Low Pressure Update 08/12/23: ന്യൂനമര്‍ദം തുടരുന്നു , ഇന്നും ശക്തമായ വ്യാപക മഴ സാധ്യത
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം മൂലം കേരളത്തില്‍ ഇന്നും വ്യാപകമായ മഴക്ക് സാധ്യത. ഇന്നലെ വിവിധ ജില്ലകളിൽ രാത്രിയിലും പുലർച്ചെയുമായി ശക്തമായതും ഇടത്തരം മഴയും ലഭിച്ചിരുന്നു. തെക്കന്‍ ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴ ലഭിച്ചത്.
കിഴക്കന്‍ മേഖലയിലും തീരദേശത്തും ന്യൂനമർദ്ദത്തെ തുടർന്നുള്ള കാറ്റിന്റെ അഭിസരണം കാരണം ഇടിയോടെയുള്ള ശക്തമായ മഴ ഇന്നും ലഭിക്കാനാണ് സാധ്യതയെന്ന് Metbeat Weather പറഞ്ഞു.
ഒടുവിൽ കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരണം
തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ വെള്ളിയാഴ്ച തന്നെ പറയുന്നുണ്ടെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ന്യൂനമര്‍ദം രൂപപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നില്ല. ഈ മേഖലയില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നാണ് കാലാവസ്ഥാ വകുപ്പ് ഇന്നലെ രാത്രിയിലെ ബുള്ളറ്റിനിലും പറഞ്ഞത്. ചക്രവാത ചുഴി വീണ്ടും ശക്തിപ്പെട്ട കാര്യത്തില്‍ കാലാവസ്ഥാ വകുപ്പിനും സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ക്കും നിരീക്ഷകര്‍ക്കും ഭിന്നാഭിപ്രായമാണുള്ളത്. എന്നാൽ ഇന്ന് രാവിലെ ഈ മേഖലയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലത്ത്നിന്ന് 420 കി.മി അകലെ
ന്യൂനമര്‍ദം ഇപ്പോൾ കൊല്ലത്ത് നിന്ന് ഏകദേശം 420 കി.മി അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രൂപപ്പെട്ട ശേഷം അല്‍പനേരം കടലില്‍ ശക്തമാകാന്‍ തുടങ്ങിയെങ്കിലും പിന്നീട് ശക്തികുറഞ്ഞു. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മേഖലയിലുള്ള തിരശ്ചീന (upper level vertical wind) കാറ്റാണ് ന്യൂനമര്‍ദം ശക്തിപ്പെടുന്നത് തടയുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1.5 നും 2 കിലോമീറ്ററിനും ഇടയിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരമാണ്. ഈ ഉയരത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍ ശക്തിപ്പെട്ട് ചുഴലിക്കാറ്റോ മറ്റോ സാധാരണ രീതിയില്‍ ആകാറില്ല.
ഇന്നലെ കുറച്ചു നേരം ശക്തിപ്പെട്ട ശേഷം ന്യൂനമര്‍ദം കേരള തീരം ലക്ഷ്യമാക്കി സഞ്ചരിച്ചിരുന്നു. എന്നാലും കേരളത്തോട് കൂടുതൽ അടുക്കാൻ ന്യൂനമർദത്തിന് കഴിയില്ല. മിനിക്കോയ് ദ്വീപിന് സമീപം ആണ് ന്യൂനമർദം ഇന്ന് രാവിലെ ഉള്ളത്.
മഴ നാളെ വരെ തുടരും, കൊച്ചി കടക്കില്ല
ന്യൂനമര്‍ദം അടുത്ത രണ്ടു ദിവസം കൂടി കടലില്‍ തുടര്‍ന്ന ശേഷം ദുര്‍ബലമാകാനാണ് സാധ്യത. നാളെ (ശനി) കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴക്ക് സാധ്യത. തിങ്കള്‍ മുതല്‍ കേരളത്തില്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനം ഇല്ലാതാകും. അക്ഷാംശ രേഖ വടക്ക് 6 മുതല്‍ 8 ഡിഗ്രിക്കു ഇടയിലാണ് ന്യൂനമര്‍ദം സഞ്ചരിക്കുക. കൊച്ചിക്ക് സമാന്തരമായി പോലും എത്തുകയോ വടക്കോട്ട് സ്ഞ്ചരിക്കുകയോ ചെയ്യില്ല. അക്ഷാംശ രേഖ 10 ഡിഗ്രി വടക്കാണ് കൊച്ചിയുടെ സ്ഥാനം. മധ്യ കിഴക്കന്‍ അറബിക്കടലിലെ എതിര്‍ച്ചുഴലിയാണ് ന്യൂനമര്‍ദം വടക്കോട്ട് പോകുന്നത് തടയുന്നത്.
വടക്ക് എത്തിയില്ലെങ്കിലും മഴ കിട്ടും
വടക്കോട്ട് ന്യൂനമര്‍ദം നീങ്ങിയില്ലെങ്കിലും മഴ വടക്കന്‍ ജില്ലകളിലും ലഭിക്കും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ലഭിച്ച മഴ ഇതിനു ഉദാഹരണമാണ്. വടക്കന്‍ കേരളത്തിനൊപ്പം കര്‍ണാടകയിലും മഴ ലഭിക്കും. ബംഗളൂരൂ, മൈസൂരു, മാണ്ഡ്യ, ഹാസന്‍ മേഖലയില്‍ നാളെയും മറ്റന്നാളും മഴ സാധ്യതയുണ്ട്. ലക്ഷദ്വീപിലും മാലദ്വീപിലും ന്യൂനമര്‍ദം കനത്ത മഴ നല്‍കും. ലക്ഷദ്വീപിലെ മിനിക്കോയ്, അമിനി ദേവി, അഗത്തി എന്നിവിടങ്ങളില്‍ കനത്ത മഴ അടുത്ത 48 മണിക്കൂര്‍ തുടരാനാണ് സാധ്യത.