ഡൽഹിയിലും മുംബൈയിലും 62 വർഷത്തിന് ശേഷം ഒരുമിച്ച് എത്തി തെക്കു പടിഞ്ഞാറൻ മൺസൂൺ

1961 ജൂൺ 21 ന് ശേഷം ആദ്യമായി മൺസൂൺ ഡൽഹിയിലും മുംബൈയിലും ഒരുമിച്ച് എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ഷെഡ്യൂളിന് രണ്ട് ദിവസം മുമ്പ് ഇത് ദേശീയ തലസ്ഥാനത്ത് എത്തിയപ്പോൾ, സാമ്പത്തിക തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് രണ്ടാഴ്ച വൈകിയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞദിവസം രാത്രി മുതലാണ് ശക്തമായ മഴ ലഭിച്ചു തുടങ്ങിയത്. ശക്തമായ മഴ പെയ്തതോടെ ഒറ്റ രാത്രികൊണ്ട് മുംബൈയിലും ഡൽഹിയിലും വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടു. മഴക്കെടുതികളും രൂക്ഷമാണ്. ഹരിയാനയിൽ ഒരു സ്ത്രീ ഓടിച്ചിരുന്ന കാർ ഒഴുകിപ്പോയി. പിന്നീട് അവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷോക്കേറ്റ് ഒരു യുവതി മരിച്ചു. ന്യൂ റെയിൽവേ സ്റ്റേഷനിലെ ടാക്സി സ്റ്റാൻഡിന് സമീപമുള്ള പഹർ സൈഡ് എൻട്രിയിലാണ് സംഭവം. അജൂഹ എന്ന യുവതിയാണ് മരിച്ചത്. അതേസമയം ഇന്ന് രാവിലെ 9 30 ഓടെ മുംബൈയിലെ ഘട്ട് കോപ്പർ ഈസ്റ്റിലെ രാജവാടി കോളനിയിലെ മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

തെക്കു പടിഞ്ഞാൻ മൺസൂൺ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്ര മുഴുവൻ വ്യാപിച്ചു. മധ്യപ്രദേശ്, ഉത്തർപ്രദേശ് ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് ജമ്മു, ഗുജറാത്ത് എന്നിവയുടെ ചില ഭാഗങ്ങളിലും മൺസൂൺ എത്തിയതായി ഐ എം ഡി. വരും ദിവസങ്ങളിൽ മഴ കൂടുതൽ വ്യാപകമാകും. അടുത്ത രണ്ടുദിവസം ഡൽഹിയിൽ മഴ തുടരും. മുംബൈയിൽ പരമാവധി 18 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഇന്നും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കാം. മൺസൂൺ മധ്യ ഇന്ത്യയിൽ സജീവമാണെന്ന് imd വക്താവ് മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

Leave a Comment