ഇന്നും നാളെയും മഴ ശക്തം, ഇന്നത്തെ മഴ പ്രദേശങ്ങള്‍ അറിയാം
കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതര്‍. മഴക്കൊപ്പം മിന്നല്‍ സാധ്യതയും ശക്തമായ കാറ്റുമുണ്ടാകും. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയും മഴ പ്രതീക്ഷിക്കണം. വടക്കന്‍ ജില്ലകള്‍ക്കൊപ്പം തെക്കന്‍ കേരളത്തിലും മഴ ലഭിക്കാനാണ് സാധ്യത. മഴ സാധ്യതാ പ്രദേശങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.
ഗുജറാത്ത് മുതല്‍ കേരള തീരം വരെ തുടരുന്ന ന്യൂനമര്‍ദപാത്തിയാണ് മഴക്ക് കാരണം. വടക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇവ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും കാലവര്‍ഷം സജീവമാക്കി നിര്‍ത്തും. ഇന്നലെ രാത്രി മുതല്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ രാത്രിയും പുലര്‍ച്ചെയും ശക്തമായ മഴയും കാറ്റുമുണ്ടായി. വടക്കന്‍ കേരളത്തോടൊപ്പം തീരദേശ കര്‍ണാടക, കൊങ്കണ്‍, മഹാരാഷ്ട്ര, ഗുജറാത്ത് വരെയുള്ള മേഖലകളിലും മഴ കനക്കാന്‍ ഇടയാക്കും.
ഇന്നും നാളെയും വടക്കന്‍ കേരളത്തെ പരക്കെയെന്നോണം മഴ ലഭിക്കും. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും. മധ്യകേരളത്തില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലും തെക്കന്‍ കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലും മഴ ശക്തിപ്പെടും.
ന്യൂനമര്‍ദ സാധ്യത
ഈ സീസണിലെ ന്യൂനമര്‍ദങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ജൂലൈ 15 ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത. ഇതോടെ മഴ ജൂലൈ പകുതിയോടെ കൂടുതല്‍ ശക്തിപ്പെട്ടേക്കും. ബംഗാള്‍ ഉള്‍ക്കടലിനൊപ്പം പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലും ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളുമുണ്ടാകും.
ഇന്നത്തെ മഴ സാധ്യതാ പ്രദേശങ്ങള്‍
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, പേരാവൂര്‍. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, കൊപ്പം, പട്ടാമ്പി, ഒറ്റപ്പാലം, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത്, ചാലക്കുടി, എറണാകുളം ജില്ലയിലെ അങ്കമാലി, പിറവം, മലയാറ്റൂര്‍, പെരുമ്പാവൂര്‍, കോതംമംഗലം, മൂവാറ്റുപുഴ, ഇടുക്കിയിലെ നേര്യമംഗലം, തൊടുപുഴ, മുട്ടം, ചേപ്പുപ്പുകുളം, പത്തനംതിട്ട ജില്ലയിലെ ഉഴവൂര്‍, ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം ജില്ലയിലെ പാല, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കുണ്ടറ, പത്തനാപുരം എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് ഇടിയോടെ മഴ സാധ്യത.
രാത്രിയില്‍ കോഴിക്കോട്, അത്തോളി, ചാലിയം, മുക്കം, കൊടുവള്ളി, കുന്നമംഗലം, മാവൂര്‍, മലപ്പുറം ജില്ലയിലെ ഓമാനൂര്‍, മഞ്ചേരി, കക്കോവ്, കാക്കഞ്ചേരി, അരീക്കോട്, കാവനൂര്‍, കൊളപ്പുറം, ചെട്ടിപ്പടി, മലപ്പുറം, പട്ടിക്കാട്, വെട്ടിച്ചിറ, പെരിന്തല്‍മണ്ണ, കൊളത്തൂര്‍, വളാഞ്ചേരി, മേലാറ്റൂര്‍ ഇടിയോടെ മഴ സാധ്യത. രാത്രി പാലക്കാട് ജില്ലയിലും വ്യാപക മഴ സാധ്യതയുണ്ട്. രാത്രിയില്‍ കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും ഇടിയോടെ മഴ ലഭിക്കും.
അതിനിടെ, കേരള തീരത്തും, തമിഴ്‌നാട് തീരത്തും 08-07-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.