ഓണക്കാലം ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർ ഓണത്തിന് ദുരിതത്തിലാണ്. കനത്ത മഴ അവരുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. കോഴിക്കോട് ജില്ലയില്‍ മാവൂര്‍, കുറ്റിക്കാട്ടൂര്‍, കാക്കൂര്‍, പെരുവയല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതല്‍ നെല്‍കൃഷി ചെയ്യുന്നത്. ഈ ഭാഗങ്ങളിലെ വയലുകളില്‍ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. 25 ഹെക്ടറില്‍ കര്‍ഷകര്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തണ്ടിന് ബലം കൂടിയയിനം വിത്താണ് കൃഷി ചെയ്യുന്നത്. ചെറിയ മഴയിലും വെള്ളക്കെട്ടിലും ഇവ പെട്ടന്ന് നശിക്കില്ല. എന്നാല്‍ ദിവസങ്ങളോളം വെള്ളംകെട്ടി നിന്നാല്‍ കൃഷി നശിക്കും. താഴ്ന്ന പ്രദേശങ്ങള്‍ ആയതിനാല്‍ ഇവിടങ്ങളില്‍ പെട്ടെന്ന് വെള്ളം കയറും. കാറ്റില്‍ നേന്ത്രവാഴകള്‍ നിലംപതിച്ചതോടെ വിപണിയില്‍ നേന്ത്രക്കുലയ്ക്ക് ക്ഷാമമുണ്ട്. ഓണവിപണി ലക്ഷ്യമാക്കി വിളവിറക്കിയ 4,285 കര്‍ഷകരുടെ 137.37 ഏക്കറിലെ 608.82 കോടി രൂപയുടെ കൃഷിയാണ് ഇത്തവണ മഴയില്‍ നശിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ കര്‍ഷകരുടെ പ്രതീക്ഷയും അസ്തമിച്ചു. ഓണക്കാലത്ത് ശര്‍ക്കരവരട്ടി, വറുത്തുപ്പേരി എന്നിവയ്ക്ക് വന്‍തോതില്‍ നേന്ത്രക്കുലകള്‍ ആവശ്യമാണ്. കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ ഒടിഞ്ഞുവീണ മൂപ്പെത്താത്ത കുലകള്‍ തുച്ഛമായ വിലയ്ക്ക് വിറ്റൊഴിവാക്കി. പ്രതികൂല കാലാവസ്ഥയായില്‍ ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായെന്ന് പെരുവയലിലെ കര്‍ഷകനായ ജയപ്രകാശ് പറഞ്ഞു. ഓണം മുന്നില്‍ കണ്ട് ഒന്നര ഏക്കറിലാണ് ഇദ്ദേഹം കൃഷിയിറക്കിയത്. പയര്‍, കയ്പ, പടവലം, മത്തന്‍, വെണ്ട, ചീര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. കനത്ത മഴയില്‍ ഉല്‍പാദനം കുറഞ്ഞത് ഇത്തവണത്തെ പ്രതീക്ഷകള്‍ തകര്‍ത്തു.