കടൽ ഉൾവലിഞ്ഞ സംഭവം: ജാഗ്രത പുലർത്തണമെന്ന് കലക്ടർ, ആശങ്കപെടാനില്ല

കോഴിക്കോട്ട് കോതി ബീച്ചിനു സമീപം നൈനാംവളപ്പിൽ കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ജാഗ്രത പാലിക്കണമെന്നും എന്നാൽ സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി. ജനങ്ങൾ ഈ ഭാഗത്തേക്ക് പ്രവേശിക്കരുതെന്നും കലക്ടർ പറഞ്ഞു. ഇന്ന് വൈകിട്ടാണ് കടൽ ഉൾവലിഞ്ഞത്. ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി കടൽ തിരമാലകളില്ലാതെ നിശ്ചലമായി വെള്ളം കെട്ടിക്കിടക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഓഖി സമയത്തും സുനാമി സമയത്തും കടൽ ഉൾവലിഞ്ഞതിനാൽ ജനങ്ങൾക്കും പരിഭ്രാന്തിയുണ്ടായി. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ വിശദീകരണം.

സുനാമി മുന്നറിയിപ്പില്ല
അതേസമയം, ലോകത്ത് എവിടെയും നിലവിൽ സുനാമി മുന്നറിയിപ്പില്ലെന്ന് യു.എസ് സുനാമി വാണിങ് സിസ്റ്റം അറിയിച്ചുവെന്ന് മെറ്റ്ബീറ്റ് വെതറിലെ ഓഷ്യനോഗ്രാഫർ പറഞ്ഞു. ഫിലിപ്പൈൻസിനു സമീപം ലുസോണിൽ 6.8 തീവ്രതയുള്ള ഭൂചലനം കഴിഞ്ഞ ദിവസം ഉണ്ടായിട്ടുണ്ട്. അതിനുശേഷം അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ദക്ഷിണ ചൈന കടലിലോ പൂജനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. ഏറ്റവും പുതിയ ടൈഡ് ഡാറ്റയിലും കൊച്ചിയിലെയും ലക്ഷദ്വീപിലെയും തിരമാലകളുടെ ഉയരത്തിൽ വ്യതിയാനമില്ല. അറബിക്കടലിലും ഭൂചലനമുണ്ടായതായി വിവരമില്ലെന്നും മെറ്റ്ബീറ്റ് വെതർ അറിയിച്ചു

ആശങ്കപെടാനില്ല -KSDMA

ആശങ്കപെടാനില്ലെന്ന് ദുരന്ത നിവാരണ വകുപ്പും അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നൈനാൻ വളപ്പിൽ തീരത്ത് ഇന്ന് വൈകുന്നേരത്തോട് കൂടി കടൽ ഉൾവലിഞ്ഞതായി റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment