kerala weather update 10/01/24: ഇന്നു മുതൽ മഴ കുറയും, ഈ മഴയെ നേരിടാൻ എന്ത് ചെയ്യണം ?

kerala weather update 10/01/24: ഇന്നു മുതൽ മഴ കുറയും, ഈ മഴയെ നേരിടാൻ എന്ത് ചെയ്യണം ?

കേരളത്തിൽ ഏതാനും ദിവസമായി തുടരുന്ന ശക്തമായ മഴക്ക് ഇന്നു മുതൽ കുറവുണ്ടാവും. ചില പ്രദേശങ്ങളിൽ ഇന്നും മഴ ലഭിക്കുമെങ്കിലും ഇന്നലത്തെപ്പോലെ വ്യാപകമായ മഴയുണ്ടാകില്ല. ഇന്നുമുതൽ മഴ കുറയും എന്ന് ഇന്നലെ metbeatnews.com ലെ അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ശ്രീലങ്കയ്ക്ക് സമീപം കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തിപ്പെടുത്താൻ പ്രധാനമായ കാരണം. ഈ ചക്രവാത ചുഴി കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് നീങ്ങുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളുടെ നിരീക്ഷകർ വ്യക്തമാക്കിയിരുന്നു.

ഇന്നുമുതൽ ചക്രവാത ചുഴി പടിഞ്ഞാറേക്ക് കൂടുതൽ വേഗത്തിൽ സഞ്ചരിച്ചു തുടങ്ങും. ഇതോടെ ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന ഈർപ്പമുള്ള കാറ്റ് തമിഴ്നാട്, കേരളം സംസ്ഥാനങ്ങളുടെ മുകളിലേക്ക് എത്തുന്നതിന് കുറവുണ്ടാകും. ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട തണുത്ത കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും സംഗമിച്ചാണ് തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇടിയോടുകൂടെയുള്ള ശക്തമായ മഴ ഉണ്ടായിരുന്നത്.

കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയും വെള്ളക്കെട്ടും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ തീരദേശം കേന്ദ്രീകരിച്ച് മഴപെയ്യും എന്നായിരുന്നു ഇന്നലെ രാവിലെയുള്ള കാലാവസ്ഥ അവലോകനത്തിൽ സൂചന നൽകിയിരുന്നത്. ഇതുപ്രകാരം ഇന്നലെ ഉച്ചയോടെ തിരൂർ ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ മഴ തുടങ്ങി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരദേശത്തും ഇടനാട്ടിലും ഇന്നലെ ഉച്ചയോടെ മഴ തുടങ്ങിയിരുന്നു.

ഉച്ചക്ക് ശേഷം കോഴിക്കോട് നഗരം ഉൾപ്പെടെ ശക്തമായ മഴ ലഭിക്കുകയും നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തു. വടക്കൻ കേരളത്തിൽ ആയിരുന്നു ഇന്നലെ ശക്തമായ മഴ റിപ്പോർട്ട് ചെയ്തത്. കിഴക്കൻ മേഖലകളേക്കാൾ ഇടനാട് പ്രദേശത്തും തീരദേശത്തും മഴ കനത്തു. ചക്രവാത ചുഴി അല്പം പടിഞ്ഞാറേയ്ക്ക് നീങ്ങിയതാണ് മഴ തീരദേശത്തേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്. ഈ സാധ്യത നേരത്തെ മനസ്സിലാക്കിയാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ മഴ തീരപ്രദേശത്ത് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ചത്.

ചക്രവാതചുഴി ഇനിയും പടിഞ്ഞാറേയ്ക്ക് നീങ്ങുന്നതിനാൽ മഴ കടലിൽ കേന്ദ്രീകരിക്കാനാണ് ഇനിയുള്ള ദിവസങ്ങളിൽ സാധ്യത. കരയിൽ മഴ കുറയുമെങ്കിലും കടലിൽ മഴ ശക്തമാകും. ചിലയിടങ്ങളിൽ ശക്തമായ കാറ്റും മിന്നലും ഉണ്ടാകും. അതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചിലയിടങ്ങളിൽ ശക്തമായ കാറ്റും മിന്നലും ഉണ്ടാകും. അതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് ഇല്ലെങ്കിലും പെട്ടെന്നുള്ള ശക്തമായ മഴയും കാറ്റും കരുതണമെന്നും Metbeat Weather ഉപദേശിക്കുന്നു. തെക്കൻ കേരള തീരത്താണ് ഇത്തരം മഴ സാധ്യത.

നാളെയോടെ ചക്രവാത ചുഴി കന്യാകുമാരി കടലിൽ നിന്ന് അറബിക്കടലിൽ എത്താനാണ് സാധ്യത. ഇതോടെ തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ അടക്കം മഴ കുറയും. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് കര തൊടാതെ ഇന്ത്യയുടെ തെക്കേ മുനമ്പിനെ ചുറ്റിവളഞ്ഞ് അറബിക്കടലിലേക്ക് സഞ്ചരിക്കുകയാണ് ചെയ്യുക. ഇതുമൂലം ഇന്നും നാളെയും തുടർന്നുള്ള ദിവസങ്ങളിലും ശ്രീലങ്കയിലും മാലദ്വീപിലും ശക്തമായ മഴ തുടരും. നാളെ രാവിലെ മുതൽ കേരളത്തിൽ തണുപ്പും വർധിച്ചു തുടങ്ങാനാണ് സാധ്യത.

