കേരളത്തിൽ രണ്ടാഴ്ചയായി കൊടുംചൂടായിരുന്നു. ഇനി ചൂടിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങുമെന്നാണ് മെറ്റ്ബീറ്റ് വെതർ പ്രവചിക്കുന്നത്. വേനൽ മഴയും ഈമാസം 20 ന് ശേഷം ലഭിച്ചു തുടങ്ങും. അതുവരെ കേരളത്തിന്റെ കിഴക്കൻ വനമേഖലകളിലും മലയോരങ്ങളിലും വൈകിട്ട് ഒറ്റപ്പെട്ട വേനൽമഴ ലഭിക്കും. അതിനിടെ, ചൂടിന്റെ കാരണം എന്ത് എന്ന രീതിയിൽ ചർച്ച സജീവമാണ്. സൗദി അറേബ്യയിലെയും ആഫ്രിക്കയിലെയും ഉഷ്ണക്കാറ്റാണ് കേരളത്തെ ബാധിച്ചത് എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. ശരിക്കും ചൂടു കൂടാൻ ഇടയാക്കിയത് എന്താണ്. അതേ കുറിച്ചാണ് ഇന്നത്തെ സ്‌പെഷൽ റിപ്പോർട്ട്.
സൗദിക്കു മുകളിൽ ഉഷ്ണക്കാറ്റുണ്ടോ?
ആദ്യം ഇപ്പോൾ സൗദിക്കും പശ്ചിമേഷ്യക്കും മുകളിൽ ഉഷ്ണതരംഗമോ ഉഷ്ണക്കാറ്റോ ഇല്ലെന്ന് മാത്രമല്ല അവിടെ ഇപ്പോൾ മധ്യധരണ്യാഴി (മെഡിറ്ററേനിയൻ കടൽ) നിന്നുള്ള ഈർപ്പം നിറഞ്ഞ ശൈത്യക്കാറ്റായ പശ്ചിമവാതം ( Wtseern Dtsiurbance) സ്വാധീനവും ഉണ്ട്. അതിനാലാണ് കഴിഞ്ഞ ഒരാഴ്ചയായി സൗദിയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും ആലിപ്പഴ വർഷവും ഉണ്ടായത്. അത് ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട രീതിയിലെങ്കിലും തുടരും. ഈ സിസ്റ്റം ദുർബലമായിരുന്നു എന്ന് ഇന്ന് നമ്മൾ metbeatnews website ൽ അപ്‌ഡേറ്റ് ചെയ്തിരുന്നത് കണ്ടിരുക്കുമല്ലോ. അതിനാൽ കേരളത്തിലേക്ക് വരാൻ അവിടെ ഉഷ്ണക്കാറ്റില്ല.
പിന്നെ എന്താണ് ചൂടിന് കാരണം
അറബിക്കടലിൽ അതിമർദം രൂപപ്പെട്ടതാണ് ചൂടിന് കാരണം എന്ന് ഒറ്റവാക്കിൽ പറയാം. ഫെബ്രുവരി പകുതിയോടെ കേരളത്തിൽ വേനൽകാലാവസ്ഥക്ക് അനുകൂലമായ അന്തരീക്ഷമാറ്റം ഉണ്ടായിരുന്നു. കാറ്റിന്റെ പാറ്റേൺ ഉൾപ്പെടെയുള്ള മാറ്റങ്ങൾ ദൃശ്യമാകുമ്പോഴും സ്ഥായിയായി നിലനിൽക്കുമ്പോഴുമാണ് കാലാവസ്ഥാ പരമായി ഋതുമാറി എന്ന് പറയാനാകുക. കലണ്ടറിലെ മാസവും തിയതിയും മാറുന്നതല്ല കാലാവസ്ഥാ നിരീക്ഷകർ നോക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം വടക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ഒരു അതിമർദം രൂപപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റ് അന്ന് കേരളത്തിൽ എത്താൻ ഇതു കാരണമായി. ഫെബ്രുവരി അവസാനത്തോടെ കേരളത്തിൽ, വടക്കൻ ജില്ലയായ കണ്ണൂരിൽ ചൂട് 40 കടന്നു. കണ്ണൂർ വിമാനത്താവളത്തിലാണ് 40 ഡിഗ്രിക്ക് മുകളിൽ അന്ന് താപനില രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ ഇത് അപൂർവമായിരുന്നു. എന്നാൽ അറബിക്കടലിൽ അതിമർദം രൂപപ്പെടുന്നത് അപൂർവ സംഭവമൊന്നുമല്ല.
