കാലവര്‍ഷം ആദ്യമാസം 9 % കൂടുതല്‍, ഉത്തരാഖണ്ഡിലും ഹിമാചലിലും തീവ്രമഴ, മേഘവിസ്‌ഫോടനം
രാജ്യത്ത് കാലവര്‍ഷം എത്തി ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ 9 ശതമാനം അധികമഴ ലഭിച്ചു. സാധാരണയേക്കാള്‍ 10 ദിവസം മുന്‍പ് കാലവര്‍ഷം രാജ്യവ്യാപകമായി എത്തുകയും ചെയ്തു. ഇന്ത്യയിലെ നാലു ട്രില്യണ്‍ ഡോളര്‍ വരുന്ന സാമ്പത്തിക രംഗത്തെ നേരിട്ട് സ്വാധീനിക്കുന്നതാണ് മണ്‍സൂണ്‍. 70 ശതമാനത്തിലധികം മഴ ഇന്ത്യയില്‍ നല്‍കുന്നത് മണ്‍സൂണാണ്.
ഇത്തവണ മധ്യ ഇന്ത്യയിലെ സംസ്ഥാനങ്ങളിലും വടക്കു പടിഞ്ഞാറന്‍ മേഖലകളിലും സാധാരണയില്‍ കൂടുതല്‍ മഴയാണ് ജൂണില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വടക്കു കിഴക്കന്‍ മേഖലയില്‍ സാധാരണയേക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്.
ജൂണ്‍ 29 നാണ് രാജ്യവ്യാപകമായി ഈ വര്‍ഷം മണ്‍സൂണ്‍ എത്തിയത്. മെയ് 24 നായിരുന്നു മണ്‍സൂണ്‍ കേരളത്തില്‍ എത്തിയത്. ജൂണ്‍ 29 നാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മണ്‍സൂണ്‍ എത്തിയത്. ഇത് സാധാരണയേക്കാള്‍ രണ്ടു ദിവസം വൈകിയാണ് കാലവര്‍ഷം ഡല്‍ഹിയിലെത്തിയത്. എന്നാല്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇത്തവണ അതിവേഗം വ്യാപിച്ചിരുന്നു.
ഇന്ന് ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിരുന്നു. ഉത്തരകാശി, രുദ്രപ്രയോഗ്, ഡെറാഡൂണ്‍, തെഹ്് രി, പുരി, ഹരിദ്വാര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.
ചര്‍ധാം യാത്രക്ക് കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളിലും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യമുനോത്രി നാഷനല്‍ ഹൈവേയോട് ചേര്‍ന്നുള്ള ഹോട്ടല്‍ കെട്ടിടത്തിലെ 29 ജീവനക്കാരുടെ ഷെഡുകള്‍ മേഘവിസ്‌ഫോടനത്തില്‍ ഒലിച്ചുപോയി.
ഈ പ്രദേശത്ത് പലയിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. ഹൈവേയുടെ 10 മീറ്റര്‍ ഭാഗവും ഒലിച്ചുപോയി. 20 തൊഴിലാളികളെ രക്ഷ്‌പ്പെടുത്തി. 9 പേരെ കാണാനില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.