kerala weather 08/12/24: ന്യൂനമർദ്ദം ശക്തമാകും, കേരളത്തിൽ വെള്ളി മുതൽ മഴ
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിലും മഴ സാധ്യത. അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം ശക്തിപ്പെട്ട് ഇന്ത്യയുടെ തീരത്തേക്ക് എത്തും. തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും മഴ നൽകാൻ സാധ്യത ഉണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ ഏറ്റവും പുതിയ അപ്ഡേറ്റ്.
കഴിഞ്ഞ ദിവസം ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി (Low Pressure Area) ശക്തി പ്രാപിക്കുകയായിരുന്നു. ഈ ന്യൂനമർദം വീണ്ടും ശക്തി പ്രാപിച്ച് ഡിസംബർ പതിനൊന്നോടെ (11/12/2024) തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെ ഏജൻസികൾ നിരീക്ഷിക്കുന്നത്.
ബുധനാഴ്ച മുതൽ തമിഴ്നാടിന്റെ കിഴക്കൻ തീരങ്ങളിൽ ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഴ ലഭിക്കുമെന്ന് ഞങ്ങളുടെ സ്ഥാപകൻ Weatherman Kerala പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളിലും മഴ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട്ടിലാണ് ഇത്തവണ കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്ചയോടെ കേരളത്തിലും മഴയെത്തും. ശനിയാഴ്ച കേരളത്തിൽ മിക്ക ജില്ലകളിലും മഴ ലഭിക്കാൻ സാധ്യത. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴയുണ്ടാകും. ബുധനാഴ്ച ന്യൂനമർദ്ദം തമിഴ്നാടിനോടും ശ്രീലങ്കയോടും ഏറെ അടുത്തു വരുന്നതുമൂലമാണ് തമിഴ്നാട്ടിലും കേരളത്തിലും മഴ ലഭിക്കുന്നത്.
നിലവിൽ ന്യൂനമർദ്ദം കേരളത്തിൽനിന്ന് വളരെ അകലെയായതിനാൽ ഒറ്റപ്പെട്ട സാധാരണ ലഭിക്കുന്ന മഴ മാത്രം കേരളത്തിൽ പ്രതീക്ഷിച്ചാൽ മതി. തുലാ വർഷക്കാറ്റിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. കേരളത്തിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലമുള്ള മഴ ലഭിക്കാൻ വ്യാഴാഴ്ച വരെ കാത്തിരിക്കണം.
നിലവിലെ സൂചന പ്രകാരം ന്യൂനമർദ്ദം കരകയറി കേരളത്തിലേക്ക് വരാൻ സാധ്യത കുറവാണ്. പ്രാഥമിക സൂചനകൾ പ്രകാരം ഇപ്പോൾ രൂപപ്പെട്ട ന്യൂനമർദ്ദം മൂലം കേരളത്തിൽ മഴ ലഭിക്കാൻ സാധ്യത ഇല്ലായിരുന്നു. ഇതിനു പിന്നാലെ രൂപപ്പെടാൻ ഇരിക്കുന്ന മറ്റൊരു ന്യൂനമർദ്ദമാണ് ഡിസംബർ 16 മുതൽ കേരളത്തിൽ മഴ നൽകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പ്രവചിച്ചിരുന്നത്.
എന്നാൽ പുതിയ കാലാവസ്ഥാ വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ഇപ്പോൾ രൂപപ്പെട്ട ന്യൂനമർദ്ദവും കേരളത്തിൽ രണ്ട് ദിവസം സാധാരണ മഴ നൽകുമെന്നാണ് പറയുന്നത്. കാലാവസ്ഥ പ്രവചനങ്ങൾ അടിക്കടി മാറ്റം വരുന്നതിനാൽ ഏറ്റവും പുതിയ പ്രവചനങ്ങൾ നിരീക്ഷിക്കണം. അതിനായി താഴെ കൊടുത്ത ഞങ്ങളുടെ വാട്സ്ആപ്പ്, ടെലഗ്രാം ചാനലുകളിലും ജോയിൻ ചെയ്യുക.
നേരത്തെ ഫിൻജാൽ ചുഴലിക്കാറ്റ് രൂപപ്പെട്ട മേഖലയിൽ തന്നെയാണ് കഴിഞ്ഞദിവസവും ന്യൂനമർദ്ദ രൂപപ്പെട്ടത്. സാധാരണ രീതിയിൽ ഈ മേഖലയിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഇന്ത്യൻ തീരങ്ങളെ ബാധിക്കാറില്ല. ഭൂമധ്യരേഖാ പ്രദേശത്തോട് അടുത്ത് കിടക്കുന്ന മേഖലയായതിനാൽ കോറിയോലിസിസ് ബലം മൂലം ന്യൂനമർദ്ദങ്ങൾ ദുർബലമാകുകയാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി ഫിൻജാൽ ചുഴലിക്കാറ്റിന് കാരണമായ ന്യൂനമർദ്ദം ശക്തിപ്പെടുകയും അത് പിന്നീട് ചുഴലിക്കാറ്റ് ആയി മാറുകയും ചെയ്തു. മാത്രമല്ല ഇന്ത്യൻ തീരങ്ങളെ ബാധിക്കുകയും ചെയ്തു. കേരളത്തിലും കനത്ത മഴ നൽകി.
ഫിൻജാലിനു പിന്നാലെ രൂപപ്പെട്ട ന്യൂനമർദ്ദവും ചുഴലിക്കാറ്റിന്റെ അതേ പാതയിലാണ് സഞ്ചരിക്കുന്നത്. ഇത് ഒരു അപൂർവ്വമായ പ്രതിഭാസമാണെന്ന് വിദഗ്ധർ പറയുന്നു. ഇനി വരാനുള്ള ന്യൂനമർദ്ദവും ഇതേ പാതയിൽ സഞ്ചരിക്കും എന്നാണ് നിരീക്ഷകർ കരുതുന്നത്. ഈ സിസ്റ്റം ഫിൻജാൽ പോലെ ശക്തിപ്പെടാനും സാധ്യതയുണ്ട്. എന്നാൽ ചുഴലിക്കാറ്റ് ആകുമോ എന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല.