kerala weather 14/01/25 : ചക്രവാത ചുഴി തുടരുന്നു, ഇന്നും നാളെയും മഴ സാധ്യത
ശ്രീലങ്കക്കും കന്യാകുമാരി കടലിനും ഇടയിലെ ചക്രവാത ചുഴിയെ ( cyclonic Circulation ) തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത. ഇന്നലെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. എന്നാൽ നേരത്തെ പ്രതീക്ഷിച്ചയത്ര മഴ ലഭിച്ചിരുന്നില്ല. കന്യാകുമാരി കടലിന് സമീപത്തെ ചക്രവാത ചുഴി മൂലമുള്ള അന്തരീക്ഷ മാറ്റങ്ങളാണ് കേരളത്തിലും തമിഴ്നാട്ടിലും മഴക്ക് കാരണം.
ഇന്ന് കേരളത്തിൽ പലയിടത്തും മേഘങ്ങൾ ഉണ്ടാകും. കിഴക്കൻ മേഖലയിൽ മേഘാവൃതമായ അന്തരീക്ഷം ഉടലെടുത്തേക്കും. ഉച്ചയ്ക്ക് ശേഷം മഴ കിഴക്കൻ മേഖലയിൽ പെയ്യും. എന്നാൽ ഇന്നും പൊതുവേ മഴ കുറവ് തന്നെയാണ്. കന്യാകുമാരി കടലിനു സമീപം സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മി ഉയരത്തിലാണ് ചക്രവാത ചുഴി സ്ഥിതിചെയ്യുന്നത്.
തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലുമാണ് ഇന്നും നാളെയും കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടത്തരം മഴ പ്രതീക്ഷിക്കാം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട ചാറ്റൽ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. ശ്രീലങ്കയിലും ശക്തമായ മഴയുണ്ടാകും.
ഇന്നും നാളെയും ചക്രവാത ചുഴി ആ പ്രദേശത്ത് തന്നെ തുടരാനാണ് സാധ്യത. അതിനാൽ മഴ തമിഴ്നാട്ടിലും കേരളത്തിലും തുടരും. തുടർന്ന് ചക്രവാത ചുഴി നീങ്ങി പോവുകയും ചെയ്യും. ഇതിനു പിന്നാലെ ശ്രീലങ്കക്ക് കിഴക്കായി കടലിന് ഇടയിലായി മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെടുന്നുണ്ട്. ഇത് കേരളത്തിലും മഴ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന ചാറ്റൽ മഴ ഉൾപ്പെടെ കാർഷിക മേഖലക്ക് ദോഷമാണ്.
ജനുവരി 20ന് ശേഷം വീണ്ടും മഴ ലഭിച്ചേക്കുമെന്ന് ഞങ്ങളുടെ നിരീക്ഷകരുടെ നിഗമനം. ജനുവരി അവസാനത്തിലും മഴ സാധ്യത കാണുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ പ്രവചനങ്ങൾ പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ല. അന്തരീക്ഷ പരിവർത്തനം കാരണം മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ ഏറ്റവും അടുത്ത ദിവസങ്ങളിലെ പ്രവചനങ്ങളിലായിരിക്കും കൂടുതൽ കൃത്യത ഉണ്ടായിരിക്കുക. ഏകദേശം സൂചനകൾ മാത്രമാണ് ഇപ്പോൾ നൽകാൻ കഴിയുക.
അതിനിടെ തെക്കൻ കേരളത്തിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കാം. പൊന്മുടിയിൽ മണിക്കൂറിൽ 50 കിലോമീറ്റർ അധികം വേഗതയുള്ള കാറ്റ് റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ നിന്നുള്ള ശക്തമായ കാറ്റ് തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം മലയോര മേഖലകളിൽ വീശാനാണ് സാധ്യത.