kerala weather 28/04/24 : വറച്ചട്ടിയില്‍ വടക്കന്‍ ജില്ലകള്‍, ജാഗ്രത വേണം, മഴയെത്താന്‍ മെയ് ആകണം
വറച്ചട്ടിയിലാണ് കേരളം. കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് കൂടി തന്നെ നില്‍ക്കും. അടുത്ത നാലു ദിവസം കൂടി ഇതേ അന്തരീക്ഷസ്ഥിതി തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്. മെയ് ആദ്യവാരം ഒറ്റപ്പെട്ട വേനല്‍ മഴ വീണ്ടും ലഭിച്ചു തുടങ്ങും. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിന്റെ കിഴക്കേ അതിര്‍ത്തി പ്രദേശങ്ങളിലും വനങ്ങളിലുമാകും മഴ. അതുവരെ കടുത്ത ചൂട് തുടരുമെന്നും ഞങ്ങളുടെ വെതര്‍മാന്‍ പറയുന്നു.
വടക്കന്‍ ജില്ലകള്‍ വറച്ചട്ടിയില്‍, ജാഗ്രത വേണം
പാലക്കാട് ജില്ലയിലെ താപ തരംഗ മുന്നറിയിപ്പ് ഇനിയുള്ള ദിവസങ്ങളിലും തുടരാനാണ് സാധ്യത. പാലക്കാട് ജില്ലയില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്താനാണ് സാധ്യത. അതിനാല്‍ ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മെറ്റ്ബീറ്റ് വെതര്‍ നിര്‍ദേശിക്കുന്നു. പകല്‍ 11 നും 3 നും ഇടയില്‍ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല. യു.വി ഇന്റക്‌സ് വളരെ കൂടുതലായതിനാല്‍ സൂര്യാഘാത സാധ്യത കുടുതലാണ്. സൂര്യാഘാതം പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നതാണെന്ന് മനസിലാക്കണം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണം.
ഈ ചൂട് നിങ്ങള്‍ക്ക് നേരത്തെ പരിചയമില്ല
എത്രകാലം ഈ നാട്ടിലെ ചൂടും വെയിലും ഏറ്റതാണ് എന്ന മട്ടില്‍ നേരിട്ട് വെയിലേല്‍ക്കരുത്. ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി നിങ്ങള്‍ക്ക് മുന്‍പരിചയമുള്ളതല്ല. 2006 ലെ എല്‍നിനോ കാലത്തും ഇത്തരം അന്തരീക്ഷസ്ഥിതി സംസ്ഥാനത്ത് സംജാതമായിട്ടില്ല. മധ്യ കേരളം മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ് ചൂടിനെ നേരിടാന്‍ പ്രത്യേക തയാറെടുപ്പ് നടത്തേണ്ടത്.
പാലക്കാട്ട് ഇത്രയും ചൂട് 37 വര്‍ഷം മുന്‍പ്
പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്നലെ താപ തരംഗം അനുഭവപ്പെട്ടത്. ശനിയാഴ്ച സാധാരണയേക്കാള്‍ 5.1 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഇന്നലെ സാധാരണയേക്കാള്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപ്പെടുത്തി. പാലക്കാട് ഇത്രയും ചൂട് 1987 ലാണ് രേഖപ്പെടു്ത്തിയത്. പാലക്കാട്ട് കഴിഞ്ഞ മൂന്നു ദിവസം രേഖപ്പെടുത്തിയത് ശരാശരിയേക്കാള്‍ 5.2 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറയുന്നു.
എല്‍നിനോ വര്‍ഷമായ 2016 ഏപ്രില്‍ 27 ന് പാലക്കാട്ട് 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. 1951 ന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ചൂടായിരുന്നു ഇത്. പാലക്കാടിനൊപ്പം മറ്റു ജില്ലകളിലും ചൂട് കൂടുകയാണ്. കണ്ണൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരില്‍ 38.4 ഡിഗ്രി സെല്‍ഷ്യസും കൊല്ലം ജില്ലയിലെ പുനലൂരിലും തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയിലും 38.2 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട് 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴയില്‍ 37.3 ഡിഗ്രി സെല്‍ഷ്യസും കോട്ടയത്ത് 37 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.
മഴയെത്താന്‍ മെയ് മാസമാകും
ഇപ്പോള്‍ കടുത്ത ചൂട് രേഖപ്പെടുത്തുന്ന വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ മഴ എത്താന്‍ മെയ് ആദ്യവാരമാകും. മെയ് 4 മുതല്‍ 8 വരെയാണ് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ പ്രതീക്ഷിക്കുന്നത്. അതുവരെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ തുടരും. ഇന്നും (ഞായര്‍) തെക്കന്‍ കേരളത്തില്‍ വേനല്‍ മഴ ലഭിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് വൈകിട്ടും രാത്രിയും മഴ സാധ്യതയുള്ളത്.