മൊറോക്കോ ഭൂകമ്പം: മരണം 2000 കടന്നു ; തുടർ ചലനം ഭയന്ന് ജനങ്ങൾ

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം രണ്ടായിരം കടന്നു. ഏകദേശം 1500ലധികം പേർ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ പലരുടേയും നില ഗുരുതരമാണെന്ന് മൊറോക്കൻ സർക്കാർ അറിയിച്ചു. കെട്ടിടങ്ങൾക്കടിയിൽ കൂടുതൽപേർ കുടുങ്ങികിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഭൂകമ്പം ഭയന്ന് രണ്ടാംദിനവും ജനങ്ങള്‍ തെരുവിലാണ് കിടന്നുറങ്ങിയത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മോറോക്കോ രാജാവ് മുഹമ്മദ് ആറാമൻ രാജാവ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്ക് താമസവും, ഭക്ഷണവും മറ്റ് സഹായങ്ങളും ഉറപ്പാക്കുമെന്നും രാജാവ് അറിയിച്ചു. രക്ഷാപ്രവര്‍ത്തന സംഘങ്ങളെ സഹായിക്കാന്‍ രാജാവ് സായുധസേനകൾക്ക് നിർദേശം നൽകി.

മൊറോക്കോ ഭൂകമ്പം: മരണം 2000 കടന്നു ; തുടർ ചലനം ഭയന്ന് ജനങ്ങൾ

 മരണസംഖ്യ കൂടുതൽ അൽ ഹൗസ് പ്രവിശ്യയിൽ

അൽഹൗസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണമുണ്ടായിരിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറാക്കാഷിലെ യുനെസ്കോ സംരക്ഷിത മധ്യകാലഘട്ടത്തിലെ കെട്ടിടങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മലയോര പ്രദേശത്തെ വീടുകളെല്ലാം പൂര്‍ണമായും പൊളിഞ്ഞനിലയിലാണ്. കല്ലും മണ്ണും ഇഷ്ടികയുമുപയോഗിച്ച് പണിത വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

ഭൂകമ്പത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ കൂടുതൽ സമയമെടുക്കുമെന്നാണ് മൊറോക്കൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച മാരുക്കേഷ് നഗരത്തിന്റെ തെക്ക്-പടിഞ്ഞാറായി 71 കിലോമീറ്റർ (44 മൈൽ) മാറി ഹൈ അറ്റ്‌ലസ് പർവതനിരകളാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

രാജ്യത്തിന്റെ തെക്കൻ പ്രവശ്യകളിലാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പം കനത്തനാശം വിതച്ചത്. പർവതപ്രദേശങ്ങളിൽ ഭൂചലനത്തിന്റെ ആഴം കൂടുതലാണെന്നാണ് വിലയിരുത്തല്‍. പ്രഭവകേന്ദ്രത്തിന് 350 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ റബാറ്റിലും കാസബ്ലാങ്ക, അഗാദിർ, എസ്സൗയിറ എന്നീ മേഖലകളിലും ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.

1960ന് ശേഷം ആദ്യമായാണ് ഇത്ര തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മൊറോക്കോയിൽ അനുഭവപ്പെടുന്നത്. സ്‌പെയിന്‍ , ഫ്രാന്‍സ്, ഇസ്രയേല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ മോറോക്കോയ്ക്ക് ആവശ്യമായ സഹായം വാദ്ഗാനം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി യുഎന്‍ സൈന്യവും മോറോക്കോയിലെത്തി. സമീപവര്‍ഷങ്ങളില്‍ നയതന്ത്ര ബന്ധം മികച്ചതല്ലായിരുന്നെങ്കിലും, രക്ഷാദൗത്യത്തിനായി വ്യോമാതിര്‍ത്തി തുറന്നുനൽകാൻ അയല്‍രാജ്യമായ അൾജീരിയയും സന്നദ്ധരായി.

2023 സെപ്റ്റംബർ എട്ടിന് മൊറോക്കയിൽ ഉണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരത്തിലധികം പേർ മരിച്ചിരുന്നു.

https://twitter.com/Thekeksociety/status/1700686262053519753?t=DCovFveSIIr57DFj3bOTjA&s=19

Leave a Comment