ഏപ്രിലിൽ ചൂട് കൂടിയോ?
ഫെബ്രുവരി, മാർച്ച് മാസങ്ങളെ അപേക്ഷിച്ച് ഒന്നോ രണ്ടോ ഇവന്റുകളിൽ അല്ലാതെ ഏപ്രിലിൽ വലിയ തോതിൽ ചൂട് കൂടി എന്നു പറയാനാകില്ല. ഏപ്രിലിൽ കഴിഞ്ഞ ആഴ്ച 40 ഡിഗ്രിക്ക് മുകളിൽ 12 സ്റ്റേഷനുകളിലും 42 ഡിഗ്രിക്ക് മുകളിൽ 3 സ്റ്റേഷനുകളിലും ചൂട് രേഖപ്പെടുത്തി. അതിന് കാരണം അറബിക്കടലിലെ അതിമർദവും കേരളം ഈർപ്പ രഹിതമായതുമാണ്. ഏപ്രിലിൽ നമുക്ക് കടുത്ത ചൂട് അനുഭവപ്പെട്ട സമയത്ത് സൗദി അറേബ്യയിൽ നല്ല മഞ്ഞുവീഴ്ചയും മഴയുമായിരുന്നു. സൗദി തബൂക്കിലെ റോഡിൽ നിന്ന് ജെ.സി.ബി ഉപയോഗിച്ച് മഞ്ഞു നീക്കം ചെയ്യുന്നതിന്റെ വാർത്തയും ചിത്രവും ഈ വെബ്‌സൈറ്റിൽ തന്നെയുണ്ട്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉത്തരേന്ത്യയിൽ നേരത്തെ മുകളിൽ സൂചിപ്പിച്ച പശ്ചിമവാതം എത്താറുണ്ട്.
തുർക്കി, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ജമ്മു കശ്മിർ, ഡൽഹി, ഹിമാചൽപ്രദേശ് തുടങ്ങി മധ്യ പ്രദേശ് വരെയും ചിലപ്പോൾ അൽപം തെക്കോട്ടും ഈ പശ്ചിമവാതത്തിന്റെ സ്വാധീനമുണ്ടാകാറുണ്ട്. അതിനാൽ ചൂട് അധികം കൂടാതെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും പിടിച്ചു നിൽക്കും. എന്നാൽ ഇത്തവണ അതിമർദം ഇതിനെ തടസപ്പെടുത്തി. സൗദിയിൽ പറഞ്ഞതുപോലെ ആഫ്രിക്കയിലും ചൂട് കേരളത്തേക്കാൾ കുറവാണ്. അതിനാൽ അവിടെ നിന്ന് കാറ്റ് എത്തിയാൽ കേരളത്തിൽ ചൂട് കുറയുകയാണ് ചെയ്യുക. ഇതിൽ നിന്നു തന്നെ ചൂട് കൂടാൻ കാരണം ആഫ്രിക്കയിൽ നിന്നും സൗദിയിൽ നിന്നുമുള്ള ഉഷ്ണക്കാറ്റാണെന്ന വാർത്ത തെറ്റാണ് എന്ന് വ്യക്തം. അവിടെ ഉഷ്ണമുണ്ടെങ്കിലല്ലേ ഉഷ്ണക്കാറ്റുണ്ടാകൂ.
ഉണ്ടായത് ഹീറ്റ് ഡോം
പടിഞ്ഞാറ് അറബിക്കടലിൽ നിന്നും കിഴക്ക് ബംഗാൾ ഉൾക്കടലിൽ നിന്നും കാറ്റ് കയറാത്ത അവസ്ഥയാണ് കഴിഞ്ഞ ആഴ്ചകളിൽ കേരളത്തിനു മുകളിൽ ഉണ്ടായത്. ഉത്തരേന്ത്യയിലെ കാറ്റിന്റെ സർക്കുലേഷനും ഈ സ്ഥിതി ഉണ്ടാക്കി. ഇതോടെ ഹീറ്റ് ഡോം എന്നറിയപ്പെുന്ന അവസ്ഥയുണ്ടാക്കി. മെയ്മാസത്തിൽ ഇടക്കിടെ അഞ്ചോ ആറോ ദിവസം നീണ്ടു നിൽക്കുന്ന ഹീറ്റ് ഡോം ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ അത് രണ്ടാഴ്ച വരെ നീണ്ടു. അതാണ് വറച്ചട്ടിയിലെന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചതെന്നാണ് മെറ്റ്ബീറ്റ് വെതർ സ്ഥാപകൻ വെതർമാർ കേരള പറയുന്നത്.
മഴ എപ്പോഴെത്തും?
ഏപ്രിൽ 20 വരെ മഹാരാഷ്ട്ര മുതൽ കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ അഗസ്ത്യകൂടം വരെയുള്ള മേഖലകളിൽ ചൂട് കൂടിത്തന്നെ തുടരുമെന്ന് ഞങ്ങളുടെ സീനിയർ വെതർ ഫോർകാസ്റ്റ് കൺസൽട്ടന്റ് അഭിലാഷ് ജോസഫ് പറയുന്നു. 20 ന് ശേഷം കേരളത്തിൽ വേനൽ മഴ എല്ലാ ഭാഗത്തേക്കും ലഭിച്ചു തുടങ്ങും. 24 ന് ശേഷം വ്യാപകമായ വേനൽമഴക്ക് അന്തരീക്ഷം മാറുമെന്നും അദ്ദേഹം പറഞ്ഞു. എൽനിനോ മൺസൂൺ കാലത്ത് ശക്തിപ്പെടുന്നതോടെ, അടുത്ത വേനലിലാണ് ഇതിന്റെ എഫ്ക്ടുകൾ അനുഭവേദ്യമാകുക. അടുത്ത വർഷത്തെ വേനൽ അതികഠിനമാകുമെന്നും മഴവെള്ള സംഭരണം ഉൾപ്പെടെ വേണമെന്നും അദ്ദേഹം പറഞ്ഞു.
എൽനിനോ വാച്ച് എല്ലാ വിദേശ കാലാവസ്ഥാ ഏജൻസികളും നൽകിയിട്ടുണ്ട്. മൺസൂൺ ആദ്യപാദത്തിൽ തന്നെ എൽനിനോ സജീവമാകും. എങ്കിലും ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പോസിറ്റീവിൽ തുടരുന്നതിനാൽ ഇത്തവണത്തെ വേനൽമഴയിൽ കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചതുപോലെ വലിയ കുറവിന് സാധ്യതയില്ലെന്ന് മെറ്റ്ബീറ്റ് വെതറിലെ ഓഷ്യനോഗ്രാഫർ ഡോ.സി.പി അബ്ദുല്ല പറഞ്ഞു. നിലവിൽ പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തെ താപനില സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇന്ത്യൻ മൺസൂണിന്റെ രണ്ടാം പാദത്തിൽ മഴ കുറയുമോയെന്ന ആശങ്കയുണ്ടെന്നും ഇക്കാര്യത്തിൽ അടുത്ത ആഴ്ചകളിലെ നിരീക്ഷണം കൂടി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.