10 വര്‍ഷമായി മുടങ്ങിക്കിടന്ന മണല്‍ വാരല്‍ പുനരാരംഭിക്കുന്നു; പ്രളയത്തിന് ആശ്വാസം, പുഴ മരിക്കുമോ?

10 വര്‍ഷമായി മുടങ്ങിക്കിടന്ന മണല്‍ വാരല്‍ പുനരാരംഭിക്കുന്നു; പ്രളയത്തിന് ആശ്വാസം, പുഴ മരിക്കുമോ?

കേരളത്തിൽ 10 വര്‍ഷമായി മുടങ്ങിക്കിടന്ന മണല്‍ വാരല്‍ പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മാർച്ച് മുതൽ നദികളിൽനിന്ന് മണൽവാരൽ ആരംഭിക്കാൻ വ്യാഴാഴ്ച ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മാര്‍ഗനിർദേശങ്ങള്‍ ഉടൻ പുറത്തിറക്കും.

മലപ്പുറം ജില്ലയിലെ മൂന്ന് കടവുകളിലാണ് മാര്‍ച്ച് അവസാനത്തോടെ മണല്‍വാരല്‍ തുടങ്ങുന്നത്. ഈ വര്‍ഷംതന്നെ എല്ലാ നദിയിലും മണല്‍വാരല്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു.

ഹരിത ട്രൈബ്യൂണൽ മാർഗനിർദേശപ്രകാരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) അംഗീകരിച്ച അംഗീകൃത ഏജൻസി ജില്ലതല സർവേ നടത്തി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുഴകളിൽ നിന്ന് മണൽ എടുക്കുന്നത് മഴക്കാലത്ത് പ്രളയ സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. മണൽ നിറഞ്ഞ പുഴകളിൽ വെള്ളത്തിന് ഒഴുകാൻ സ്ഥലമില്ലാതെ തൊട്ടടുത്ത പറമ്പുകളിലേക്ക് കയറുകയാണ് ഇപ്പോൾ.

നേരത്തെ ഇതു സംബന്ധിച്ച കരട്ബിൽ തയാറാക്കാൻ നിയമസെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉപസമിതിക്ക് രൂപംനൽകിയിരുന്നു. നിയമത്തിൽ മാറ്റം വന്നാൽ ആറ്റുമണൽ ലഭ്യത എളുപ്പമാവും. എം. സാൻ്റിനും മറ്റും അമിതവില നൽകേണ്ടിവരുന്നത് ഒഴിവാക്കാനുമാകും. പരിസ്ഥിതി വാദം ഉയർത്തി പുഴകളിൽ നിന്ന് മണലെടുപ്പ് നിരോധിക്കാൻ അനുകൂല റിപ്പോർട്ട് നൽകി ക്വാറി മാഫിയകൾക്ക് വേണ്ടി ഉദ്യോഗസ്ഥർ പ്രവർത്തിച്ചു എന്ന ആക്ഷേപവും നിലനിന്നിരുന്നു. വീണ്ടും മണലുടുപ്പ് തുടങ്ങുന്നതോടെ ഈ പരാതിക്കും പരിഹാരമാവുകയാണ്.

നിയന്ത്രിത മണലെടുപ്പ് പുഴക്ക് നല്ലത്

അതേസമയം, നിയന്ത്രിത തോതിൽ മണൽ എടുക്കുന്നത് പുഴക്കോ പരിസ്ഥിതിക്കോ ദോഷം ചെയ്യില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഡാമുകളിൽ നിന്നും ഇത്തരത്തിൽ മണലെടുപ്പ് നടത്തണം. നിർമാണ പ്രവർത്തനങ്ങൾക്കുള്ള ചെലവ് കുറയുകയും ചെയ്യും. പുഴ മണലെടുപ്പ് കുറയുന്നതോടെ പശ്ചിമഘട്ടങ്ങളിലെ മലനിരകൾ നശിപ്പിക്കപ്പെടുന്നത് വർദ്ധിക്കുകയും അതുമൂലം ഉരുൾപൊട്ടൽ ഭീഷണി കൂടുകയുമാണ്.

പശ്ചിമഘട്ടത്തിന് ആശ്വാസം

പുഴ മണലിന് പകരം പാറ പൊടിച്ചു ഉണ്ടാക്കുന്ന എം സാൻഡ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഇത് മൂലം പശ്ചിമഘട്ടങ്ങളിലെ പലനിരകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ലൈസൻസ് ഉള്ളവയും ഇല്ലാത്തവയുമായി നൂറുകണക്കിന് ക്വാറികളാണ് പ്രവർത്തിക്കുന്നത്. ലൈസൻസ് ഉള്ളവ തന്നെ അനുവദിക്കപ്പെട്ടതിനേക്കാൾ പലമടങ്ങ് ഖനനം നടത്തുന്നു. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ക്വാറികളുമായി നേരിട്ടും അല്ലാതെയും ഉള്ള ബന്ധം കാരണം നടപടികളും എങ്ങുമെത്താറില്ല.

