കേരളത്തിൽ സെപ്റ്റംബർ മാസത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴലഭിച്ചു. 272.7 mm മഴയാണ് സെപ്റ്റംബർ മാസത്തിൽ സാധാരണ ലഭിക്കേണ്ടത്. എന്നാൽ 274.6 mm മഴ ഇതുവരെ ലഭിച്ചു. ഇടുക്കി വയനാട് തൃശ്ശൂർ പാലക്കാട് കോട്ടയം ഒഴികെയുള്ള മറ്റു ജില്ലകളിലും സെപ്റ്റംബറിൽ ലഭിക്കേണ്ട മഴ മുഴുവൻ ലഭിച്ചു കഴിഞ്ഞു. പല ജില്ലകളിലും തീവ്രമായ മഴ ലഭിച്ചിട്ടുണ്ട്.
കാലവർഷത്തിലെ മഴ കുറവ്
ജൂൺ ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ കുറവ് കേരളത്തിൽ രേഖപ്പെടുത്തിയത്. ജൂണിൽ 260.3 mm മഴയാണ് ലഭിച്ചത്. 60% മഴ കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ 60 ശതമാനം മാത്രമാണ് മഴ ലഭിച്ചത്. 87 ശതമാനം മഴ കുറവ് ആണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതൽ മഴ കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് മാസത്തിലാണ്. ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് ജൂലൈയിൽ 9 ശതമാനം മാത്രമാണ് മഴ കുറവ്. 653 എം എം മഴ ലഭിക്കേണ്ട ജൂലൈയിൽ 592 mm മഴ ലഭിച്ചു. സെപ്റ്റംബറിൽ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചെങ്കിലും കാലവർഷത്തിലെ മഴക്കുറവ് പൂർണ്ണമായും പരിഹരിക്കാൻ സെപ്റ്റംബറിലെ മഴയ്ക്ക് സാധിച്ചിട്ടില്ല.
നിലവിൽ 38 ശതമാനം മഴ കുറവാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയത്. 38% മഴ കുറവിലേക്ക് എത്തിക്കാൻ സെപ്റ്റംബറിലെ മഴയ്ക്ക് സാധിച്ചു എന്നത് ആശ്വാസകരമാണ്.
ഈ മാസം 25 ഓടെ കാലവർഷം വിടവാങ്ങി തുടങ്ങും
വടക്ക് പടിഞ്ഞാറൻ ഇന്ത്യക്ക് മുകളിൽ അതി-മർദമേഖല സാവധാനം രൂപപ്പെടുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ സെപ്റ്റംബർ ഇരുപത്തിയഞ്ചോടെ (25/09/2023) പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷ-പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
സെപ്റ്റംബർ 20ന് ശേഷം കാലവർഷം പിൻവാങ്ങി തുടങ്ങുമെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം വടക്കൻ കേരളത്തിൽ ഇന്നുമുതൽ മഴ ശക്തിപ്പെട്ടു തുടങ്ങും.