kerala rain update 16/07/24: മഴ തുടരും; വീടിൻ്റെ ചുവർ ഇടിഞ്ഞ് അമ്മയും മകനും മരിച്ചു, കണ്ണൂരിൽ വെളളക്കെട്ടിൽ വീണ് വീട്ടമ്മ മരിച്ചു

kerala rain update 16/07/24: മഴ തുടരും; വീടിൻ്റെ ചുവർ ഇടിഞ്ഞ് അമ്മയും മകനും മരിച്ചു, കണ്ണൂരിൽ വെളളക്കെട്ടിൽ വീണ് വീട്ടമ്മ മരിച്ചു

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തുടരുകയും മറ്റൊരു ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുകയും ചെയ്യുന്ന സാഹചര്യത്തിലും കേരളത്തിൽ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. മഴക്കൊപ്പം ചില ഇടങ്ങളിൽ പെട്ടെന്നുള്ള കാറ്റും ഉണ്ട്. ഈ സാഹചര്യം ഇന്നും തുടരുമെന്ന് Metbeat Weather ലെ നിരീക്ഷകർ പറഞ്ഞു.

നിലവിലെ അന്തരീക്ഷ സ്ഥിതി

തെക്കൻ ഒഡീഷയ്ക്ക് മുകളിലായി ന്യൂനമർദ്ദം (low pressure area) നിലനിൽക്കുന്നുണ്ട്. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ വരെയായി ന്യൂനമർദ്ദപാത്തി (Trough) സ്ഥിതി ചെയ്യുന്നുണ്ട്. മൺസൂൺ പാത്തിയും (monsoon trough) മഴയ്ക്ക് അനുകൂലായാണ് സ്ഥിതി ചെയ്യുന്നത്. ഇതിനാലാണ് മഴ തുടരുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ സ്വാധീനം

കേരളത്തോടൊപ്പം തമിഴ്നാട്ടിലും കർണാടകയിലും ഗോവയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും മഴ തുടരുകയാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഗൂഡല്ലൂർ പ്രദേശങ്ങളിൽ ഏതാനും ആഴ്ചകൾക്കു മുമ്പ് കനത്ത മഴയെ തുടർന്ന് പ്രാദേശിക പ്രളയം (local flood) ഉണ്ടായിരുന്നു. ഈ മേഖലയിൽ ശക്തമായ മഴ ഇന്നലെയും ലഭിച്ചു. ചാലിയാർ പുഴയുടെ ഉത്ഭവ പ്രദേശങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു.

മഴക്കെടുതി : മൂന്നു മരണം

കണ്ണൂരില്‍ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടം. പാലക്കാട്ട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീട്ടില്‍ ഉറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ട്. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവരാണ് ഇടിഞ്ഞു വീണത്.

ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവര്‍ ഇടിഞ്ഞു വീണത്. എന്നാല്‍, അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാൻ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

കേരളത്തിൽ പലയിടത്തും തീവ്രമഴ

നിലമ്പൂർ മേഖലയിലും വിവിധ ഇടങ്ങളിൽ തീവ്രമഴ റിപ്പോർട്ട് ചെയ്തു. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരുടെ മഴമാപിനികളിലെ റിപ്പോർട്ട് പ്രകാരം കുറ്റ്യാടി മലയോര മേഖലയിലെ മതിലയത്ത് 22.1 സെ.മി, ബാണാസുര സാഗർ അണക്കെട്ടിൽ 22.6 സെ.മി, വയനാട് ലക്കിടിയിലെ സുഗന്ധഗിരിയിൽ 21.4 കുഞ്ഞോ മിൽ 22.4 സെ.മി മഴ രേഖപ്പെടുത്തി.

നീലഗിരി മേഖലയിൽ പെയ്ത മഴയുടെ അളവ് Data: Humes wayanad

അരീക്കോട് ചാത്തയിലൂർ, ആഡ്യൻപാറ, കരുവാരക്കുണ്ട് തുടങ്ങിയ നിലമ്പൂർ പർവത മേഖലയിലെ താഴ്‌വാര പ്രദേശങ്ങളിൽ 48 മണിക്കൂറിൽ 17.5 സെൻ്റിമീറ്ററിൽ കൂടുതൽ മഴ വിവിധ ഇടങ്ങളിലായി രേഖപ്പെടുത്തി.