നിയമം തെറ്റായി വ്യാഖാനിച്ചാൽ ദോഷം

ഇപ്പോൾ പുഴ മണൽ വീണ്ടും എടുക്കാനുള്ള തീരുമാനം ഉണ്ടെങ്കിലും ഈ നിയമം തെറ്റായി വ്യാഖ്യാനിച്ചാൽ അത് പുഴകളുടെ നാശത്തിനും വഴിവയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. നേരത്തെ അനിയന്ത്രിത മണൽ വാരൽ കാരണം നെയ്യാറിന്റെ തീരമിടിഞ്ഞത് അടക്കുള്ള ദുരന്തങ്ങൾ മലയാളി കണ്ടതാണ്. ഇതിന് സമാനമായ ദോഷം പുതിയ നിയമം കൊണ്ടു വരുമോ എന്ന ആശങ്കയും ശക്തമാണ്.

അച്ചൻകോവിൽ, പമ്പ, മണിമല, പെരിയാർ, മൂവാറ്റുപുഴ, ഭാരതപ്പുഴ (സ്ട്രെച്ച് ഒന്നുമുതൽ മൂന്നുവരെ), കടലുണ്ടി, ചാലിയാർ, പെരുമ്പ, വളപട്ടണം, ശ്രീകണ്ഠാപുരം, മാഹി, ഉപ്പള, മൊഗ്രാൽ, ഷിറിയ, ചന്ദ്രഗിരി (പാർട്ട് 2) എന്നീ നദികളിൽ നിന്നും ഉടൻ മണൽ വാരാൻ കഴിയുന്ന തരത്തിൽ തീരുമാനം ഉണ്ടാകും. എന്നാൽ 14 നദികളിൽ മൂന്ന് വർഷത്തേക്ക് മണൽ എടുക്കൽ നിരോധിക്കുകയും ചെയ്യും. പാരിസ്ഥിതി വശങ്ങൾ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, മീനച്ചിൽ, കരുവന്നൂർ, ചാലക്കുടി, കീച്ചേരി, ഗായത്രിപ്പുഴ, കബനി, കുറ്റ്യാടി, വള്ളിത്തോട്. ചന്ദ്രഗിരി (പാർട്ട് 1) എന്നീ നദികളിൽ മൂന്ന് കൊല്ലത്തേക്ക് മണൽ വാരലുണ്ടാകാൻ ഇടയില്ലെന്നാണ് സൂചന.

സർക്കാറിന് വരുമാനം കൂടും

കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് 2001 ലെ നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം ഭേദഗതിചെയ്യാനാണ് കേരളത്തിന്റെ നീക്കം. ഹൈക്കോടതി വിധിയെ തുടർന്നാണ് കേരളത്തിലെ നദികളിൽനിന്ന് മണൽവാരുന്നത് നിരോധിച്ചത്. മണൽവാരൽ അനുവദിക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം ഉയരുമെന്നത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് ആശ്വാസവുമാകും. ഇതെല്ലാം മുന്നിൽക്കണ്ടാണ് നിയമഭേദഗതി അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽചേർന്ന യോഗം തീരുമാനിച്ചത്.

കേന്ദ്രത്തിന്റെ പുതിയ നിർദേശപ്രകാരം ജില്ലാതല സർവേ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി മാത്രമേ മണൽവാരലിന് അനുമതി നൽകാനാകൂ. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ നദിക്കും വെവ്വേറേ പാരിസ്ഥിതികാനുമതിയും തേടണം. തുടർന്ന് മണൽ ഖനനപദ്ധതി തയാറായാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കടവുകൾ ലേലംചെയ്ത് നൽകാനാകും. ഇത് പുതിയ വരുമാന മാർഗ്ഗമായി മാറുകയും ചെയ്യും.

മാഫിയകളെ ശ്രദ്ധിക്കണം

എന്നാൽ വൻ മാഫിയകൾ ഇതിന്റെ പേരിൽ ആറ്റുമണൽ കടത്തും മറ്റും നടത്താനും സാധ്യതയുണ്ട്. അതുകൊണ്ട് കർശന നിരീക്ഷണങ്ങൾ ഉറപ്പാക്കി വേണം അന്തിമാനുമതികൾ നൽകാൻ.

