കടൽ ഉൾവലിയൽ: നെഗറ്റീവ് സർജും വേലിയിറക്കവും കാരണമാകാമെന്ന് വിദഗ്ധർ

കോഴിക്കോട് നൈനാംവളപ്പിൽ കോതി ബീച്ചിനടുത്ത് ശനിയാഴ്ച വൈകിട്ട് കടൽ ഉൾവലിഞ്ഞത് രാത്രിയോടെ പൂർവ സ്ഥിതിയിലായി. രാത്രി 11 ഓടെ തിര തിരികെ വന്നു തുടങ്ങി. വേലിയേറ്റത്തോടെ കടൽ പൂർണമായും പൂർവസ്ഥിതിയിലേക്ക് വന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. തൊട്ടടുത്ത പ്രദേശങ്ങളിൽ തിരയടിക്കുന്ന കടൽ ഉള്ളപ്പോഴാണ് നൈനാംവളപ്പ് ഭാഗത്ത് മാത്രം കൗതുകം നിറഞ്ഞ ഈ കടൽ കാഴ്ച ഉണ്ടായത്. ഇന്നലെയും ഇന്നുമായി വിദൂരസ്ഥലങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് നൈനാംവളപ്പ് ബീച്ച് സന്ദർശിച്ചത്.

കടൽ ഉൾവലിഞ്ഞ പ്രദേശം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. പ്രദേശവാസികളോട് സംസാരിച്ച മന്ത്രി ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പ്രദേശവാസികളോട് പറഞ്ഞു. ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും കടലിൽ ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

ആശങ്ക വേണ്ടെന്ന് വിദഗ്ധർ
ഇത് പ്രാദേശിക പ്രതിഭാസമാകാനാണ് സാധ്യതയെന്നും ആശങ്ക വേണ്ടെന്നുമാണ് കടൽ കാലാവസ്ഥ വിദഗ്ധർ പറയുന്നത്. കടൽ ഉൾവലിയലിന് സുനാമിയുമായി മാത്രമല്ല, പ്രാദേശിക തലത്തിൽ കടൽ മേഖലയിലെ കാറ്റ്, മർദ്ദ വ്യതിയാനം തുടങ്ങിയവയും കാരണമാകാറുണ്ടെന്നും ശക്തമായ ഭൂചലനം ഇല്ലാതെ സുനാമി സാധ്യത ഇല്ലെന്നും മെറ്റ്ബീറ്റ് വെതറിലെ ഓഷ്യനോഗ്രഫർ ഡോ. സി.പി അബ്ദുല്ല പറഞ്ഞു.
കടൽ ഉൾവലിയലിന് വേലിയിറക്കവും നെഗറ്റീവ് സർജ് എന്ന പ്രതിഭാസവും കാരണമാകാറുണ്ടെന്ന് റോയൽ ബെൽജിയം ഇൻസ്റ്റിട്ട്യൂട്ട് ഓഫ് നാച്ചുറൽ സയൻസിലെ റിസർച്ച് സയന്റിസ്റ്റ് ഷഹീദ് പുത്തൻ പുരയിൽ അഭിപ്രായപ്പെട്ടു. പുറം കടലിലെ അസാധാരണ കാറ്റാണ് നെഗറ്റീവ് സർജ് അഥവാ തിരമാല എതിർ ദിശയിൽ ഉൾവലിയലിന് കാരണമാകുക. ഇന്നലെ ചെറിയ രീതിയിൽ കടലിൽ വിന്റ് സർക്കുലേഷനും ദൃശ്യമായിരുന്നു. നെഗറ്റീവ് സർജും വേലിയിറക്കവും ഒന്നിച്ച് വരുന്ന ഇടങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment