kerala weather 08/11/24: ചക്രവാത ചുഴി, കേരളത്തിൽ ചിലയിടങ്ങളിൽ ഇന്ന് മഴ
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്ന് ഇന്ന് കേരളത്തിലും മഴ സാധ്യത. ഇന്നലെ ഈ സിസ്റ്റത്തെ തുടർന്ന് തമിഴ്നാട്ടിൽ മഴ ലഭിച്ചിരുന്നു. അത് ഇന്ന് തമിഴ്നാട്ടിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഇന്ന് ഉച്ചക്ക് ശേഷം തെക്കൻ കേരളത്തിൽ ഇടിയോടെ ശക്തമായ മഴ ലഭിക്കാനാണ് സാധ്യതയെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.
ചക്രവാത ചുഴി കിഴക്കൻ കാറ്റിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് മൂലം, സ്വാഭാവിക തുലാവർഷത്തിന് ഏതാനും ദിവസം തടസമുണ്ടാകു മെന്ന് ഇന്നലത്തെ പ്രവചന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇടിയോടെ മഴ ലഭിക്കുമെങ്കിലും അത് ചക്രവാത ചുഴിയുടെ ഭാഗമായ മഴയാണ്. ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്ര പ്രകാരം കേരളത്തിലെ തീരത്ത് ശക്തമായ മേഘ സാന്നിധ്യം ഉണ്ട്. കൊച്ചിയോട് അടുപ്പിച്ചുള്ള പ്രദേശങ്ങളിലാണ് മേഘങ്ങൾ ഉള്ളത്.
ഈ മേഘങ്ങൾ രാവിലെ കൊച്ചി തീരക്കടലിലും തീരദേശത്തും മഴ നൽകും. അതോടൊപ്പം ചെന്നൈക്കും പുതുച്ചേരിക്കും ഇടയിലുള്ള പ്രദേശത്തും സമാന രീതിയിൽ മേഘ സാന്നിധ്യം ഉണ്ട്. ഇവിടെയും ചക്രവാത ചുഴിയുടെ ഭാഗമായി ഇന്നും നാളെയും മഴ ലഭിക്കും. ശ്രീലങ്കയിൽ പരക്കെയും തമിഴ്നാടിന്റെ തെക്കൻ മേഖലയിലും ഇന്ന് മേഘാവൃതം ആയിരിക്കും. ഇവിടങ്ങളിൽ ഇന്ന് മഴ ലഭിക്കാനാണ് സാധ്യത. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലും മേഘം നിറഞ്ഞ ആകാശമാകും.
കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് കാലാവസ്ഥ വകുപ്പ് മഴ സാധ്യതയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Metbeat Weather ൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കോതമംഗലം, കറുകച്ചാൽ, ചെങ്ങന്നൂര്, കായംകുളം, ഈരാറ്റുപേട്ട, പത്തനംതിട്ട, ളാഹ, പമ്പ വൈക്കം, പുനലൂര്, വിതുര പ്രദേശങ്ങളിൽ ശക്തമായ മിന്നലോട് കൂടെയുള്ള മഴ സാധ്യത. കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകും.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ചാറ്റൽ മഴ രാത്രി പ്രതീക്ഷിക്കാം. ചക്രവാത ചുഴി കേന്ദ്രീകൃതമാകുന്നതിനാൽ ശനിയും ഞായറും മഴ കേരളത്തിൽ വിട്ടുനിൽക്കാനാണ് സാധ്യത.