kerala weather 27/04/24 : മൂന്നു ജില്ലകളില്‍ താപ തരംഗം. എന്താണ് താപ തരംഗം, ഇന്നത്തെ മഴ സാധ്യത
കേരളത്തില്‍ മൂന്നു ജില്ലകളില്‍ ഇന്നും നാളെ (ഞായര്‍) താപ തരംഗ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് താപ തരംഗം (Heat waves ) മുന്നറിയിപ്പുള്ളത്. ഇന്നലെ പാലക്കാട് ജില്ലയില്‍ ഈ സീസണില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് താപ തരംഗം സ്ഥിരീകരിച്ചിരുന്നു.
സാധാരണയേക്കാള്‍ 4.9 ഡിഗ്രി ചൂട് കൂടിയാല്‍ താപതരംഗം സ്ഥിരീകരിക്കാനാകും. ഇന്നലെ പാലക്കാട്ട് സാധാരണയേക്കാള്‍ 5.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പാലക്കാട്ട് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ചൂട്.
എന്താണ് താപ തരംഗം ?
സമതല പ്രദേശങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ദിവസം 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില രേഖപ്പെടുത്തുകയും അതോടൊപ്പം സാധാരണയില്‍ നിന്ന് 4.5 ഡിഗ്രിയോ അതില്‍ കൂടുതലോ രേഖപ്പെടുത്തുകയോ ചെയ്്താല്‍ ഉഷ്ണ തരംഗം സ്ഥിരീകരിക്കാനുള്ള മാനദണ്ഡം പൂര്‍ത്തിയാകും. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഇന്നലെയാണ് റെക്കോര്‍്ഡ് ചൂട് പാലക്കാട്ട് റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ചയും പാലക്കാട്ട് 41.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. അന്നും ഈ സീസണില്‍ ആ ദിവസം ലഭിക്കേണ്ട സാധാരണ ചൂടിനേക്കാള്‍ 4.9 ഡിഗ്രി കൂടുതലായിരുന്നു ഇത്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് പാലക്കാട് കഴിഞ്ഞാല്‍ ചൂടേറിയ മറ്റൊരു ലൊക്കേഷന്‍. പുനലൂരില്‍ ഇന്നലെ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. സാധാരണയേക്കാള്‍ 3.7 ഡിഗ്രി കൂടുതലാണിത്.
കണ്ണൂര്‍ വിമാനത്താവളം 38.2 ഡിഗ്രിയും തൃശൂര്‍ ജില്ലയിലെ വെള്ളിനിക്കരയില്‍ 37.9 ഡിഗ്രിയിലും കോഴിക്കട് തീരദേശം 37.5 ഡിഗ്രിയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 37 ഡിഗ്രി താപനിലയുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ഇവിടെ മാത്രമാണോ ഇത്രയും ചൂട്
പാലക്കാട്ടും പുനലൂരിലും മാത്രമാണോ കൂടുതല്‍ ചൂട് അതിലേറെയോ അത്ര തന്നെയോ ചൂടുള്ള പ്രദേശങ്ങളും കേരളത്തില്‍ ഇല്ലേ എന്ന സംശയം നിങ്ങള്‍ക്കുണ്ടാകും. ഇത് ശരിയാണ്. പക്ഷേ ചൂട് ഔദ്യോഗികമായി അളക്കാനുള്ള സംവിധാനം ഈ പറഞ്ഞ ലൊക്കേഷനുകളിലേ ഉള്ളൂ. അതാണ് അവിടത്തെ കണക്ക് പുറത്തുവരുന്നത്. പാലക്കാടിനേക്കാള്‍ ചൂടുള്ള പ്രദേശം ഉണ്ടാകാം. പക്ഷേ അളവ് അറിയാന്‍ സംവിധാനം ഇല്ലെന്നു മാത്രം.
ഇന്ന് മഴ സാധ്യതയുണ്ടോ
കഴിഞ്ഞ ദിവസത്തെ മെറ്റ്ബീറ്റ് ന്യൂസിന്റെ കാലാവസ്ഥാ പ്രവചനത്തില്‍ ഇന്നലെ മുതല്‍ മെയ് 3 വരെ കേരളത്തില്‍ മഴ കുറയുമെന്ന് പ്രവചിച്ചിരുന്നു. ചൂട് കൂടുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ ചൂടു കൂടുകയും മഴ കുറയുകയും ചെയ്തു. ഇന്നും സമാന രീതിയിലാണ് സ്ഥിതി. എങ്കിലും ഒറ്റപ്പെട്ട മഴ ഇന്ന് തെക്കന്‍ കേരളത്തില്‍ പ്രതീക്ഷിക്കാം.
എവിടെയാണ് സാധ്യത
ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി, തൃശൂര്‍ വരെയുള്ള ജില്ലകളുടെ ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്. ഇടത്തരം മഴയോ ചാറ്റല്‍ മഴയോ പ്രതീക്ഷിച്ചാല്‍ മതി. വടക്കന്‍ കേരളത്തില്‍ ഇന്നും വരണ്ട കാലാവസ്ഥ തുടരും.
കാലാവസ്ഥ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം
FOLLOW US ON GOOGLE NEWS