അറബിക്കടൽ ന്യൂനമർദം ശക്തിപ്പെടുന്നു; ഇന്നു രാത്രി ഈ പ്രദേശങ്ങളിൽ മഴ സാധ്യത
2023 ലെ അവസാന ന്യൂനമർദം കഴിഞ്ഞ ദിവസം അറബിക്കടലിൽ രൂപപ്പെട്ടതിനു പിന്നാലെ അറബിക്കടലിൽ മേഘ രൂപീകരണം ശക്തം. കേരളത്തിൽ പുതുവൽസര തലേന്നായ ഇന്ന് രാത്രി ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മഴ സാധ്യതയുണ്ട്.
തെക്കു കിഴക്കൻ അറബികടലിന് മുകളിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഭൂമധ്യരേഖക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനു സമീപമാണ് ന്യൂനമർദ്ദം ഇന്നലെ രൂപം കൊണ്ടത്. ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തിപ്പെട്ട് well marked low pressure (WML) ആകാൻ സാധ്യതയുണ്ടെങ്കിലും കേരളം ഉൾപ്പെടെ മഴക്ക് സാധ്യത കുറവാണെന്ന് Metbeat Weather നിരീക്ഷകർ പറയുന്നു.
ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയിൽ ഇനിയും കൃത്യത വന്നിട്ടില്ല. ചില ഏജൻസികൾ ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായി സൂചന നൽകുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ മഴ പ്രതീക്ഷിക്കാനാകും. ഇപ്പോൾ കേരളത്തിൽ നിന്ന് ഏറെ അകലെയാണ് ന്യൂനമർദ്ദം രൂപപ്പെട്ട കടൽ മേഖല.
ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രങ്ങളിൽ അറബിക്കടലിൽ മേഘ രൂപീകരണം നടക്കുന്നുണ്ട്. ലക്ഷദ്വീപ്, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.
തെക്കു കിഴക്കൻ അറബിക്കടലിൽ കന്യാകുമാരി കടൽ എന്നിവിടങ്ങളിലും ഇടിയോടുകൂടെ ശക്തമായ മഴ പ്രതീക്ഷിക്കാം. ചില കാലാവസ്ഥ പ്രവചന മാതൃകകളിൽ ന്യൂനമർദ്ദം ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുന്നതായി സൂചന നൽകുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിന്റെ തീരദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ഇനിയും കൈവന്നിട്ടില്ല.
ഈ സമയത്ത് ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ കേരളതീരത്ത് നിന്ന് അകന്നു പോകാൻ ആണ് സാധ്യത കൂടുതൽ. പുതുവത്സര തലേന്നായ ഇന്ന് കേരളത്തിൽ താഴെ പറയുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴക്ക് സാധ്യതയുണ്ട് . ആലപ്പുഴ, അമ്പലപുഴ, മാവേലിക്കര, തിരുവല്ല, കായംകുളം, കരുനാഗപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിൽ രാത്രി 10 ന് ശേഷം ചാറ്റൽ മഴ സാധ്യത.