2023ലേത് ചൂടേറിയതും മഴ കൂടുതൽ ലഭിച്ചതുമായ മാർച്ച്; 68 മരണം 550 കന്നുകാലികളും ചത്തു

Metbeat Weather Desk

കഴിഞ്ഞ മാർച്ച് മാസം പതിവിൽ കവിഞ്ഞ രീതിയിലെന്ന് കാലാവസ്ഥാ വകുപ്പ്. ഏറ്റവും ചൂടു കൂടിയതും അതൊടൊപ്പം മഴ ലഭിച്ചതുമായ മാർച്ചാണ് 2023 ലേതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പറയുന്നു. വേനൽമഴക്കെടുതികളിൽ 68 പേർ മരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വേനൽ മഴ മാർച്ചിൽ തന്നെ തുടങ്ങിയിരുന്നു.

രാജ്യത്താകമാനം 26 ശതമാനം അധിക മഴ മാർച്ചിൽ ലഭിച്ചു. 29.9 എം.എം മഴയാണ് ദേശീയ ശരാശരിയായി മാർച്ചിൽ ലഭിക്കേണ്ടത്. എന്നാൽ 37.6 എം.എം മഴ ലഭിച്ചു. വടക്കുപടിഞ്ഞാറ് ഇന്ത്യയിൽ മാത്രമാണ് ശരാശരിയേക്കാൾ മഴ കുറഞ്ഞത്. ഇവിടെ 47.9 എം.എം മഴ ലഭിക്കേണ്ടതിനു പകരം 41.1 എം.എം മഴയാണ് ലഭിച്ചത്. 14 % മഴക്കുറവാണ് വടക്കുപടിഞ്ഞാറ് ഇന്ത്യയിൽ ലഭിച്ചത്.

ദക്ഷിണേന്ത്യയിൽ മഴ ഇരട്ടിയായി

ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മാർച്ചിൽ മഴ 107 ശതമാനം കൂടുതൽ ലഭിച്ചു. 15.5 എം.എം മഴയാണ് ശരാശരി മഴയായി മാർച്ചിൽ ലഭിക്കേണ്ടത്. എന്നാൽ 32.1 എം.എം മഴ ലഭിച്ചു. മധ്യ ഇന്ത്യയിൽ മഴ 206 ശതമാനം കൂടുതൽ ലഭിച്ചു. 7.8 എം.എം മഴ ലഭിക്കേണ്ടതിനു പകരം ലഭിച്ചത് 23.9 എം.എം മഴയാണ്. കിഴക്ക്, വടക്കുകിഴക്ക് ഇന്ത്യയിൽ 12 ശതമാനം അധിക മഴ ലഭിച്ചു.

59.7 എം.എം മഴ ലഭിക്കേണ്ടതിനു പകരം 66.9 എം.എം മഴയാണ് അധികമായി ലഭിച്ചത്. ഇന്ത്യയിൽ ആകെ 24 കാലാവസ്ഥാ ഉപ ഡിവിഷനുകളാണ് ഉള്ളത്. ഇവിടെ ഭൂരിഭാഗം ഇടങ്ങളിലും വളരെ കൂടുതൽ മഴയോ കൂടുതൽ മഴയോ ലഭിച്ചു. അഞ്ചു ഉപ ഡിവിഷനുകളിൽ സാധാരണ മഴയും നാലിൽ മഴക്കുറവും മൂന്നിൽ മഴ വളരെ കുറവും രേഖപ്പെടുത്തി.

വടക്കേ ഇന്ത്യയിൽ മഴ നൽകിയത് പശ്ചിമവാതം

ഏഴു തവണ സജീവമായ പശ്ചിമവാതം എന്ന western disturbance ആണ് മഴക്ക് കാരണമായത്. തെക്കൻ മേഖയിൽ ന്യൂനമർദപാത്തികളും കാറ്റിന്റെ ഗതിമുറിവും അഭിസരണവും ഇടിയോടെ മഴ നൽകി. കേരളത്തിൽ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. മധ്യ കേരളത്തിലും മോശമല്ലാത്ത രീതിയിൽ വേനൽ മഴ ലഭിച്ചു.

68 മരണം, 70 പേർക്ക് പരുക്ക്

വേനൽ മഴയിൽ മാർച്ചിൽ ഇന്ത്യയിലാകമാനം 68 പേരാണ് മരിച്ചത്. ഇടിമിന്നൽ, കനത്തമഴ, മണ്ണിടിച്ചിൽ, ആലിപ്പഴ വർഷം എന്നിവയിലാണ് ആളപായമുണ്ടായത്. 70 പേർക്ക് പരുക്കേറ്റു. 550 കന്നുകാലികളും ചത്തു. കേരളത്തിൽ മാർച്ച് 29 നുണ്ടായ മിന്നലിൽ രണ്ടു പേർ മരിച്ചു. തമിഴ്‌നാട്ടിലും കർണാടകയിലും ആർക്കും ആളപായമില്ല. മഹാരാഷ്ട്രയിൽ മാർച്ച് 15 നും 16 നും മിന്നലേറ്റ് ആറു പേരാണ് മരിച്ചത്. ഒഡിഷയിൽ മാർച്ച് 29 ന് മിന്നലേറ്റ് 5 പേരും തെലങ്കാനയിൽ നാലു പേരും ആന്ധ്രാപ്രദേശിൽ മാർച്ച് 28 ന് മിന്നലേറ്റ് ഒരാളും മരിച്ചു.

ഏറ്റവും കൂടുതൽ പേർ മരിച്ചത് മധ്യപ്രദേശിലാണ്. മാർച്ച് 6, 18, 20 തിയതികളിൽ മിന്നലേറ്റ് 20 പേരാണ് ഇവിടെ മരിച്ചത്. ചത്തീസ്ഗഡിൽ മാർച്ച് 16,20, 25 തിയതികളിലായി 12 പേരും മിന്നലേറ്റു മരിച്ചു.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment