ന്യൂനമർദം, ന്യൂനമർദപാത്തി: ഉത്തരേന്ത്യയിലും കേരളത്തിലും മഴ ശക്തിപ്പെടും

ബംഗാൾ ഉൾക്കടലിലെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ് വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. ഒഡിഷ, ജാർഖണ്ഡ് ലക്ഷ്യമാക്കിയാണ് ന്യൂനമർദം നീങ്ങുന്നത്. ഈ ന്യൂനമർദത്തോട് ചേർന്ന് 7.6 കി.മി ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലകൊള്ളുന്നു. ഇന്നലെ 1961 ജൂൺ 21 ന് ശേഷം ഡൽഹിയിലും മുംബൈയിലും ഒരുമിച്ച് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി സ്ഥിരീകരണവും ഇന്നുണ്ടായി. ഡൽഹിയിൽ സാധാരണയേക്കാൾ രണ്ടു ദിവസം മുൻപാണ് ഇന്ന് കാലവർഷം എത്തിയത്. കാലവർഷം എത്തിയ ദിവസം തന്നെ ശക്തമായ മഴയും കാറ്റുമാണ് ഡൽഹിയിലുണ്ടായത്. ഹരിയാനയിലെ പഞ്ചഗുളയിൽ സ്ത്രീ ഓടിച്ച കാർ ഒഴുകിപ്പോയി. പിന്നീട് അവരെ രക്ഷപ്പെടുത്തുകയായിരുന്നു.

കാലവർഷം രാജ്യത്ത് എല്ലായിടത്തേക്കും

രാജ്യത്ത് മുക്കാൽഭാഗവും കാലവർഷം ഇതിനകം എത്തി. ജമ്മു കശ്മിർ, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ കൂടുതൽ ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ അനുകൂല അന്തരീക്ഷസ്ഥിതിയാണ് ഉള്ളത്. ഉത്തർപ്രദേശിനു മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി കാലവർഷത്തെ ഉത്തരേന്ത്യയിൽ ശക്തമാക്കും. സമുദ്രനിരപ്പിൽ നിന്ന് 1.5 കി.മി ഉയരത്തിലാണ് ഈ ചക്രവാതച്ചുഴി നിലകൊള്ളുന്നത്. താഴ്ന്ന നിലയിലുള്ള കാലവർഷക്കാറ്റിനെ ഉത്തരേന്ത്യയിൽ സജീവമാക്കുകയും കെടുതികൾക്ക് കാരണമാകുകയും ചെയ്യുമെന്നാണ് നിരീക്ഷണം.

ന്യൂനമർദവും മൺസൂൺ ട്രഫും ഒരുമിച്ച്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിനൊപ്പം കിഴക്കു-പടിഞ്ഞാറൻ ന്യൂനമർദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതാണ് ഉത്തരേന്ത്യയിൽ പെട്ടെന്ന് കാലവർഷക്കാറ്റിനെ സജീവമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിലും ഇതിന്റെ സ്വാധീനം തുടരും. ന്യൂനമർദ പാത്തി ഹരിയാന, തെക്കൻ ഉത്തർപ്രദേശ്, വടക്കുകിഴക്കൻ മധ്യപ്രദേശ്, വടക്കൻ ചത്തീസ്ഗഡ് എന്നിവിടങ്ങൾക്കു മുകളിലൂടെയാണ് കടന്നു പോകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മി ഉയരത്തിലാണ് ന്യൂനമർദപാത്തി നിലകൊള്ളുന്നത്.

കേരളത്തിലും മഴ സജീവമാകും

ന്യൂനമർദം രൂപപ്പെട്ടതും എം.ജെ.ഒയുടെ സ്വാധീനവും മൂലം ജൂൺ 25 നും 30 നും ഇടയിൽ കേരളത്തിൽ മഴ ശക്തിപ്പെടുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ ദിവസം വടക്കൻ കേരളം മുതൽ മഹാരാഷ്ട്ര വരെ നീണ്ട ന്യൂനമർദ പാത്തി ഇന്ന് മഹാരാഷ്ട്ര മുതൽ കർണാടക തീരം വരെയായിട്ടുണ്ട്. ഇതു മൂലം വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. കർണാടക, കൊങ്കൺ തീരത്തും മഴ കനക്കും.

Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment