kerala weather 31/01/24: തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത
കേരളത്തിൽ ഇന്ന് ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ സാധ്യത. തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിക്കാൻ സാധ്യത. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് മഴ സാധ്യത എന്ന് Metbeat Weather പറയുന്നു. എന്നാൽ എവിടെയും വ്യാപക മഴ പ്രതീക്ഷിക്കരുത്. ഉണക്കാൻ ഇട്ട നാണ്യവിളകൾ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ എടുത്തു സൂക്ഷിക്കുന്നതാണ് ഉചിതം.
ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലയിൽ ആണ് മഴ സാധ്യത. തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ ഇന്ന് ആകാശം ഭാഗിക മേഘാവൃതം ആയിരിക്കാനും സാധ്യതയുണ്ട്. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിലും ഇന്ന് നേരിയ ചാറ്റൽ മഴക്ക് സാധ്യത.
ഇന്നത്തെ അന്തരീക്ഷ സ്ഥിതി
കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റു അന്തരീക്ഷ ഘടകങ്ങൾ ഒന്നും നിലവിലില്ല. ഇടുക്കി, പത്തനംതിട്ട, വയനാട്, അഗളി , അട്ടപ്പാടി, മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ രാത്രി വൈകിയും പുലർചെയും അതിരാവിലെയും ശൈത്യം വർദ്ധിക്കും. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും തണുപ്പുണ്ടാവും.
ഊട്ടിയിലും കൊടൈക്കനാലിലും 6- 3 ഡിഗ്രി വരെ താപനില താഴാനാണ് സാധ്യത. കേരളത്തിലെ ചില മലയോര പ്രദേശങ്ങളിലും താപനില ഗണ്യമായി കുറയും.
പകൽ ചൂട് കൂടും. കേരളത്തിൻ്റെ ഇടനാട് പ്രദേശങ്ങളിൽ പകൽ ചൂട് വർദ്ധിക്കും. തീരദേശത്തും കിഴക്കൻ മേഖലയിലും താരതമ്യേന ചൂട് കുറവായിരിക്കും. മലപ്പുറം ജില്ല മുതൽ കൊല്ലം ജില്ല വരെയുള്ള ഇടനാട് പ്രദേശങ്ങളിലാണ് ചൂടു കൂടുക. 36 മുതൽ 37 ഡിഗ്രി വരെ താപനില ഇവിടെ പ്രതീക്ഷിക്കാം. തീരദേശത്തുനിന്ന് 10- 15 കിലോമീറ്റർ കഴിഞ്ഞുള്ള ഭാഗമാണ് ഇടനാടായി പരിഗണിക്കപ്പെടുന്നത്. നാളെ ഈ പ്രദേശങ്ങൾക്കൊപ്പം കണ്ണൂർ കോഴിക്കോട് ജില്ലകളിലേക്കും ചൂട് വർദ്ധിക്കും.