‍വ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സ്പാനിഷ് ടെലിവിഷനായ ആര്‍.ടി.വി.ഇ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. അരലക്ഷം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment