Low pressure update 24/11/24 : ന്യൂനമർദ്ദം കേരളത്തിൽ നിന്ന് 1000 കിലോമീറ്റർ അകലെ എത്തി

Low pressure update 24/11/24 : ന്യൂനമർദ്ദം കേരളത്തിൽ നിന്ന് 1000 കിലോമീറ്റർ അകലെ എത്തി

കഴിഞ്ഞദിവസം ഇന്തോനേഷ്യൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area – LPA) നിലവിൽ ഇന്ത്യയോട് കൂടുതൽ അടുക്കുന്നു. ഇന്തോനേഷ്യൻ തീരത്തുനിന്ന് ഇന്നലെയോടെ ന്യൂനമർദ്ദം അകന്നു. വടക്കൻ ഇന്തോനേഷ്യയിലെ ബന്ദേ ആച്ചെയിലും മറ്റും മൂന്ന് ദിവസമായി തുടർന്ന മഴ ഇന്ന് വിട്ടുനിന്നു. ഇന്ന് രാവിലെ മുതൽ വടക്കൻ ഇന്തോനേഷ്യയിൽ വെയിലാണ്. ശ്രീലങ്കയിലേക്കാണ് ന്യൂനമർദ്ദം അടുക്കുന്നത്.

ശ്രീലങ്കക്ക് സമീപം വച്ച് നാളെയോടെ ന്യൂനമർദ്ദം (low pressure ) തീവ്ര ന്യൂനമർദ്ദമായി (depression ) മാറും. ഇന്നുമുതൽ ശ്രീലങ്കയിലും മഴ ലഭിച്ചു തുടങ്ങും. ഈ ന്യൂനമർദ്ദം ചുഴലിക്കാറ്റ് ആകുമെന്ന് ഇന്നലെ വിവിധ ഏജൻസികൾ പ്രവചിച്ചതായി മെറ്റ്ബീറ്റ് വെതർ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം Metbeat ലെ നിരീക്ഷകരും ഈ സാധ്യത മുന്നോട്ടു വച്ചിരുന്നു.

കേരളത്തിൽ നിന്ന് 1000 കി.മി അകലെ

നിലവിൽ ന്യൂനമർദ്ദത്തിന്റെ സ്ഥാനം കേരളതീരത്തുനിന്ന് ആയിരം കിലോമീറ്റർ അകലെയാണ്. തിരുവനന്തപുരത്തുനിന്ന് ഏകദേശം 10,055  കി.മി ഉം കൊച്ചിയിൽ നിന്ന് 1,198 കി.മി ഉം അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. തെക്കൻ ശ്രീലങ്കയിലെ തുറമുഖമായ ഹംബൻതൊട്ടയിൽ നിന്ന് 543 കി.മി അകലെയാണ് ന്യൂനമർദ്ദത്തിൻ്റെ സ്ഥാനം. നാളെ രാവിലെ യോടെ തീവ്ര ന്യൂനമർദ്ദമായി (Depression ) ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി തമിഴ്നാട് തീരം ലക്ഷ്യമാക്കി നീങ്ങും. നിലവിലെ സൂചന അനുസരിച്ച് വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്രപ്രദേശിനും ഇടയിൽ കരകയറാനാണ് സാധ്യത.

ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട് നഗരങ്ങളിൽ ഈ മാസം 27 നു ശേഷം ഡിസംബർ 2 വരെയുള്ള ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം. ആന്ധ്രപ്രദേശിലെ മച്ചിലിപ്പട്ടണം മുതൽ വിശാഖപട്ടണം വരെയുള്ള പ്രദേശങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കാം. ന്യൂനമർദ്ദം ഈ പാതയിൽ സഞ്ചരിച്ചാൽ കേരളത്തിൽ മഴ കുറയും. ഒറ്റപ്പെട്ട മഴ മാത്രം കേരളത്തിൽ പ്രതീക്ഷിച്ചാൽ മതിയാകും.

ന്യൂനമർദ്ദത്തിന്റെ യഥാർത്ഥ പാത വ്യക്തമാക്കാൻ ഇനിയും കാത്തിരിക്കണം. സാധാരണ രീതിയിൽ ശ്രീലങ്കക്ക് സമീപം എത്തുന്ന ന്യൂനമർദ്ദങ്ങൾ തുടർന്ന് ഏതു പാതയിൽ സഞ്ചരിക്കുന്നു എന്നുള്ളത് നേരത്തെ കൃത്യമായി പറയാൻ കഴിയാറില്ല. നിലവിൽ എല്ലാ കാലാവസ്ഥ പ്രവചന മാതൃകകളും (NWP) തമിഴ്നാട് വഴി കടന്നു പോകുമെന്നാണ് പറയുന്നത്. കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് എത്താനുള്ള ഒരു സാധ്യതയും നിലനിൽക്കുന്നുണ്ട്.

യൂറോപ്യൻ കാലാവസ്ഥ ഏജൻസികൾ ഈ സാധ്യതയാണ് തുടക്കം മുതൽ പറഞ്ഞിരുന്നതെങ്കിലും ഇന്നുമുതൽ തമിഴ്നാട് / ആന്ധ്രപ്രദേശ് വഴി കരകയറുമെന്നാണ് പറയുന്നത്. ചുഴലിക്കാറ്റ് സാധ്യത മിക്ക വിദേശ ഏജൻസികളും ഇപ്പോൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ വടക്കൻ തമിഴ്നാട് തെക്കൻ ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് അടുത്തയാഴ്ച യാത്ര ചെയ്യുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾ മനസ്സിലാക്കി യാത്ര പ്ലാൻ ചെയ്യുക.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020