വ്യാപക മഴക്കെടുതികൾ

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മൂന്നാർ ഗ്യാപ്പ് റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ലോവർ പെരിയാർ വൈദ്യുതി നിലയത്തിലേക്ക് കഴിഞ്ഞ ദിവസം പുലർച്ചെ വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകൾ തകർന്നു.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയർ ഫോഴ്‌സും ഹൈവേ പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ച് മാറ്റി. കുറ്റ്യാടി ചുരം റോഡിൽ മരം വീണതിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

കാരന്തൂരിൽ മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്ന നിലയിൽ

കോഴിക്കോട് കാരന്തൂരിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ പലയിടത്തും മരം വീണു വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീടുകൾക്കും നാശനഷ്ടമുണ്ടായി. കനത്ത മഴയില്‍ ആലുവ ശിവ ക്ഷേത്രവും വെള്ളത്തിൽ മുങ്ങി.

വീടുകൾക്ക് നാശനഷ്ടം

കനത്ത മഴയിലും കാറ്റിലും കണ്ണൂരിലും കോഴിക്കോട്ടും കാസർകോട്ടും വീടുകൾ തകർന്നു. പലയിടത്തും വൈദ്യുതി പോസ്റ്റുകൾ തകർന്നു. മരങ്ങൾ കടംപുഴകി വീണു. ഇടുക്കിയിൽ രാവിലെ മുതൽ മഴ മാറി നിൽക്കുന്നുണ്ട്.വടക്കൻ കേരളത്തിൽ മഴ രാവിലെയും തുടരുമെന്നും എന്നാൽ തെക്കൻ ജില്ലകളിൽ ഉച്ചവരെ ഇടവേളകൾ ഉണ്ടാകും എന്നും Metbeat Weather പറഞ്ഞു.

ലോവർപെരിയാർ പദ്ധതി പ്രദേശത്തെ വൈദ്യുതി നിലയത്തിൽ ഇന്നലെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. പാറക്കല്ലുകൾ വീണ് രണ്ട് ഫീഡറുകൾ തകർന്നു. കല്ലാർകുട്ടി, പാമ്പ്ല അണക്കെട്ടുകൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്നു. മണ്ണിടിഞ്ഞും മരം വീണും ഉണ്ടായ ഗതാഗത തടസം പുനഃസ്ഥാപിച്ചു.

പത്തനംതിട്ട ജില്ലയിലും ഇന്നലെ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. പന്തളത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി പോസ്റ്റുകളും മരങ്ങളും വീണു. പമ്പയിൽ ജലനിരപ്പുയർന്നതോടെ അരയാഞ്ഞിലിമൺ കോസ് വേ മുങ്ങി.

കഴിഞ്ഞ 24 മണിക്കൂറിൽ വയനാട്ടിലെ പഞ്ചായത്ത്‌ അടിസ്ഥാനത്തിലുള്ള മഴയുടെ ശരാശരി അളവ്(മി.മീ)

വയനാട്ടിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്. പുൽപ്പള്ളിയിൽ വീടിന്റെ മുറ്റത്തോട് ചേര്‍ന്ന 50 അടി താഴ്ച്ചയുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു. താഴെയങ്ങാടി ചേലാമഠത്തില്‍ തോമസിന്റെ വീട്ടിലെ കിണറാണ് തകര്‍ന്നത്. പുൽപ്പള്ളിയിൽ കാറ്റിലും മഴയിലും വര്‍ക്ക് ഷോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് നാശനഷ്ടമുണ്ടായി. പുളിയംമാക്കല്‍ അരുണിന്റെ താഴെയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എ.വി.എ മോട്ടോഴ്സിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്.

ആലുവ ശിവക്ഷേത്രം മുങ്ങി

ഇന്ന് പുലർച്ചെ 5.05 നാണ് കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങിയത്. ഈ വർഷം ഇത് ആദ്യമായാണ് ക്ഷേത്രം മുങ്ങുന്നത്. ആലുവ ശിവക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ശിവഭഗവാൻ സ്വയം ആറാടുന്നതായാണ് ഇത് കണക്കാക്കുന്നത്.

മലപ്പുറം ജില്ലയിലെ വടശ്ശേരിയിൽ റോഡിന് കുറുകെ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. എടവണ്ണ അരീക്കോട് റോഡിലാണ് മരം വീണത്. വൈദ്യുതി ലൈനും തകർന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

അ‌‌ഞ്ച് ജില്ലകളിൽ ഇന്ന് ഓറ‌ഞ്ച് അലർട്ട്

സംസ്ഥാനത്ത് പരക്കെ മഴ ശക്തം. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അ‌‌ഞ്ച് ജില്ലകളിൽ ഇന്ന് ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment