kerala weather today 16/10/23
അറബി കടലിലെ തെക്കു കിഴക്കൻ മേഖലയിൽ ഇന്ന് രാത്രിയോടെ ന്യൂനമർദം (low pressure area ) രൂപപ്പെടും. അതോടൊപ്പം ലക്ഷദ്വീപിനോട് ചേർന്ന് മറ്റൊരു ചക്രവാത ചുഴിയും (cyclonic circulation) രൂപപ്പെട്ടിട്ടുണ്ട്. തമിഴ്നാടിന് സമീപത്തായി ലോവർ ട്രോപോസ്ഫിയറിൽ ( അന്തരീക്ഷത്തിലെ താഴ്ന്ന പാളി ) മറ്റൊരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.
മുകളിൽ പറഞ്ഞ വെതർ സിസ്റ്റങ്ങൾ ഇന്ന് കേരളത്തിൽ സാധാരണ മഴക്ക് കാരണമാകും. ഇന്ന് പകൽ പലയിടത്തും പ്രസന്നമായ കാലാവസ്ഥ ഉണ്ടാകുമെന്നാണ് Metbeat Weather ന്റെ പ്രവചനം. അതേ സമയം, കഴിഞ്ഞ ദിവസം തീവ്ര മഴ ലഭിച്ച തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Metbeat Weather പ്രവചന പ്രകാരം തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് വൈകിട്ടോ രാത്രിയോ ഇടിയോടു കൂടെ മഴ പ്രതീക്ഷിക്കാം. ന്യൂനമർദം രൂപപ്പെടുന്നതോടെ കേരളത്തിൽ പടിഞ്ഞാറൻ മഴ കുറയാനാണ് സാധ്യത. മധ്യ , പടിഞ്ഞാറൻ തമിഴ്നാട്ടിൽ ഇന്ന് മേഘാവൃതമാകും. ഇവിടത്തെ മേഘങ്ങൾ തമിഴ്നാട്ടിൽ തന്നെ മഴ നൽകാനാണ് സാധ്യത. കേരളത്തിൽ അസാധാരണ മഴ ഇന്നും പ്രതീക്ഷിക്കുന്നില്ല.
കാലാവസ്ഥ വിവരങ്ങൾ update ആയിരിക്കാൻ metbeat news ഇടക്കിടെ സന്ദർശിക്കുക.