ജനുവരി ഒന്നാം വാരം അവസാനിച്ചിട്ടും വടക്കു കിഴക്കൻ കാറ്റ് ഇപ്പോഴും സജീവമായി തുടരുകയാണ്. ഡിസംബർ ഓടെ വടക്കു കിഴക്കൻ കാറ്റ് (North East monsoon Wind) മന്ദഗതിയിൽ ആവുകയും തുലാവർഷം (north east monsoon) വിട വാങ്ങുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ കടുത്ത ശൈത്യം ആരംഭിച്ചിട്ടും ദക്ഷിണേന്ത്യയിൽ ഇപ്പോഴും തുലാവർഷം വിടവാങ്ങുന്ന ലക്ഷണം ഇല്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ കാറ്റിന്റെ ഗതിയിൽ മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കൂടുതൽ നിരീക്ഷണം വേണമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു.

കേരളത്തിൽ തണുപ്പ് ജനുവരി പകുതിയോടെ ആയിരിക്കുമെന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങളുടെ നിരീക്ഷകർ സൂചിപ്പിക്കുന്നുണ്ട്. തുലാവർഷം വിടവാങ്ങാത്തതാണ് ഇതിന് കാരണം. ഇത്തവണ സമയത്തിന് തുലാവർഷം എത്തിയെങ്കിലും വിടവാങ്ങാൻ (withdrawal of North East monsoon) വൈകുമെന്ന് സൂചന നേരത്തെ ലഭിച്ചിരുന്നു. തുലാവർഷം വിടവാങ്ങുന്ന സമയത്ത് രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദ്ദങ്ങളും ചക്രവാത ചുഴികളും ആണ് ഇതിന് കാരണം. കടലിന്റെ അന്തരീക്ഷത്തിൽ വന്ന മാറ്റങ്ങളാണ് ഇത്തരത്തിലുള്ള കലാവസ്ഥ സാഹചര്യം ഉടലെടുക്കാൻ പ്രേരണയായത്.

ആഗോളതലത്തിലെ താപന തോത് വർദ്ധിച്ചത്, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയാണ് കേരളത്തിന്റെ അന്തരീക്ഷത്തിലും ബാധിക്കുന്നത്. ജനുവരിയിലെ കനത്ത മഴ തങ്ങളുടെ ഓർമയിൽ ഇല്ലെന്ന് പഴമക്കാർ പറയുന്നു. ശൈത്യവിളകളും പരമ്പരാഗത കൃഷി രീതികളെയും ഇപ്പോൾ പെയ്ത കനത്ത മഴ പ്രതികൂലമായി ബാധിക്കും. മാവു പൂത്ത സമയത്തെ കനത്ത മഴ മാങ്ങയുടെ ഉത്പാദനത്തിൽ കുറവ് വരുത്തും. കൊയ്യാനായ പാടങ്ങളിൽ വെള്ളം കയറി നശിച്ചു. ഉണക്കാനിട്ട കാപ്പിക്കുരുകൾ ഒലിച്ചുപോയി. കാലാവസ്ഥ വ്യതിയാനം കേരളത്തിന്റെ കാർഷിക സാമ്പത്തിക മേഖലയെയും പ്രതികൂലമായി ബാധിക്കുകയാണ്.

അതിനാൽ കാലാവസ്ഥ ശാസ്ത്രീയമായി മനസ്സിലാക്കി അതിനനുസരിച്ച് കൃഷിയും മറ്റു ജീവിത രീതികളും ക്രമീകരിക്കുകയാണ് മുന്നിലുള്ള പോംവഴി. ഇതിനായി metbeatnews.com വെബ്സൈറ്റ് പതിവായി സന്ദർശിക്കുകയും അതിലെ വിവരങ്ങൾ വായിച്ച് മനസ്സിലാക്കുകയും ചെയ്യണം. കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ Metbeat Weather ന്റെ വെബ്സൈറ്റ് ആണിത്. കഴിഞ്ഞ അഞ്ചുവർഷമായി ഏറ്റവും കൃത്യമായ കാലാവസ്ഥ വിവരങ്ങൾ പ്രാദേശിക തലത്തിൽ നൽകുന്ന ഏജൻസിയാണ് Metbeat Weather.

ഞങ്ങളുടെ ഫേസ്ബുക്ക് പേജിലും മറ്റും തുടരുന്നതിനോടൊപ്പം വാട്സാപ്പ് ഗ്രൂപ്പ്, whatsapp ചാനൽ, ടെലഗ്രാം ചാനൽ തുടങ്ങിയവയിലും ഫോളോ ചെയ്യുക. വെബ്സൈറ്റ് പതിവായി സന്ദർശിക്കുകയും ചെയ്യുക. കാലാവസ്ഥ വ്യതിയാനം മൂലം നിങ്ങൾക്ക് നേരിട്ടേക്കാവുന്ന വൻ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ ഒരു പക്ഷേ അത് സഹായിച്ചേക്കാം. മറ്റുള്ളവരിലേക്കും ഈ വിവരം ഷെയർ ചെയ്യുക.

മിന്നൽ രക്ഷയ്ക്ക് ഞങ്ങളുടെ വെബ് സൈറ്റിലെ മിന്നൽ റഡാർ ഉപയോഗിക്കാം.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment