കന്യാകുമാരി കടലിലുള്ള ന്യൂനമർദം നാളെ തെക്കുകിഴക്കൻ അറബിക്കടലിലേക്ക് നീങ്ങും. ഇന്ന് രാവിലെ വെൽ മാർക്ഡ് ലോ പ്രഷറായാണ് ശ്രീലങ്കയെ കടന്ന് കന്യാകുമാരി കടലിലേക്ക് ന്യൂനമർദ മെത്തിയത്. തുടർന്ന് ഉച്ചയോടെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. രാത്രിയിലും ഇതേ സ്ഥിതി തുടരുകയാണ്.
കേരളത്തിൽ നാളെ രാത്രി മുതൽ മഴ കുറയും
ന്യൂനമർദം കിഴക്കൻ കാറ്റിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മേഘങ്ങൾ തെക്കൻ തമിഴ്‌നാട്ടിലേക്കും തെക്കൻ,മധ്യ കേരളത്തിലേക്കും എത്തുന്നു. ചിലയിടങ്ങളിൽ ശക്തമായ മഴ ഇന്ന് രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിൽ കണ്ണൂർ, കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കോ ഇടത്തം മഴക്കോ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു. ഏറെ നേരം നീണ്ടു നിൽക്കാത്ത ഒന്നോ രണ്ടോ പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന മഴയാണ് പ്രതീക്ഷിക്കേണ്ടത്. ന്യൂനമർദം നീങ്ങിയാലും പുൾ എഫക്ട് മഴയാണ് പ്രതീക്ഷിക്കുന്നത്.