കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ലഭിച്ച വേനൽ മഴക്ക് ഇന്നും നാളെയും താരതമ്യേന കുറവുണ്ടാകും. കഴിഞ്ഞ മൂന്നുദിവസമായി വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഴ ലഭിച്ചത്. ഇന്നും വയനാട്, മലപ്പുറം, പാലക്കാട് ജില്ലകൾ ചേരുന്ന ചില ഭാഗങ്ങളിൽ ഇടിയോടെ മഴ ലഭിക്കും. പക്ഷേ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് ബാധിക്കില്ല. പൂർണമായും ഒറ്റപ്പെട്ട മഴ ആയിരിക്കും ലഭിക്കുക. മഴയ്ക്ക് ശക്തിയും ദൈർഘ്യവും കുറവായിരിക്കും.വയനാട് ജില്ലയുടെ തെക്കുപടിഞ്ഞാറൻ മേഖല, കോഴിക്കോട് ജില്ലയുടെ തെക്കു കിഴക്കൻ മേഖല, മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര മേഖല, പാലക്കാട് ജില്ലയുടെ മലയോരമേഖല എന്നിവിടങ്ങളിൽ ഇന്ന് നേരിയതോതിൽ മഴ ലഭിക്കും. ഏപ്രിൽ ഒന്നിന് ഈ പ്രദേശങ്ങളിൽ ഇന്നത്തെ പോലെ മഴ കുറവായിരിക്കും.
തെക്കൻ, മധ്യകേരളങ്ങളിലും ഏതാനും ദിവസങ്ങൾക്കു മുമ്പ് ലഭിച്ചതുപോലെയുള്ള ശക്തമായ മഴയൊന്നും ഇന്നും നാളെയും ലഭിക്കില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ഒന്നോ രണ്ടോ കിലോമീറ്റർ ചുറ്റളവിൽ മാത്രം ഒതുങ്ങുന്ന അരമണിക്കൂറിൽ കൂടുതൽ നേരം നീണ്ടുനിൽക്കാത്ത മഴക്ക് സാധ്യതയുണ്ട്. നാളെയും ഇതേ അന്തരീക്ഷ സ്ഥിതിയാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ശനിയാഴ്ചക്ക് ശേഷം തെക്കൻ മധ്യ കേരളത്തിന്റെ കിഴക്കൻ മേഖലകളിലേക്ക് കുറച്ചുകൂടി മഴ ശക്തമായി തുടങ്ങും. വടക്കൻ മേഖലയിൽ മഴ കുറയുകയും ചെയ്യും. ഏപ്രിൽ മാസത്തെ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വ്യക്തമായി വിവരങ്ങൾ അടുത്ത ദിവസങ്ങളിലെ നിരീക്ഷണങ്ങളിലെ തീർച്ചപ്പെടുത്താൻ കഴിയുകയുള്ളൂ.
മഴ വിട്ടുനിൽക്കുന്നതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽ ചൂട് ഉയർന്നു തുടങ്ങും. കേരളത്തിൻറെ ഇടനാട്, തീരദേശ മേഖലകളിൽ ഇന്നും നാളെയും പകൽ താപനില 33 ഡിഗ്രി മുതൽ 37 ഡിഗ്രി വരെ അനുഭവപ്പെടും. ഹിൽ സ്റ്റേഷനുകളിൽ മാത്രമാണ് ഈ സീസണിലെ സാധാരണയിൽ കുറവ് താപനില ഇന്നും നാളെയും അനുഭവപ്പെടുകയുള്ളൂ. എല്ലാം സാധാരണയേക്കാൾ കൂടുതൽ താപനിലയാണ് ഇന്നും നാളെയും പ്രതീക്ഷിക്കുന്നത്. വെയിലിന് ചൂട് കൂടുന്നതിനാൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. സൂര്യാഘാത മുന്നറിയിപ്പുകളും പാലിക്കുക.