ചക്രവാതച്ചുഴി: രാമേശ്വരത്ത് സൂപ്പര്‍ മേഘവിസ്‌ഫോടനം; 125 വര്‍ഷത്തെ ഏറ്റവും വലിയ മഴ
കന്യാകുമാരി കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് രാമേശ്വരത്ത് മേഘവിസ്‌ഫോടനം. 125 വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴയാണ് രാമേശ്വരത്ത് പെയ്തത്. ഇന്നലെ രാത്രി മുതല്‍ തെക്കന്‍ തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും മഴ ശക്തിപ്പെട്ടിരുന്നു. രാമേശ്വരം ഉള്‍പ്പെടെ തെക്കന്‍ തമിഴ്‌നാട്ടില്‍ വ്യാപക മഴയാണ് പെയ്തത്.
രാമേശ്വരത്തിൽ 4 മണിക്കൂറില്‍ 41.1 സെ.മി മഴ ലഭിച്ചു. തെക്കന്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചിരുന്നു. തിരുനെല്‍വേലിയില്‍ രണ്ടു ദിവസമായുള്ള മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ കെ.പി കാര്‍ത്തികേയന്‍ ഇന്ന് അവധി നല്‍കിയിരുന്നു.
തെങ്കാശി, തൂത്തുകുടി ജില്ലകളിലും അവധി നല്‍കി. രാമനാഥപുരത്തും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയിരുന്നു. തിരൂവാരൂരില്‍ ജില്ലാ കലക്ടര്‍ ടി. ചാരുശ്രീ അവധി പ്രഖ്യാപിച്ചു. കാരൈക്കലില്‍ ജില്ലാ കലക്ടര്‍ ടി മണികണ്ഠനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
രാമേശ്വരത്ത് മൂന്നു മണിക്കൂറില്‍ 36.2 സെ.മി മഴ ലഭിച്ചിരുന്നു. ഇത് സൂപ്പര്‍ മേഘവിസ്‌ഫോടനമാണെന്നാണ് തമിഴ്‌നാട് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പ്രദീപ് ജോണ്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറില്‍ 20.4 സെ.മി മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. രാമനാഥപുരം, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ഇന്ന് തീവ്ര മഴ പ്രവചിച്ചിരുന്നത്.
അതേസമയം, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. മയിലാടുതുറൈ, തഞ്ചാവൂര്‍, പുതുകോട്ടൈ, ശിവഗംഗ, തൂത്തുകുടി, വിരുദുനഗര്‍, തെങ്കാശി ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.