ന്യൂനമർദം ഇന്ന് രൂപപ്പെടും; കേരളത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ മേഖലയിൽ ഇന്ന് രാവിലെ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദ്ദം ഇതുവരെയും രൂപപ്പെട്ടില്ല. ഇന്ന് രാത്രിയോടെയോ നാളെ പുലർച്ചയോടെയോ ന്യൂനമർദ്ദം (Low Pressure) രൂപപ്പെടും എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. അടുത്ത ദിവസം വീണ്ടും ശക്തിപ്പെട്ടു തീവ്ര ന്യൂനമർദ്ദം (Depression) ആകും. തുടർന്ന് വീണ്ടും ശക്തിപ്പെട്ടു മോക്ക ചുഴലിക്കാറ്റ് (cyclone mocha) ആകാനും സാധ്യതയുണ്ട്.
ഇപ്പോഴത്തെ നിരീക്ഷണങ്ങൾ അനുസരിച്ച് ബംഗാൾ ഉൾക്കടലിന്റെ മധ്യമേഖലയിൽ വച്ചായിരിക്കും മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുക. ഈ മാസം 12 നകം മോക്ക രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ തീരങ്ങളിൽ നിന്ന് അകന്ന് ആയിരിക്കും മോക്ക സഞ്ചരിക്കുക. മ്യാൻമറിയിലേക്കോ തായ്‌ലൻഡിലേക്കോ കരകയറാനാണ് ഇപ്പോഴത്തെ കാലാവസ്ഥ മോഡലുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ട മഴ
കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നത് പോലെ കേരളത്തിൽ നേരിട്ടുള്ള സ്വാധീനം മോക്ക് ചുഴലിക്കാറ്റിന് ഉണ്ടാകില്ല. ഇന്ന് രാത്രിയോടെ അല്ലെങ്കിൽ നാളെ പുലർച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ കേരളത്തിന് കുറുകെ മേഘങ്ങൾ സഞ്ചരിക്കാനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. വടക്കൻ കേരളം മുതൽ കോട്ടയം പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളുടെ കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. 0.8 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കാണ് സാധ്യത. എന്നാൽ കേരളതീരത്തും കർണാടക ലക്ഷദ്വീപീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കില്ല. കന്യാകുമാരി കടലിലും തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

മലയോര മേഖലയിൽ പോകുന്നവർ ജാഗ്രത പാലിക്കണം
കേരളത്തിൽ പരക്കെയുള്ള മഴക്ക് സാധ്യതയില്ലെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ശക്തമായ മഴ ലഭിക്കാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മലയോര മേഖലകളിൽ ഉച്ചക്കുശേഷം പെട്ടെന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണം. അരുവികളിലും തോടുകളിലും ജലാശയങ്ങളിലും പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. നിങ്ങൾ നിൽക്കുന്ന പ്രദേശത്ത് മഴയില്ലെങ്കിലും വനത്തിന്റെ ഉൾഭാഗത്ത് കനത്ത മഴ ലഭിച്ചു വൻതോതിൽ വെള്ളമൊഴുകി വരാൻ സാധ്യതയുള്ളതിനാൽ വെള്ളച്ചാട്ടത്തിന് താഴെ കുളിക്കുന്നവരും മറ്റും പ്രത്യേകം ജാഗ്രത പുലർത്തണം. തീരദേശ ഉൾപ്പെടെ രാത്രിയിൽ മഴക്ക് സാധ്യതയുണ്ട്. കേരളത്തിൽ മിക്കയിടത്തും ഭാഗികമായി ഇന്ന് മേഘാവൃതമായ അന്തരീക്ഷം തുടരും. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്സൈറ്റുകളായ metbeat.com, metbeatnews.com സന്ദർശിക്കാം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment