ഉത്തരാഖണ്ഡിലെ ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐ.എസ്.ആർ.ഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം വർധിക്കുന്നതായും സൈനിക കേന്ദ്രവും തീർഥാടന കേന്ദ്രങ്ങളും ഉൾപ്പെടെ ഭൂമി താഴ്ന്നു പോകുമെന്നും ഉപഗ്രഹം ഉപയോഗിച്ചുള്ള റിമോർട്ട് സെൻസിംഗ് പഠനം കണ്ടെത്തി. 630 കി.മീ ഉയരത്തിൽ ഭൂമിയെ നിരീക്ഷിക്കുന്ന കാർട്ടോസാറ്റ് ഉപഗ്രഹ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പഠനത്തിന് ഉപയോഗിച്ചത്. നാസയുടെ എർത്ത് ഒബ്സർവേഷൻ ഉപഗ്രഹങ്ങളും ജോഷിമഠിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്.
ISRO ഉപഗ്രഹ നിരീക്ഷണ പ്രകാരം 2022 ഡിസംബർ 27 മുതൽ ഈവർഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റീമീറ്റർ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയിൽനിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി താഴ്ന്നുപോയതിന്റെ വേഗത കൂടിയത്.
ഐ.എസ്.ആർ.ഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണ് (എൻ.ആർ.എസ്.സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഐ.എസ്.ആർ.ഒയുടെ കാർട്ടോസാറ്റ് – 2എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്.
സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാണ്. ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞു താഴും. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നു. വിശദ റിപ്പോർട്ട് ഉടനടി ഭൗമശാസ്ത്ര മന്ത്രാലയത്തിന് സമർപ്പിക്കും.