ഇടുക്കിയില്‍ രാത്രി നിരോധനം, പെരിങ്ങല്‍കുത്ത് ഡാം തുറന്നു, പാംബ്ല തുറക്കും
മധ്യ, തെക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ അതിരപ്പിള്ളി, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റര്‍ എത്തി. 424 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഇക്കാരണത്താല്‍ ചാലക്കുടി പുഴയുടെ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഇടുക്കി ജില്ലയിലെ കല്ലാര്‍ക്കുട്ടി, പാബ്ല ഡാം എന്നിവ തുറക്കുന്നതിന് ഇടുക്കി ജില്ലാഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഈ ഡാമുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്.
മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
ഇടുക്കി ജില്ലയില്‍ മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ രാത്രി യാത്ര നിരോധിച്ചു ജില്ലാ ഭരണകൂടം ഉത്തരവായി. രാത്രി ഏഴുമണി മുതല്‍ രാവിലെ ആറുമണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴ, കാറ്റ് കോടമഞ്ഞ്, മണ്ണിടിച്ചില്‍ എന്നിവ ഉള്ളതിനാലുമാണ് രാത്രി യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.