kerala weather 21/11/24: ബംഗാൾ ഉൾക്കടലിൽ രണ്ടു ദിവസത്തിനകം ന്യൂനമർദ സാധ്യത
തെക്കൻ ബംഗാൾ ഉൾക്കടലിൽ രണ്ടു ദിവസത്തിനകം ന്യൂനമർദ്ദ സാധ്യത. ഈ മേഖലയിൽ രൂപപ്പെട്ട അന്തരീക്ഷച്ചുഴി (upper air circulation – uac) ആണ് ന്യൂനമർദമായി മാറുക. ശനിയാഴ്ചയോടെ ന്യൂനമർദം (Low pressure area – LPA) രൂപപെട്ടേക്കും. ഇത് തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും മഴക്ക് കാരണമാകുമെന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ നിഗമനം.
അതേസമയം, കന്യാകുമാരി കടലിലും തെക്കു കിഴക്കൻ അറബി കടലിൽ കേരള തീരത്തോട് ചേർന്നും രൂപം കൊണ്ട ചക്രവാത ചുഴികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ചക്രവാത ചുഴിയുടെ സ്വാധീനത്താൽ കനത്ത മഴ തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ലഭിച്ചിരുന്നു.
മുകളിൽ പറഞ്ഞ വെതർ സിസ്റ്റത്തിൻ്റെ കാരണത്താൽ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ ഇന്നും തുടരും. ചിലയിടങ്ങളിൽ ഇടിയോടെ മഴ ലഭിക്കും. എന്നാൽ ഇന്നലെ ലഭിച്ച മഴയുടെ ശക്തി ഇന്ന് ഉണ്ടാകില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ വരണ്ട കാലാവസ്ഥയ്ക്ക് സാധ്യത. മറ്റു വടക്കൻ ജില്ലകളിലും വരണ്ട കാലാവസ്ഥക്ക് സമാന സാഹചര്യം ആണ് അനുഭവപ്പെടുക.