എന്നെ വെറുതെ കളയല്ലേ ഞാൻ അത്ര നിസ്സാരക്കാരൻ ഒന്നുമല്ല: ഇലയും പൂവുമടക്കം ഭക്ഷണത്തിന്റെ ഭാഗമാക്കൂ; ഗുണങ്ങൾ നിരവധി

ഒരേയൊരു ജനുസ് മാത്രമുള്ള ഒരു സസ്യകുടുംബമാണ് മൊരിൻഗേസീ (Moringaceae). കുറ്റിച്ചെടികൾ മുതൻ വലിയ മരങ്ങൾ വരെയുള്ള മുരിങ്ങ എന്ന ഈ ജനുസിൽ 13 സ്പീഷിസുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ നട്ടുവളർത്തുന്ന സ്പീഷിസാണ് മുരിങ്ങ (Moringa oleifera). മിക്ക സ്പീഷിസുകളും ഏതുതരം പരിസ്ഥിതിയിലും വളരുന്നവയാണ്.പല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ്‌ വളരുന്നത്‌.

മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്‌. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ.മുരിങ്ങയുടെ ഇല, പൂവ്, വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നന്ന്.

വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റീ ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ് മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു.
മുരിങ്ങയിലയിലുള്ള വൈറ്റമിൻ–സി രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായകരമാണ്.

നാരുകൾ അടങ്ങിയതിനാൽ ശോധനയ്ക്കു നന്ന്. മുരിങ്ങയില സ്ഥിരം കഴിക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കും. കുട്ടികളുടെ ശരീരപുഷ്ടിക്കും, കൃമിശല്യം ഒഴിവാക്കാനും രക്തശുദ്ധീകരണത്തിനും മുരിങ്ങയില കഴിക്കുന്നതു ഫലപ്രദമാണ്. മുരിങ്ങയിലത്തോരൻ ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും, മുലയൂട്ടുന്നവർക്കു മുലപ്പാൽ വർധിക്കാനും, പുരുഷബീജത്തിന്റെ ശരിയായ വളർച്ചയ്ക്കും സഹായകം.

മുരിങ്ങയില തേൻ ചേർത്തു കഴിക്കുന്നത് തിമിര രോഗബാധ തടയുന്നു. മുരിങ്ങയില ജ്യൂസ് ഉപ്പിട്ടു കുടിച്ചാല്‍ വായുകോപം ഒഴിവാക്കാം. ചർമരോഗങ്ങളും അകാലനരയും ഇല്ലാതാക്കി ചെറുപ്പം നിലനിർത്താനും ഇതു സഹായിക്കുന്നു. ഹൃദയം, വൃക്ക, കരൾ മുതലായ അവയവങ്ങളുടെ ആരോഗ്യത്തിനും, മൂലക്കുരു തടയുന്നതിനും ഉപകാരപ്രദമാണ്.

മുരിങ്ങയില ഉപ്പുചേർത്ത് അരച്ച് നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ, നീര് വലിയുകയും വേദന കുറയുകയും ചെയ്യും. മുരിങ്ങയില ഇട്ടു വേവിച്ച വെള്ളത്തിൽ ഉപ്പും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് ജീവിതശൈലീ രോഗങ്ങൾ തടയും.

മുരിങ്ങയിലച്ചായ ശരീരവേദനയ്ക്കു ശമനമുണ്ടാക്കും. മുരിങ്ങയില ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചാല്‍ മതി. ഇതിനായി മുരിങ്ങയില തണ്ടോടെ അടര്‍ത്തിയെടുത്ത് പേപ്പറിൽ അമർത്തിപ്പൊതിഞ്ഞുവച്ച് എട്ട് മണിക്കൂ റിനുശേഷം എടുത്തു കുടഞ്ഞാൽ അനായാസം ഇലകൾ തണ്ടിൽനിന്നു വേർപെട്ടു കിട്ടും. ഇങ്ങനെ പൊടിച്ചെടുത്ത പൊടി, വായു കടക്കാത്ത ടിന്നുകളിലോ കവറുകളിലോ സൂക്ഷിച്ചുവയ്ക്കാം.

അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ മുരിങ്ങ അമിതമായി കഴിച്ചാൽ ദഹനക്കേടും വയറിളക്കവുമുണ്ടാകാം. മുരിങ്ങ അബോർട്ടീവ് മെഡിസിൻകൂടി ആയതിനാൽ ഗർഭാവസ്ഥയിലെ ആദ്യമാസങ്ങളിൽ ഇതു കഴിക്കരുത്.

ചെടി മുരിങ്ങ

നല്ലയിനം വിത്തുകൾ തിരഞ്ഞെടുത്ത്, 6 മുതൽ 8 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തിടുക. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിത്തുകൾ ഒഴിവാക്കേണ്ടതാണ്. പിന്നീട് ചകിരിച്ചോർമിശ്രിതത്തിൽ വിത്തുകൾ പാകി നനയ്ക്കുക. രണ്ടാഴ്ച വളർച്ചയാകുമ്പോൾ മാറ്റി ചട്ടിയിലേക്ക് നടുക. ചട്ടികൾ തയാറാക്കുമ്പോൾ ചുണ്ണാമ്പ് ചേർത്ത മണ്ണ് ഉപയോഗിക്കുന്നതാണ് നല്ലത്. അടിവളമായി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ആട്ടിൻകാഷ്ഠം മിശ്രിതം നൽകാം.

ഒരടി ഉയരം എത്തുമ്പോൾ അറ്റം നുള്ളിക്കൊടുക്കുന്നത് വശങ്ങളിലെ ശിഖരങ്ങൾ വേഗത്തില്‍ വളരാനും വിളവ് വർധിക്കാനും സഹായിക്കും. ഒരു പൊടിക്കൈ എന്ന നിലയ്ക്ക് കഞ്ഞിവെള്ളം ചെറുചൂടോടെ കടഭാഗത്തു തട്ടാതെ തടത്തിൽ ഒന്നരാടം ഒഴിച്ചുകൊടുക്കുന്നതു കൊള്ളാം. മാതൃസസ്യത്തിൽനിന്നു കമ്പ് മുറിച്ച് നട്ടും മുരിങ്ങ വളർത്താം. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ മണ്ണ് കയറ്റിയിടുന്നതു നന്ന്.വരണ്ട ഇടങ്ങളിൽ കൃഷിചെയ്യാൻ കഴിയുന്ന മുരിങ്ങയ്ക്ക് ചെലവേറിയ ജലസേചനമാർഗ്ഗങ്ങൾ ആവശ്യമില്ല.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment