കനത്ത കാറ്റിലും മഴയിലും സൗദിയിൽ നിരവധി നാശനഷ്ടങ്ങൾ ; ഞായറാഴ്ച വരെ മഴ തുടരും

കനത്ത കാറ്റിലും മഴയിലും സൗദിയിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത് ജിസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ്. ജിസാൻ യൂണിവേഴ്സിറ്റിയിൽ വനിതാ കാത്തിരിപ്പ് മുറിയുടെ മേൽക്കൂര ശക്തമായ മഴയിൽ ഇടിഞ്ഞ് വീണു. മഴവെള്ളം സീലിങ്ങിലേയ്ക്ക് ഒഴുകിയതിനെത്തുടർന്ന് മുകൾത്തട്ടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. ഈ സമയത്ത് മുറിയുടെ മറ്റൊരു ഭാഗത്തായിരുന്നു വിദ്യാർഥിനികൾ. അതിനാൽ ആളപായമൊന്നും ഉണ്ടായില്ല. കൂടാതെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും ക്ലാസ് നിർത്തിവെക്കാത്തതിലും അധികൃതർ വിശദീകരണം തേടി. മേഖലയുടെ പല ഭാഗങ്ങളിലും കനത്ത കാറ്റും മഴയുമാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും താഴ് വരകളിൽ നിന്നും വിട്ട് നൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അസീർ മേഖലയിൽ അതി ശക്തമായ മഴയും മിന്നലും ഉണ്ടായി.
അതേസമയം, കനത്ത മഴയെ തുടർന്ന് ജിസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വ്യാഴം) അവധി പ്രഖ്യാപിച്ചു. പഠനം മദ്റസത്തി പ്ലാറ്റ്ഫോം വഴി ഓൺലൈനിലൂടെ നൽകണമെന്നും അധികൃതർ അറിയിച്ചു.

മഴക്കൊപ്പം ശക്തമായ ഇടിമിന്നലും

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും ഫലമായി തോടുകളും ചതുപ്പുകളും രൂപപ്പെടാനുള്ള സാധ്യത അതിനാൽ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.  അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖസിം, ഹായിൽ, നജ്റാൻ മേഖലകളെയും നേരിയതോ ഇടത്തരത്തിലുള്ളതോ ആയ മഴ ബാധിക്കും. മദീന മേഖലയിലും മിതമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടത്തരം മുതൽ കനത്ത മഴ മക്കയെ ബാധിക്കുമെന്നും ഇത് പേമാരി, ആലിപ്പഴ വർഷം എന്നിവയ്ക്ക് കാരണമാകും. റിയാദിൽ ശക്തമായ പൊടിക്കാറ്റിനും നേരിയ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. അഫീഫ്, ദവാദ്മി, അൽ ഖുവയ്യ, അൽ റെയിൻ, അൽ സുൽഫി, അൽ മജ്മ’ എന്നിവ ഉൾപ്പെടുന്ന റിയാദ് മേഖലയിലാണ് മുന്നറിയിപ്പ്.  ശഖ്റ, താദിഖ്, ഹുറൈമില, റിമ, വാദി അൽ ദവാസിർ, അൽ-സുലൈയിൽ എന്നിവിടങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ടാകും.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment