ന്യൂനമര്‍ദം ചുഴലിക്കാറ്റായേക്കും, ഇന്ത്യയിലേക്ക് തന്നെ ലക്ഷ്യം വയ്ക്കുന്നു

ന്യൂനമര്‍ദം ചുഴലിക്കാറ്റായേക്കും, ഇന്ത്യയിലേക്ക് തന്നെ ലക്ഷ്യം വയ്ക്കുന്നു

കഴിഞ്ഞ ദിവസം ഭൂമധ്യരേഖയോട് ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ വടക്കന്‍ ഇന്തോനേഷ്യക്ക് സമീപത്തെ ബന്ദെ ആച്ചെക്ക് സമീപം രൂപംകൊണ്ട് ഇപ്പോള്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം ഇന്ത്യയിലേക്ക് തന്നെ എത്തും. ഏറ്റവും പുതിയ കാലാവസ്ഥാ മോഡലുകള്‍ ന്യൂനമര്‍ദം ശക്തിപ്പെട്ട ശേഷം തമിഴ്‌നാട്ടിലേക്ക് തന്നെയെത്തുമെന്ന നിഗമനത്തിലാണ്.

കഴിഞ്ഞ ദിവസം ഞങ്ങളുടെ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടതുപോലെ ന്യൂനമര്‍ദം (low pressure area – LPA) തീവ്രന്യൂനമര്‍മായും ( Depression ) തുടര്‍ന്ന് അതി തീവ്രന്യൂനമര്‍ദമായും ( Deep Depression ) ആയും ശക്തിപ്പെടുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പാണ്. ഈ സിസ്റ്റം ചുഴലിക്കാറ്റാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ മെറ്റ്ബീറ്റിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകര്‍ കണക്കുകൂട്ടിയിരുന്നത്.

വിവിധ രാജ്യങ്ങളിലെ മറ്റു കാലാവസ്ഥാ നിരീക്ഷകരും നവംബര്‍ അവസാനത്തോടെ ഇന്ത്യക്ക് സമീപം ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്ന നിഗമനത്തിലാണിപ്പോള്‍. സിസ്റ്റം ചുഴലിക്കാറ്റായേക്കുമെന്ന് അക്യൂവെതറിലെ സീനിയര്‍ മീറ്റിയോറളജിസ്റ്റും ഇന്റര്‍നാഷനല്‍ ഫോര്‍കാസ്റ്റിങ് മാനേജറുമായ ജാസന്‍ നിക്കോളാസ് പറഞ്ഞു.

Low pressure will likely form in the SE Bay of Bengal this weekend then can strengthen to a cyclonic storm before possibly striking southern #AndhraPradesh, #TamilNadu or #SriLanka later next week. A weak WD will bring light rain & snow to N #Pakistan & NW #India Fri & Sat. pic.twitter.com/inUnmKZSoG— Jason Nicholls ?? (@jnmet) November 22, 2024

കരകയറും മുന്‍പ് തന്നെ സിസ്റ്റം ചുഴലിക്കാറ്റായേക്കുമെന്നും തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും ഇടയില്‍ കരകയറാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിസ്റ്റം ചുഴലിക്കാറ്റായേക്കാമെന്ന നിഗമനത്തിലാണ് ദേശീയ തലത്തിലെ സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വെതറും. അന്താരാഷ്ട്ര സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ ദി വെതര്‍ ചാനല്‍ സിസ്റ്റ് തീവ്ര ന്യൂനമര്‍ദമാകുമെന്നാണ് ഏറ്റവും പുതിയ നിരീക്ഷണത്തില്‍ പറയുന്നത്.

കേരളത്തിലെ മഴ സാധ്യത എപ്പോള്‍ മുതല്‍

ഈ സിസ്റ്റം രണ്ടു ദിവസത്തിനകം ശ്രീലങ്കക്ക് സമീപം നീങ്ങുകയും തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യും. ഈ സമയം മുതല്‍ തെക്കന്‍ തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും നിലവിലെ അന്തരീക്ഷം മാറുകയും മേഘാവൃതമായ അന്തരീക്ഷം ഉടലെടുക്കുകയും ചെയ്യും. നവംബര്‍ 26 ന് കേരളത്തില്‍ മഴ ലഭിക്കാനുമാണ് സാധ്യത.

നവംബര്‍ 25 നും 26 നും ആന്ധ്രാപ്രദേശിന്റെ തീരദേശത്തും മഴ പ്രതീക്ഷിക്കാം. ന്യൂനമര്‍ദത്തിന്റെ സഞ്ചാര പാത അനുസരിച്ച് മഴയുടെ തീവ്രതയും കൂടും. 23 മുതല്‍ 25 വരെ ഈ ന്യൂനമര്‍ദം ആന്‍ഡമാന്‍ തീരത്തും മഴ നല്‍കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും 26 മുതല്‍ മഴ തുടങ്ങും.

കേന്ദ്ര കാലാവസ്ഥാ വകുപ്പും തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കനത്ത മഴ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നവംബര്‍ 27 മുതലാണ് ഈ സംസ്ഥാനങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ പ്രവചിക്കുന്നത്.

കേരളത്തില്‍ 26 ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്കുള്ള മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് 26 ന് മഞ്ഞ അലര്‍ട്ട്. 27 ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലര്‍ട്ട് നല്‍കിയിരുന്നു. 24 മണിക്കൂറില്‍ 6.45 സെ.മി മുതല്‍ 11.5 സെ.മി വരെ ശക്തിയുള്ള മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.