ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു ; ചുഴലിക്കാറ്റ് സാധ്യത

Metbeat Weather news Desk
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കൂറിൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം (Depression) ആകും. വീണ്ടും ശക്തിപ്പെട്ട് ഞായറാഴ്ചയോടെ വീണ്ടും ശക്തിപ്പെട്ട് അസാനി ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ആന്ധ്ര, ഒഡിഷ തീരത്ത് കര കയറാനാണ് സാധ്യത. ശ്രീലങ്ക നിർദേശിച്ച പേരാണ് അസാനി.

ഒഴിവായത് കനത്ത മഴ
ന്യൂനമർദം രൂപപ്പെട്ടതിനു പിന്നാലെ അറബി കടലിൽ വലിയ മേഘക്കൂട്ടങ്ങൾ നിലകൊള്ളുന്നുണ്ട്. തമിഴ്നാടിനോളം വലുപ്പമുള്ള മേഘ പാളി ഇന്നലെ മുതൽ കടലിൽ മഴ നൽകി വരുന്നുണ്ട്. ഇന്ന് പുലർച്ചെ ഇതിന്റെ പടിഞ്ഞാറേ അറ്റം കേരളത്തിന്റെ തീരദേശത്ത് തൊട്ടതിനാൽ മഴ ലഭിച്ചു. തുടർന്ന് കാറ്റ് അനുകൂല മല്ലാത്തതിനാൽ മഴ തുടർന്നില്ല. ഭൂമധ്യരേഖാ പ്രദേശത്ത് തുടരുന്ന മറ്റൊരു ശക്തിയേറിയ ന്യൂനമർദം കേരള തീരത്തെ കാറ്റിനെ ആകർഷിച്ചതാണ് കേരളത്തിൽ കനത്ത മഴ ഒഴിവാക്കിയത്. കാറ്റ് തീരത്തിന് സമാന്തരമായതിനാൽ മേഘങ്ങൾ പെയ്തൊഴിയാതെ നിൽക്കുകയാണ്. ഇവ വൈകിട്ട് കാറ്റ് കുറച്ച് കൂടി അനുകൂലമാകുന്നതോടെ കുറച്ച് മഴ ലഭിക്കും. കിഴക്കൻ മേഖലയിൽ ഇന്ന് വൈകിട്ട് കൂടുതൽ മഴ പ്രതീക്ഷിക്കാം. എല്ലാ ജില്ലകളിലും സാധാരണ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഇന്നും നാളെയും ഉള്ളത്.

Leave a Comment