kerala weather 17/12/24 : ന്യൂനമർദം തമിഴ്നാട്ടിൽ ശക്തമായ മഴ ലഭിക്കും, ഇന്ന് കേരളത്തിലും മഴ സാധ്യത
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തിപ്പെടാതെ തുടരുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം ( low pressure area – LPA ) ഇന്ത്യയുടെ തീരം ലക്ഷ്യമാക്കി നീങ്ങുകയും ശക്തി കൂടിയ ന്യൂനമർദമാകാനും ( well marked low pressure – WML) സാധ്യത. ഇന്നുമുതൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള മഴ തമിഴ്നാട്ടിൽ ലഭിക്കും. പുതുച്ചേരിയിലും തമിഴ്നാടിന്റെ തീരദേശ മേഖലകളിലും ആണ് മഴ ശക്തമാവുക.
ആന്ധ്രയിലും തമിഴ്നാട്ടിലും ശക്തമായ മഴ സാധ്യത
ആന്ധ്രപ്രദേശിലും ന്യൂനമർദ്ദത്തെ തുടർന്ന് മഴ ലഭിക്കും. ആന്ധ്രപ്രദേശിലെ ചിറ്റൂർ, തിരുപ്പതി മേഖലകളിലും തമിഴ്നാട്ടിലെ ചെന്നൈ, തിരുവണ്ണാമലൈ, കാവേരി പട്ടണം, തഞ്ചാവൂര്, കാരൈകുടി മേഖലകളിൽ ഇന്ന് മുതൽ ശക്തമായ മഴ ലഭിക്കും. പുതുച്ചേരിയിലും ഇന്നുമുതൽ വെള്ളിയാഴ്ച വരെ മഴ ലഭിക്കും.
കേരളത്തിലും ഇന്ന് മഴ സാധ്യത
ന്യൂനമർദ്ദത്തിന്റെ ഭാഗമല്ലെങ്കിലും കേരളത്തിലും ഇന്ന് മഴ സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം സാധാരണ മഴ സാധ്യതയെന്ന് Metbeat Weather പറയുന്നു.
ചെന്നൈയിലും മഴ കനക്കും
വ്യാഴാഴ്ച മുതൽ മഴ വടക്കൻ തമിഴ്നാട്ടിലേക്ക് കേന്ദ്രീകരിക്കും. ചെന്നൈ മുതൽ തഞ്ചാവൂർ വരെ മഴ ലഭിക്കുമെങ്കിലും ചെന്നൈക്കും പുതുച്ചേരി ഇടയിലുള്ള പ്രദേശത്താണ് അതിശക്തമായ മഴയുണ്ടാവുക. തഞ്ചാവൂരിന് തെക്ക് മഴ സാധ്യത കുറയും. ആന്ധ്രയിലെ തിരുപ്പതിയിലും കനത്ത മഴ വ്യാഴാഴ്ച പ്രതീക്ഷിക്കാം. വ്യാഴാഴ്ച കേരളത്തിൽ പൊതുവേ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.
വെള്ളിയാഴ്ച തഞ്ചാവൂര്, തിരുച്ചി, നാമക്കൽ, സേലം തുടങ്ങിയ പ്രദേശങ്ങളിൽ സാധാരണ മഴ ലഭിക്കും. പുതുച്ചേരിയിൽ ഒറ്റപ്പെട്ട മഴ സാധ്യത. ചെന്നൈയിലും വ്യാഴാഴ്ച ലഭിച്ച ശക്തിയിൽ മഴ ഉണ്ടാകില്ല. വെള്ളിയാഴ്ച ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലാണ് ശക്തമായ മഴ സാധ്യത. തിരുപ്പതിയിൽ കനത്ത മഴ വെള്ളിയാഴ്ചയും തുടരും.
അറബിക്കടലിൽ ന്യൂനമർദ്ദം അകന്നു
അതേസമയം അറബിക്കടലിൽ എത്തിയ നൂനമർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് വളരെ അകന്നാണ് സ്ഥിതി ചെയ്യുന്നത്. ഇത് ചിലപ്പോൾ അല്പം ശക്തിപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും മത്സ്യബന്ധനത്തിനെ പ്രതികൂലമായി ബാധിക്കാനോ ഏതെങ്കിലും രാജ്യങ്ങളുടെ തീരപ്രദേശത്ത് മഴ നൽകാനോ മറ്റോ കാരണം ആകില്ല.
കേരളത്തിലെ തണുപ്പ് വ്യാഴം വരെ
ഉത്തരേന്ത്യയിൽ തരംഗം തുടരും. പശ്ചിമവാതം വെള്ളിയാഴ്ചക്ക് ശേഷം വീണ്ടും ശക്തിപ്പെടുകയാണ്. അതിനാൽ ഹരിയാനയിലും ഉത്തർപ്രദേശിൽ അടക്കം മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. പകൽതാപനിലയും രാത്രി താപനിലയും ഉത്തരേന്ത്യയിൽ കുറയും. കേരളം ഉൾപ്പെടെയുള്ള ദക്ഷിണ ഇന്ത്യയിലെ രാത്രി കാലാവസ്ഥ വ്യാഴം വരെ തണുപ്പുള്ളതാകും. കേരളത്തിൻ്റെ കിഴക്കൻ മേഖലകളിലും വടക്കൻ ജില്ലകളിലും ആണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുക. തീരദേശങ്ങളിൽ രാത്രിയിലും ചൂടുള്ള കാലാവസ്ഥ തുടരും.