32 നദികളിലെ മണൽശേഖരത്തിന്റെ വിലയിരുത്തലാണ് (സാൻഡ് ഓഡിറ്റിങ്) പൂർത്തിയായത്. ഇതിൽ 17-ൽ മണൽ നിക്ഷേപം കണ്ടെത്തി. പാരിസ്ഥിതിക അനുമതിയോടെ ഇവിടെ നിയന്ത്രിത അളവിൽ മണൽവാരാമെന്നാണ് ശുപാർശ. 14 നദികളിൽ മൂന്നുവർഷത്തേക്ക് മണൽവാരൽ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഈ പട്ടിക അന്തിമമാക്കിയിട്ടില്ല. ഇതും ഉടൻ തയ്യാറാകും.

ജി.പി.എസിലൂടെ നദികളുടെ മാപ്പിങ് നടത്തിയാണ് മണൽശേഖര വിലയിരുത്തൽ തുടങ്ങുന്നത്. പിന്നീട് നദീതടത്തിൽ അടിഞ്ഞ മണൽ, എക്കൽ എന്നിവയുടെ തോത് ഉപഗ്രഹ സർവേയിലൂടെ നിർണയിക്കും. ഫെബ്രുവരി-മെയ്‌ മാസങ്ങളിൽ നേരിട്ടുള്ള പരിശോധനയും നടത്തും. പുഴയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെ ഒട്ടും ഗൗനിക്കാതെ നടന്ന പഴയ മണലൂറ്റ്, പുഴകളുടെ നാശത്തിന് കാരണമായി എന്ന വസ്തുത മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും ജാഗ്രത അനിവാര്യതയാണ്.

പുഴകളുടെ അടിത്തട്ടിൽ നിന്നുവരെ മണൽ പോയതോടെ ചെളി ബാക്കിയാകുകയും പുഴയിൽ വന്മരങ്ങൾ വരെ വളർന്നുവന്നു. ഇതോടെ പുഴ കാടായി മാറി. മണൽ ഇല്ലാതായതോടെ പുഴയിൽ വെള്ളം നിൽക്കാതെ കടലിലേക്ക് ഒഴുകിപ്പോയി. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. ഇതോടെ പുഴയോരങ്ങൾ പോലും വരൾച്ചയുടെ പിടിയിലകപ്പെട്ടു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് മണൽ വാരൽ പൂർണമായും നിറുത്തിയതോടെയാണ്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം മണൽകൊള്ളയ്ക്ക് വഴിവച്ചാൽ പരിസ്ഥിതിയെ ദുർബലമാക്കുമെന്ന ചർച്ചയും സജീവമാണ്.

ഇടനിലക്കാരുടെ ഇടപെടലാണ് ഭരണ കേന്ദ്രങ്ങളിൽ സ്വാധീനിച്ച് ഇത്തരം മണൽ കൊള്ളക്ക് ഇടയാക്കുന്നത്. അത് അനിയന്ത്രിതമായ മണലെടുപ്പിലേക്കും പുഴയെ വീണ്ടും നശിപ്പിക്കുന്ന നിലയിലേക്കും വളരാനുള്ള സാദ്ധ്യതയും നിലനില്ക്കുന്നുണ്ട്. വിദഗ്ധ സമിതി നിർദേശിച്ച അളവിനേക്കാൾ കൂടുതൽ മണൽ വാരൽ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. ഇല്ലെങ്കിൽ പുഴകൾ വീണ്ടും നാശത്തിലേക്ക് പോകും.

പുഴയിലൂടെ ഒഴുകുന്ന വെള്ളം വേഗത്തിൽ കടലിലെത്തുന്നത് തടയുന്നതിൽ മണൽത്തരികൾക്ക് വലിയ പ്രാധാന്യമുണ്ട്. മണൽ വാരൽ വ്യാപകമാകുന്നതോടെ പുഴയിലെ ഒഴുക്ക് വർദ്ധിച്ച് വെള്ളം എളുപ്പത്തിൽ കടലിലെത്തുന്നു. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നിയന്ത്രിതമായ രീതിയിലായിരുന്നു മുമ്പ് മണൽ നീക്കം ചെയ്തിരുന്നത്. നിർമ്മാണ ആവശ്യങ്ങൾക്കായി പഞ്ചായത്തുകൾ പാസുകൾ നൽകി ഓരോ മണൽ കടവുകളിൽ നിന്നും പരിമിതമായ അളവിലാണ് മണൽ എടുത്തിരുന്നത്. പക്ഷേ, പിന്നീടിത് അനിയന്ത്രിതമായി. ഇതോടെ മണൽ വാരൽ വലിയൊരു വ്യാപാരമായി മാറുകയും മണൽ മാഫിയ തഴച്ചുവളരുകയും ചെയ്തു. പുതിയ നീക്കം ഈ മാഫിയയ്ക്ക് വീണ്ടും സുവർണാവസരം ആകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം.

© Metbeat News

പരിസ്ഥിതി, കാലാവസ്ഥ വാർത്തകൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment