അൻപോടെ കേരളം; തമിഴ്നാടിന് പ്രളയ ദുരിതാശ്വാസവുമായി കേരളത്തിന്റെ ആദ്യ ലോഡ് തിരുനെൽവേലിയിൽ എത്തി

അൻപോടെ കേരളം; തമിഴ്നാടിന് പ്രളയ ദുരിതാശ്വാസവുമായി കേരളത്തിന്റെ ആദ്യ ലോഡ് തിരുനെൽവേലിയിൽ എത്തി

ചക്രവാത ചുഴിയെ തുടർന്ന് പ്രളയം നേരിടുന്ന തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെ ജനങ്ങൾക്ക് സഹായവുമായി കേരള സർക്കാർ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അൻപോടെ കേരളം എന്ന പേരിൽ ആപ്ദ മിത്രാ, സിവിൽ ഡിഫൻസ് വളണ്ടിയമാരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തു നിന്ന് സഹായ വസ്തുക്കളുമായി ആദ്യ ലോഡ് തിരുനൽവേലിയിൽ എത്തിച്ചത്. കേരള ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസ് വാഹനത്തിൽ ആദ്യ ലോഡ് തിരുനെൽവേലിയിലെ കളക്ഷൻ സെന്ററിൽ ഇന്ന് പുലർച്ചയോടെ എത്തിച്ചു.

അടുത്ത ദിവസങ്ങളിലും കൂടുതൽ ലോഡ് ദുരിതാശ്വാസ വസ്തുക്കൾ തമിഴ്നാട്ടിൽ എത്തിക്കും. അഞ്ച് ഇരട്ടി സഹായം കൂടി നൽകാനാണ് ഉദ്ദേശിക്കുന്നത്.

2018ലെ പ്രളയകാലത്ത് കേരളത്തെ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സഹായിച്ചിരുന്നു. ഇപ്പോൾ തമിഴ്നാട് പ്രളയക്കെടുതി നേരിടുകയാണെന്നും അവർക്ക് ആവശ്യമായ വസ്തുക്കൾ നൽകി സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ദുരിതാശ്വാസ സംഭരണം ത്വരിതപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു അഭ്യര്‍ഥിച്ചു.

കുടുംബത്തിന് ഒരു കിറ്റ് എന്ന രീതിയിലാണ് ദുരിതാശ്വാസ വസ്തുക്കൾ അയക്കുന്നത്. 250 കിറ്റാണ് ആദ്യ ലോഡിൽ പോയത്. താഴെപ്പറയുന്ന വസ്തുക്കൾ ആണ് ഒരു കിറ്റിൽ ഉൾപ്പെടുത്തിയത്.

  1. പൊന്നി അരി/White Rice – 5 കിലോ/kg
  2. തുവര പരിപ്പ്/Thoor dal – 1 കിലോ/kg
  3. ഉപ്പ്/Salt – 1 കിലോ/kg
  4. പഞ്ചസാര/Sugar – 1 കിലോ/kg
  5. ഗോതമ്പു പൊടി/Wheat Flour – 1 കിലോ/kg
  6. റവ/Rava – 500 ഗ്രാം/gms
  7. മുളക് പൊടി/Chilli Powder – 300 ഗ്രാം/gms
  8. സാമ്പാര്‍ പൊടി/Sambar Powder – 200 ഗ്രാം/gms
  9. മഞ്ഞള്‍ പൊടി/Turmeric Powder – 100 ഗ്രാം/gms
  10. രസം പൊടി/Rasam Powder – 100 ഗ്രാം/gms
  11. ചായപ്പൊടി/Tea Powder – 100 ഗ്രാം/gms
  12. ബക്കറ്റ്/Bucket -1
  13. സോപ്/Soap – 1
  14. ടൂത്ത് പേസ്റ്റ്/Tooth paste – 1
  15. ടൂത്ത് ബ്രഷ്/Tooth Brush – 4
  16. ലുങ്കി/Lungi – 1
  17. നൈറ്റി/Nighty – 1
  18. തോര്‍ത്ത്/towel – 1
  19. സനിറ്ററി പാഡ്/Sanitary Pad – 2 പാക്കെറ്റ്/Packe
  20. Bed sheet (Jamikkalam type) – 1

250 പാക്കറ്റ് എണ്ണ/Sunflower Oil
512 കപ്പ്/Bathing Cup
408 ബോട്ടില്‍ വെള്ളം (1 ലിറ്റര്‍)/Packaged Drinking water

ഇന്ന് രണ്ട് ലോഡ് കിറ്റ് കൂടി തമിഴ്നാട്ടിലേക്ക് അയക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് തമിഴ്നാട്ടിലെ പ്രളയ ബാധിതർക്കായി ദുരിതാശ്വാസ സഹായം എത്തിച്ചുനൽകാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് എന്നിവ കളക്ഷൻ സെന്ററുകളായി പ്രവർത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിരുന്നു. വിദ്യാർഥികളും യുവാക്കളും അടക്കമുള്ളവരാണ് അവശ്യസാധനങ്ങൾ പാക്ക് ചെയ്യുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തുന്നത്.

അവശ്യ സാധനങ്ങൾ ഒരു കിറ്റായും അല്ലാതെയും കളക്ഷൻ സെന്ററുകളിൽ എത്തിക്കാം. സഹായം നൽകാൻ താൽപര്യമുള്ളവർ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമായി കളക്ഷൻ സെന്ററുകളിൽ എത്തിച്ചാലും സ്വീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 89439 09038, 97468 01846.
കൂടുതൽ വിവരങ്ങൾക്ക് 1070 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment