അവധിക്കാലം ചില്ലാക്കാം; ഈ സ്ഥലങ്ങളിലൂടെ

അവധിക്കാലം ചില്ലാക്കാം; ഈ സ്ഥലങ്ങളിലൂടെ

പരീക്ഷ കഴിഞ്ഞു അവധിക്കാലം തുടങ്ങി. ഇനി കുട്ടിപ്പട്ടാളത്തെയും കൂട്ടി ഒരു ചിൽ യാത്രയാകാം. ഡിസംബര്‍ മാസം മുഴുവന്‍ ആഘോഷ ദിവസങ്ങളാണ്. പുതുവര്‍ഷവും അടുത്തു തന്നെ വരുന്നതിനാല്‍ ഈ അവധിക്കാലം കളറാക്കാം.

മൂന്നാർ

ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച എസ്റ്റേറ്റുകളും, വെള്ളച്ചാട്ടവും എല്ലാത്തതിലുമുപരി കോടമഞ്ഞിന്റെ സാന്നിദ്ധ്യവുമാണ് മൂന്നാറിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത് ആയിരങ്ങളാണ്. ട്രെക്കിംഗിനും മറ്റ് സാഹസിക വിനോദ പരിപാടികള്‍ക്കും മൂന്നാറില്‍ അവസരമുണ്ട്. മൂന്നാര്‍ ടോപ് സ്റ്റേഷനും മാട്ടുപെട്ടി ഡാമുമൊക്കെ സഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളാണ്.

മൂന്നാറിലെ ഏറ്റവും പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രം ഇരവികുളത്തെ ദേശീയോദ്യാനമാണ്.മൂന്നാറില്‍ നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് ഇരവിക്കുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി ഇരവികുളത്താണ്. സമുദ്ര നിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണിത്. ദേശീയോദ്യാനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ള പ്രദേശമാണ് രാജമല. സ്വകാര്യ വാഹനങ്ങള്‍ക്ക് ഉദ്യോനത്തിലേക്ക് പ്രവേശനമില്ല. വനംവകുപ്പിന്റെ വാഹനത്തില്‍ സഞ്ചാരികളെ വരയാടുകളുടെ ആവാസ വ്യവസ്ഥയിലേക്ക് കൊണ്ടു പോകും.

അതീവ ശ്രദ്ധയോടെയാണ് ഈ പ്രദേശം വനംവകുപ്പ് സംരക്ഷിച്ചുവരുന്നത്.നാഷണല്‍ പാര്‍ക്കിനെ മൂന്ന് പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെയാണ് ഡിവിഷന്‍. സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കുന്ന രാജമല, ടൂറിസം ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യരുമായി വളരെ അടുത്തിടപെടുന്ന വരയാടുകളെ തൊട്ടടുത്ത് കാണാം. ഇവയ്ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും കഴിയും. വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ ഇരവികുളം സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്. വരയാടുകളുടെ ഗര്‍ഭകാലമായതിനാല്‍ ഈ സമയം ഉദ്യാനം അടച്ചിടും.മൂന്നാറില്‍ നിന്ന് എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ദേവികുളത്ത് എത്തിച്ചേരാം.

ഇതും സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ്. തണുപ്പ് കാലത്ത് ധാരാളംപേര്‍ ഇവിടെ വന്നു പോകാറുണ്ട്. ഫോട്ടോഗ്രാഫിക്കും ട്രെക്കിങ്ങിനും അനുയോജ്യമായ സ്ഥലം കൂടിയാണിവിടം. കുണ്ടല തടാകം, ആനയിറങ്കല്‍ തടാകം, പള്ളിവാസല്‍ വെള്ളച്ചാട്ടം തുടങ്ങിയവ പ്രധാന കാഴ്ച്ചകളാണ്. താമസസൗകര്യങ്ങള്‍ക്ക് മൂന്നാറില്‍ ഒരു കുറവും വരില്ല. നിരവധി റിസോര്‍ട്ടുകളും എസ്‌റ്റേറ്റുകളും മൂന്നാറിലുണ്ട്. തേയിലത്തോട്ടങ്ങളുടെ പച്ചപ്പിനിടയില്‍ തങ്ങി പിറ്റേന്ന് നല്ലൊരു സൂര്യോദയ കാഴ്ച്ചയും കാണാം. ഡിസംബറില്‍ മൂന്നാറിലെ താപനില പൂജ്യത്തിനടുത്തെത്താറുണ്ട്.

കുമരകം

കുട്ടനാട് മേഖലയുടെ ഭാഗമായി വേമ്പനാട് കായലിന്റെ കിഴക്കേ അറ്റത്ത് ചിതറിക്കിടക്കുന്ന ഒരു ദ്വീപസമൂഹമാണ് കുമരകം. അതിമനോഹരമായ ഈ പ്രദേശത്തെ ചെറിയ തുരുത്തുകള്‍ അവിസ്മരണീയ അനുഭവങ്ങളാകും സമ്മാനിക്കുക. പ്രസിദ്ധമായ നെഹ്രു ട്രോഫി വള്ളംകളിക്ക് ആതിഥേയത്വം വഹിക്കുന്ന വേമ്പനാട് കായലിന്റെ ഏറ്റവും സുന്ദരമായ ഭാഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നയിടമാണ് കുമരകം. രുചികരമായ കായല്‍ വിഭവങ്ങളും സമുദ്രവിഭവങ്ങളും മറ്റ് തനത് ഭക്ഷണങ്ങളും ഒക്കെ ഇവിടെ അനുഭവിക്കാം. ഉന്മേഷകരമായ കടല്‍ത്തീരങ്ങളും പ്രകൃതിഭംഗി ആസ്വദിച്ചുള്ള അലസ നടത്തങ്ങള്‍, സൈക്കിളിംഗ് അല്ലെങ്കില്‍ ബോട്ടിംഗ് എന്നിവയ്‌ക്കൊക്കെ ഇവിടെ അവസരമുണ്ട്.

ആലപ്പുഴ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നാണ് ആലപ്പുഴ. കൈത്തോടുകളും നദികളും വേമ്പനാട് കായലിനും അറബിക്കടലിനും ഇടയിലുള്ള ആലപ്പി, ഒരു ക്യാന്‍വാസിലെ ചിത്രമെന്നപ്പോലെ അഥിമനോഹരമാണ്. സര്‍റിയല്‍ ദ്വീപുകള്‍, ഉഷ്ണമേഖലാ പച്ചപ്പ്, കാറ്റിലുയുന്ന തെങ്ങിന്‍ തലപ്പുകള്‍, സുന്ദരമായ തുരുത്തുകളിലെ ഗ്രാമങ്ങള്‍, ചുറ്റിപിണഞ്ഞു കിടക്കുന്ന ജലപാതകള്‍, ശാന്തവും മനോഹരവുമായ കടല്‍ത്തീരങ്ങള്‍, ആഡംബര ഹൗസ് ബോട്ടുകള്‍ എന്നിവയാല്‍ ഇവിടം അതിശയപ്പെടുത്തും.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment