വരുന്നുണ്ട്, ഒഡിഷക്കടുത്ത് ന്യൂനമര്‍ദം, പിന്നാലെ മഴ
ഒഡിഷക്കടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ച ന്യൂനമര്‍ദം താമസിയാതെ രൂപപ്പെട്ടേക്കും. ഇതിനു അനുകൂലമായ സ്ഥിതിയിലേക്ക് ബംഗാള്‍ ഉള്‍ക്കടലിലെ അന്തരീക്ഷസ്ഥിതി മാറി. ഒഡിഷ തീരത്തായി നാളെക്ക് ശേഷം ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നാണ് അന്തരീക്ഷസ്ഥിതി പ്രവചനമെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. ജൂലൈ 13 ന് ഈ മേഖലയില്‍ ശക്തി കൂടിയ ചക്രവാതച്ചുഴി രൂപപ്പെടുകയും തുടര്‍ന്ന് ന്യൂനമര്‍ദത്തിലേക്ക് വഴി മാറുകയും ചെയ്‌തേക്കും.
മധ്യ ഇന്ത്യയില്‍ വീണ്ടും കനത്ത മഴ സാധ്യത
കരകയറി രാജ്യത്തിന്റെ മധ്യമേഖലയിലേക്കാണ് ന്യൂനമര്‍ദം നീങ്ങുക. ഇതോടെ ഇന്ത്യയുടെ മധ്യ മേഖലയില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയേറി. പ്രളയക്കെടുതികള്‍ വിട്ടൊഴിഞ്ഞിട്ടാല്ലാത്ത ഉത്തരേന്ത്യയില്‍ ഇനിയും കനത്ത മഴയുണ്ടായേക്കുമെന്ന സ്ഥിതി കൃഷിയെ പ്രതികൂലമായി ബാധിക്കുകയും വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്‌തേക്കും.
ഈ മാസം 15 ഓടെ ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പിറവിയെടുക്കും. ഒഡിഷ, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മഴ കനക്കും. അറബിക്കടലില്‍ നിന്നുള്ള കാലവര്‍ഷ കാറ്റിനെ സിസ്റ്റം സ്വാധീനിക്കുന്നതോടെ മധ്യപ്രദേശിലടക്കം കനത്ത മഴയും പ്രാദേശിക പ്രളയവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടുത്തയാഴ്ച ഉത്തരേന്ത്യന്‍ യാത്രകള്‍ കാലാവസ്ഥാ പ്രവചനത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്യുന്നതാകും ഉചിതം.
ശനിയാഴ്ചയോടെ കേരളത്തിലും മഴ മെച്ചപ്പെടും
അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് രണ്ടു ദിവസത്തിനകം വീണ്ടും ശക്തിപ്പെടുകയും കേരളത്തില്‍ ദുര്‍ബലമായ മഴ വീണ്ടും സജീവമാകുകയും ചെയ്യുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. ഇപ്പോള്‍ മഴയുടെ ഇടവേള കൂടുതലാണെങ്കിലും ശനിയാഴ്ചയും ഞായറും മഴയുടെ ഇടവേള കുറയും. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യതയെങ്കിലും ന്യൂനമര്‍ദം മധ്യ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന മുറക്ക് തെക്കന്‍ കേരളത്തിലടക്കം കനത്ത മഴക്കും സാധ്യതയുണ്ട്.
കൊങ്കണിലും മുംബൈയിലും വീണ്ടും മഴ കനക്കും
കേരളത്തിനു പുറമെ തീരദേശ കര്‍ണാടക, കൊങ്കണ്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും അടുത്തയാഴ്ച കാലവര്‍ഷം സജീവമാകും. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ മുംബൈയിലും അടുത്തയാഴ്ച മഴ കനക്കും. കേരള തീരം മുതല്‍ ഗുജറാത്ത് വരെ നീളുന്ന ന്യൂനമര്‍ദപാത്തി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ ട്രഫ് അതിന്റെ സാധാരണ പൊസിഷനില്‍ തുടരുകയാണ്.
കേരളത്തില്‍ മഴ കൂടുമെന്ന് ഐ.എം.ഡി
അതിനിടെ, കേന്ദ്ര കാലാവസ്ഥാ വകുപ്പും (ഐ.എം.ഡി) ആഴ്ച തിരിച്ചുള്ള കാലാവസ്ഥാ പ്രവചനത്തില്‍ കേരളത്തില്‍ അടുത്തയാഴ്ച മഴ കൂടുമെന്ന് അറിയിച്ചു. ജൂലൈ 12 മുതല്‍ 18 വരെയുള്ള ആഴ്ചയില്‍ എല്ലാ ജില്ലകളിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂലൈ 19 മുതല്‍ 25 വരെയുള്ള ആഴ്ച എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും സാധാരണയേക്കാള്‍ മഴ കുറയാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
എന്നാല്‍ പസഫിക് സമുദ്രത്തില്‍ ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ അവസാന വാരങ്ങളിലും സാധാരണ മഴ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റിന്റെ പ്രവചനം. നിലവില്‍ എല്‍നിനോ ന്യൂട്രലാകുകയും ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ന്യൂട്രലായി തുടരുകയുമാണ്. ഇത് പസഫിക് സമുദ്രത്തെ വരുന്ന ആഴ്ചകളില്‍ സജീവമാക്കും. ഇപ്പോള്‍ അവിടെ ന്യൂനമര്‍ദ സീസണുമാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.