ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തെ ബാധിക്കില്ല

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; കേരളത്തെ ബാധിക്കില്ല

തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യഭാഗത്തായി ഇന്ന് ഉച്ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനകം ഈ ന്യൂനമർദ്ദം  കൂടുതൽ ശക്തി പ്രാപിച്ച്  തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കഴിഞ്ഞ നാലുദിവസമായി ഈ മേഖലയിൽ തുടരുന്ന ചക്രവാത ചുഴിയാണ് ഇന്ന് ന്യൂനമർദ്ദം ആയത്. തീരത്തുനിന്ന്  വളരെ അകലെയാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നതിനാൽ ന്യൂനമർദ്ദം ഇന്ത്യയുടെ പ്രധാന കരപ്രദേശങ്ങളെ ബാധിക്കില്ല. എന്നാൽ ആൻഡമാൻ ദ്വീപിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

ന്യൂനമർദ്ദത്തെ തുടർന്ന് ശ്രീലങ്ക വരെ നീണ്ടു നിൽക്കുന്ന മേഘങ്ങൾ

എന്നാൽ അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം തമിഴ്നാട് തീരത്തേക്ക് അടുക്കുംതോറും തമിഴ്നാട് തീരത്ത് ശക്തമായ മഴ ലഭിക്കും. ഈ മാസം 17ന് ശേഷം ഒറ്റപ്പെട്ട മഴ ചെന്നൈ പുതുച്ചേരി ക്കിടയിലുള്ള തീരപ്രദേശങ്ങളിൽ ഉണ്ടാകും. തമിഴ്നാടിന്റെ കിഴക്കൻ തീരപ്രദേശങ്ങളെയും ആന്ധ്രാപ്രദേശിന്റെ തീര മേഖലയെയും ആണ് ഈ ന്യൂനമർദ്ദം ബാധിക്കുക.

നേരത്തെയുള്ള പ്രവചന മാതൃകകൾ (NWP) ന്യൂനമർദ്ദം തമിഴ്നാട്ടിൽ കരകയറി കേരളത്തിന് മുകളിലൂടെ സഞ്ചരിക്കുമെന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. എന്നാൽ പുതിയ പ്രവചന മാതൃകകളുടെ നിരീക്ഷണ പ്രകാരം ന്യൂനമർദ്ദം വടക്കൻ തമിഴ്നാട്ടിലും തെക്കൻ ആന്ധ്ര പ്രദേശിന്റെയും ഭാഗത്തേക്കാണ് നീങ്ങുക.

കേരളത്തിൽ മഴ സാധ്യത കുറഞ്ഞു

അതിനാൽ തന്നെ കേരളത്തിൽ ഉൾപ്പെടെ നേരത്തെ പ്രവചിക്കപ്പെട്ടിരുന്ന മഴ സാധ്യത ഉണ്ടാകില്ലെന്നാണ് പുതിയ നിരീക്ഷണം എന്ന് കേരളത്തിലെ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ Metbeat Weather അറിയിച്ചു. ന്യൂനമർദ്ദം തമിഴ്നാട് തീരത്തോട് അടുക്കുമെങ്കിലും മേഘങ്ങൾ കരകയറുകയും പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുകയും ചെയ്യാനുള്ള സാധ്യത കുറവാണ്.

പശ്ചിമവാതം മഴക്ക് തടസ്സം

ഉത്തരേന്ത്യയിൽ ശൈത്യക്കാറ്റും പശ്ചിമവാതത്തിന്റെ  (western disturbance) സ്വാധീനവും ശൈത്യ തരംഗവും തുടരുന്നതിനാൽ അവിടെ നിന്നുള്ള കാറ്റിന്റെ സ്വാധീനം  മൂലം ന്യൂനമർദ്ദത്തിന്റെ ഭാഗമായി രൂപപ്പെടുന്ന മേഘങ്ങളെ ബാധിക്കും. ഇവ കടലിനു മുകളിൽ തന്നെ കേന്ദ്രീകരിക്കപ്പെടുകയും കുറച്ചു മാത്രം തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യും. അത് ചെന്നൈ ഉൾപ്പെടെ തീരദേശ മേഖലകളിൽ മഴ നൽകും.

തമിഴ്നാട്ടിലും ആന്ധ്രയിലും മഴ സാധ്യത

തുടർന്ന് ആന്ധ്ര പ്രദേശിലും മഴയുണ്ടാകും. കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഇപ്പോഴത്തെ കാലാവസ്ഥ തുടരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ ഉണ്ടാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും അടുത്ത ചില ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴയും പ്രവചിക്കപ്പെടുന്നുണ്ട്.

അറബിക്കടൽ ന്യൂനമർദ്ദം ദുർബലമായി

കഴിഞ്ഞയാഴ്ച കന്യാകുമാരി കടൽ വഴി അറബി കടലിൽ പ്രവേശിച്ച ന്യൂനമർദ്ദം നിലവിൽ തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴിയായി  സ്ഥിതിചെയ്യുന്നു. ഇത് കരയിൽ നിന്ന് വളരെ അകലെയായതിനാൽ ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല. അടുത്ത ദിവസങ്ങളിൽ ഈ ചക്രവാത ചുഴി ദുർബലമാകും. ഗൾഫ് തീരങ്ങളെയോ ആഫ്രിക്കൻ തീരങ്ങളെയോ ഈ സിസ്റ്റം ബാധിക്കില്ല.
     
കേരളത്തിൽ ഇന്ന് രാവിലെ മുതൽ കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഈ കാലാവസ്ഥ അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യത. കൂടുതൽ വിവരങ്ങൾക്കായി താഴെക്കാണുന്ന ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക.


Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020