ഇന്തോനേഷ്യയിൽ ഭൂചലനം: 56 മരണം, 700 പേർക്ക് പരുക്ക്

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 56 മരണം. ജാവ ദ്വീപിലാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 700 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 300 വീടുകൾ തകർന്നു.


പടിഞ്ഞാറൻ ജാവയിലെ സിയാൻചർ ടൗണിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴെയാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുടർ ചലനത്തിന് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. 25 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശം മണ്ണിടിച്ചിലിനു സാധ്യതയുള്ള മേഖലയാണ്. ദുർബലമായ വീടുകളാണ് ഇവിടെയുള്ളത്. ഇതാണ് മരണസംഖ്യ വർധിപ്പിച്ചത്. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണെന്നും മരണ സംഖ്യ കൂടാൻ ഇടയുണ്ടെന്നും ഇന്തോനേഷ്യൻ പൊലിസ് പറഞ്ഞു. നിരവധി കെട്ടിടങ്ങൾ തകർന്നുവെന്ന് നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വാർത്താ കുറിപ്പിൽ അറിയിച്ചു.

ഭൂചലന സാധ്യത കൂടിയ പ്രദേശം
പസഫിക്, യൂറേഷ്യൻ, ഇന്തോ ആസ്‌ത്രേലിയൻ ടെക്ടോണിക് പ്ലേറ്റുകളും സംഗമ മേഖലയിലാണ് ഇന്തോനേഷ്യ. പസഫിക് റിംഗ് ഓഫ് ഫയർ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇവ തമ്മിലുള്ള ഉരസലാണ് ഇന്തോനേഷ്യയെ ഭൂചലന മേഖലയാക്കുന്നത്. 2004 ൽ സുമാത്രയിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 2.26 ലക്ഷം പേർ 14 രാജ്യങ്ങളിൽ മരിച്ചിരുന്നു

Share this post

Leave a Comment