kerala weather forecast 16/12/23 : ശ്രീലങ്കക്ക് സമീപത്തെ ചക്രവാതച്ചുഴി: കേരളത്തില്‍ ഈ പ്രദേശങ്ങളില്‍ നാളെ ശക്തമായ മഴ സാധ്യത

kerala weather forecast 16/12/23 : ശ്രീലങ്കക്ക് സമീപത്തെ ചക്രവാതച്ചുഴി: കേരളത്തില്‍ ഈ പ്രദേശങ്ങളില്‍ നാളെ ശക്തമായ മഴ സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശ്രീലങ്കയോട് ചേര്‍ന്ന് രൂപം കൊണ്ട് ചക്രവാതച്ചുഴി (cyclonic circulation) മൂലം കേരളത്തില്‍ ഉള്‍പ്പെടെ മഴ സാധ്യത. ഇക്കാര്യം ഈ മാസം 14 ന് Metbeat Weather സൂചിപ്പിച്ചിരുന്നതായി ഈ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കുമെന്നും തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും മഴ ലഭിക്കുമെന്നും ഡിസംബര്‍ 13 ലെ പോസ്റ്റിലും സൂചിപ്പിച്ചിരുന്നു. ഇന്നലെ മഴ സാധ്യത മുന്നില്‍ക്കണ്ട് നാളെ രണ്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട് കനത്ത മഴ

ചക്രവാതച്ചുഴിയുടെ സാഹചര്യത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കന്‍ തമിഴ്‌നാട്, തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മലയോര മേഖലകളിലാണ് ശക്തമായ മഴ സാധ്യതയുള്ളതെന്നും ഇന്നു രാത്രി വൈകിയും നാളെയും മഴ പ്രതീക്ഷിക്കാമെന്നും മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.

അന്തരീക്ഷസ്ഥിതി ഇങ്ങനെ

അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇത് ഈ മേഖലയില്‍ മേഘരൂപീകരണം നടത്തുന്നുവെന്ന് രാവിലത്തെ ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്. പാക് കടലിടുക്ക്, മാന്നാര്‍ കടലിടുക്ക്, കന്യാകുമാരി കടല്‍ മേഖലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇന്നു മുതല്‍ 48 മണിക്കൂര്‍ സാധ്യതയുണ്ട്. തമിഴ്‌നാടിന്റെ കിഴക്കന്‍ തീരദേശം, ചെന്നൈ, പുതുച്ചേരി, നാഗപട്ടണം തീരങ്ങള്‍, കന്യാകുമാരി, നാഗര്‍കോവില്‍, മധുരൈ ജില്ലകള്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴ സാധ്യതയ്ക്ക് ഈ സിസ്റ്റം കാരണമാകും.

ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രപ്രകാരം കേരള തീരത്തെ മേഘ സാന്നിധ്യം

കഴിഞ്ഞ ദിവസത്തെ അവലോകന റിപ്പോര്‍ട്ടില്‍ ചെന്നൈയില്‍ മഴയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും മഴ സാധ്യത അല്‍പം കൂടി വൈകിയതാണ്. 17 മുതല്‍ 19 വരെയുള്ള തിയതികളിലാണ് ചെന്നൈ ഉള്‍പ്പെടെ മഴ സാധ്യതയുള്ളത്. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, താമ്പരം, കാരൈക്കല്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ മഴ പ്രതീക്ഷിക്കണം.

തെക്കുകിഴക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുകുടി, ശിവഗംഗ, നാഗപട്ടണം എന്നിവിടങ്ങളിലും മഴ ലഭിക്കും.

കേരളത്തില്‍ ഇന്ന് ശനി മഴ സാധ്യത

കേരളത്തില്‍ ഇന്ന് 16-12-23 ന് നേരിയ മഴ സാധ്യതയാണുള്ളത്. പാലക്കാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ തീരദേശം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളില്‍ ഇന്ന് ചാറ്റല്‍ മഴക്ക് സാധ്യതയുണ്ട്. കന്യാകുമാരി കടലില്‍ ഇടിയോടെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണം.

കേരളത്തില്‍ നാളെ (ഞായര്‍) മഴ സാധ്യത

പത്തനംതിട്ട ജില്ലയിലെ അടൂര്‍, ഏനാദിമംഗലം, പത്തനംതിട്ട, പത്തനാപുരം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ശൂരനാട്, ചാവടി, ഭരണിക്കാവ്, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, പൂവാറന്‍തോട്, ബാലുശ്ശേരി, നെല്ലിയം, തലയാട്, ബാലുശ്ശേരി, തോട്ടുമുക്കം, കൊയിലാണ്ടി, എലത്തൂര്‍, ബേപ്പൂര്‍, പേരാമ്പ്ര, അത്തോളി മലപ്പുറം ജില്ലയിലെ എടവണ്ണ, ചെട്ടിപ്പടി, താനൂര്‍, ആലപ്പുഴ ജില്ലയിലെ ചെല്ലാനം, ആര്‍ത്തുങ്കല്‍, എറണാകുളം ആലുവ, കളമശ്ശേരി, അങ്കമാലി, പെരുമ്പാവൂര്‍, കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള പ്രദേശം, എന്നിവിടങ്ങളില്‍ വൈകിട്ട് നാലിനും പുലര്‍ച്ചെ നാലിനും ഇടയില്‍ ഇടിയോടെ ശക്തമായ മഴക്ക് സാധ്യത.

എല്ലായിടത്തും മഴയില്ല, വിനോദ സഞ്ചാരികള്‍ കരുതണം

കേരളത്തില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകില്ലെന്നും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഒറ്റപ്പെട്ട പ്രദേശങ്ങിലെ ശക്തമായ മഴക്ക് സാധ്യതയെന്നും മെറ്റ്ബീറ്റ് പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടുക്കി ഉള്‍പ്പെടെ കിഴക്കന്‍ മലയോര മേഖലയിലെ വിനോദസഞ്ചാരികള്‍ പ്രതികൂല കാലാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. അതിനാല്‍ ഈ മേഖലയിലേക്ക് പോകുന്നവര്‍ കാലാവസ്ഥാ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ മുന്നറിയിപ്പുകള്‍ പാലിക്കുക.

Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment