kerala weather 04/11/24 : തുലാമഴ താൽക്കാലികമായി ദുർബലമാകും, കാരണം അറിയാം
കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്ന തുലാ മഴ താൽക്കാലികമായി ദുർബലമാകുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ട്രഫ് (ന്യൂനമർദ പാത്തി ) രൂപപ്പെടുന്നതാണ് കാരണം. ഇത് കിഴക്കൻ കാറ്റിൻ്റെ (Esterlies) ഒഴുക്ക് ഇന്ത്യയുടെ തീരപ്രദേശങ്ങളിലേക്ക് കുറയുന്നതാണ് കാരണം. ഇതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ അന്തരീക്ഷ ചുഴിയും രൂപപ്പെടാനിരിക്കുന്നു. അടുത്ത 2-3 ദിവസത്തിനുള്ളിൽ അന്തരീക്ഷ ചുഴി രൂപം കൊള്ളുമെന്നാണ് Metbeat Weather നിരീക്ഷിക്കുന്നത്.
ഇന്നു മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം മഴ ചുരുങ്ങും. കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ എല്ലായിടത്തും തുലാവർഷം കുറച്ചുദിവസത്തേക്ക് മന്ദഗതിയിലാകും എന്നാണ് നിരീക്ഷണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. അന്തരീക്ഷ ചുഴി രൂപപ്പെട്ട ശേഷം കേരളത്തിൽ ഈ മാസം 10ന് ശേഷം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വീണ്ടും മഴ സജീവമാകും.
നവംബർ 7 മുതൽ തമിഴ്നാട് ഉൾപ്പെടെ ഒറ്റപ്പെട്ട മഴ ലഭിക്കും. ചെന്നൈ പുതുച്ചേരി ഉൾപ്പെടെയുള്ള തീരെ മേഖലകളിലാണ് കിഴക്കൻ കാറ്റ് കര തൊട്ട ശേഷം അന്തരീക്ഷ ചുഴിയിലേക്ക് പ്രവഹിക്കുന്നത് മൂലം മഴ ലഭിക്കാൻ സാധ്യത. ഇത്തരത്തിൽ തീരദേശത്ത് പെയ്യുന്ന മഴയ്ക്ക് ശക്തി കൂടുതലും വെള്ളക്കെട്ടുകൾ ഉണ്ടാക്കാൻ പര്യാപ്തവുമാണ്.
വരും ദിവസങ്ങളിൽ പ്രാദേശിക കാലാവസ്ഥ നിരീക്ഷിച്ച ശേഷം ചെന്നൈ ഉള്ള കിഴക്കൻ തീരെ മേഖലകളിലേക്ക് യാത്ര ചെയ്യാവുന്നതാണ്. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് ഡാമുകളിലെ നീരൊഴുക്ക് വർദ്ധിച്ചു.
തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും തുലാമഴ ശക്തിപ്പെട്ടതിനാൽ കിഴക്കൻ മേഖലകളിലെ ഡാമുകളിലെ നീരൊഴുക്കും കൂടിയിട്ടുണ്ട്.
പാലക്കാട് മലമ്പുഴ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തി. പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി. നാല് സ്പില്‍വേ ഷട്ടറുകള്‍ മൂന്നു സെന്‍റി മീറ്ററായാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തിയത്.
ഇതേ തുടര്‍ന്ന് കൽപ്പാത്തി, മുക്കൈ, ഭാരതപുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം നല്‍കി. 2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പിൽ എത്തുന്നത്. ഇതോടെ ഡാമിന്‍റെ പൂർണ സംഭരണ ശേഷിയായ 226 Mm3 ലേക്ക് എത്തും. പരമാവധി ജലനിരപ്പിൽ എത്തിയതിനാൽ ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.